21 November 2024, Thursday
KSFE Galaxy Chits Banner 2

കോഴിക്കോട് ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തുകളായി വളയവും പെരുമണ്ണയും

Janayugom Webdesk
കോഴിക്കോട്
September 27, 2024 5:00 pm

വരുന്ന കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ശ്രമത്തിൽ മുന്നിൽ നടന്ന് കോഴിക്കോട് ജില്ല. ജില്ലയിൽ വളയം, പെരുമണ്ണ ഗ്രാമപഞ്ചായത്തുകൾ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഡിജി കേരളം പദ്ധതിയിലൂടെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. വളയം ഗ്രാമപഞ്ചായത്തിൽ 2519 പഠിതാക്കളേയും പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 2543 പഠിതാക്കളേയും സർവേയിലൂടെ കണ്ടെത്തുകയും അവർക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയിൽ പരിശീലനം നൽകുകയും ചെയ്തു.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ, സാക്ഷരത പ്രേരകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സെപ്തംബർ 26 മുതൽ ഒക്ടോബർ മൂന്ന് വരെ നീളുന്ന ഡിജി വീക്ക് ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റൽ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. 

ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷൻ തലങ്ങളിൽ വിവിധ ഏജൻസികളെ ഉൾപ്പെടുത്തി സർവേ, പരിശീലന പരിപാടികൾ ഏകോപിപ്പിക്കും. വാർഡ്, ഡിവിഷൻ തലങ്ങളിൽ വീടുകളിൽ സർവേ നടത്തി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവർക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്നതിനുള്ള പരിശീലനം നൽകുന്നതുമാണ് പദ്ധതി. ജില്ലയിൽ ഇതിനകം സർവേ നടപടികൾ 61 ശതമാനവും ഡിജിറ്റൽ പരിശീലനം 21 ശതമാനവും പിന്നിട്ടതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടർ ടി ജെ അരുൺ അറിയിച്ചു. ഒരാഴ്ചത്തെ ഡിജി വീക്ക് ക്യാമ്പയിൻ പൂർത്തിയാവുന്നതോടെ സർവേയും പരിശീലനവും 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റർ ചെയ്ത ഡിജി കേരളം വളണ്ടിയർമാരെ ഉപയോഗിച്ചാണ് സർവേ, പരിശീലനം, മൂല്യനിർണയം എന്നിവ പൂർത്തിയാക്കുന്നത്. 

ഡിജിറ്റൽ സാക്ഷരർ അല്ലാത്തവരെ കണ്ടെത്താൻ സർവേ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ വാർഡ് തലത്തിൽ ഡിജി കേരളം പോർട്ടലിൽ നൽകുന്ന വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വളണ്ടിയർമാർ സർവേ പൂർത്തിയാക്കും. ഇതിനായി നിശ്ചിത വളണ്ടിയർമാരെ വാർഡ് തലത്തിൽ ഓൺലൈൻ വഴി നിശ്ചയിച്ച് നൽകിയിട്ടുണ്ട്. തുടർന്ന് സർവേയിലൂടെ കണ്ടെത്തുന്ന ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർക്ക് പരിശീലനം നൽകും. മൂന്ന് ഘട്ടമായി അടിസ്ഥാന സാക്ഷരതയുമായി ബന്ധപ്പെട്ട 15 കാര്യങ്ങളാണ് പരിശീലനത്തിൽ പഠിപ്പിക്കുക. ഓരോ ഘട്ടവും പൂർത്തിയായാൽ ഇവരെ ഓൺലൈനായി മൂല്യനിർണയത്തിനു വിധേയമാക്കും. മൂല്യനിർണയം വിജയിക്കാൻ ഒന്നിലധികം അവസരമുണ്ടാവും. ഇവ പൂർത്തിയായാൽ ഡിജിറ്റൽ പ്രോഗ്രസ് കാർഡ് ആപ്പിൽ ലഭിക്കും. ഈ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഡിജി വീക്ക് ക്യാമ്പയിൻ വഴി ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വാർഡ് തലത്തിൽ സജ്ജമാക്കിയതായി ജോയിന്റ് ഡയരക്ടർ അറിയിച്ചു. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.