22 November 2024, Friday
KSFE Galaxy Chits Banner 2

ശുക്രനിൽ ജീവനുണ്ടോ ?

വലിയശാല രാജു
September 29, 2024 2:31 am

50 വർഷം മുൻപ് സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് അയച്ച ഉപഗ്രഹമായ കോസ്മോസ് 482 ഭൂമിയുടെ ഭ്രമണ പഥം കടക്കാനാവാതെ അവിടെ ചുറ്റിക്കറങ്ങി ഭൂമിയിലേക്ക് പതിക്കാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. 2024ൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇപ്പോൾ കണ്ടെത്തിരിക്കുന്നു. അതെന്ത് മാവട്ടെ, ചൊവ്വയിൽ മനുഷ്യകോളനി നിർമ്മിക്കാൻ ശാസ്ത്രം ഒരുങ്ങുമ്പോൾ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ ശുക്രനിൽ ജീവൻ ഉണ്ടായിക്കൂടന്നില്ലെന്ന് ശാസ്ത്രം നിഗമനത്തിലെത്തിയതും ഈ അവസരത്തിലാണ്.

ഇപ്പോൾ ഇന്ത്യയും ശുക്രപരിവേഷണത്തിന്റെ മുന്നൊരുക്കത്തിലാണ്. ഇന്നത്തെ റഷ്യയുടെ ഭാഗമായ പഴയ സോവിയറ്റ് യൂണിയാനാണ് ആദ്യം ശുക്ര പരിവേഷണം തുടങ്ങുന്നത്. വെനീറ എന്ന് പേരിട്ട പ്രൊജക്ടു‌കളാണ് അവർ ഇതിനായി വർഷങ്ങളോളം നടത്തിയത്. 1961ഫെബ്രുവരി 12ന് ആദ്യമായി ശുക്രനിലേക്ക് വെനീറ‑ഒന്ന് എന്ന പേടകം അവർ അയച്ചു. ഒരു ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ കൂടി ശുക്രനെ ചുറ്റി സഞ്ചരിക്കുന്നതായിരുന്നു വെനീറ‑ഒന്ന്. തുടർന്ന് 1966 മാർച്ച്‌ ഒന്നിന് വെനീറ ‑മൂന്ന് ശുക്രോപരിതലത്തിൽ ഇടിച്ചിറങ്ങി. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇറങ്ങുന്ന ആദ്യ മനുഷ്യ നിർമ്മിത പേടകമായിരുന്നു ഇത്. പരീക്ഷണങ്ങൾ പിന്നെയും തുടർന്നു.1967ഒക്ടോബർ 18ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് വെനീറ‑നാല് ഇറങ്ങി. ശുക്രന്റെ അന്തരീക്ഷ ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. ഇതും ശാസ്ത്ര ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു. കാരണം അതുവരെയും ഭൂമിക്ക് പുറത്ത് ഒരു ഗ്രഹത്തിന്റ അന്തരീക്ഷത്തെകുറിച്ച് നമുക്ക് അജ്ഞാതമായിരുന്നു. അങ്ങനെ വെനീറ‑നാല് ചരിത്രത്തിൽ ഇടം നേടി. ശുക്രന്റെ അന്തരീക്ഷത്തിൽ 95% വും കാർബൺഡൈ ഓക്സൈഡാണെന്ന് നമുക്ക് കാട്ടിതന്നത് വെനീറ‑നാല് ആയിരുന്നു. ഏതാണ്ട് പത്തിനധികം പരീക്ഷണങ്ങളാണ് ഈ പേടകം അവിടെ നടത്തിയത്. വെനീറ അഞ്ച്, ആറ് എന്നിങ്ങനെ 13 വരെ സോവിയറ്റ് യൂണിയൻ പേടകങ്ങളെ അയച്ച് പരീക്ഷണം നടത്തി. 1981ൽ അത് അവസാനിപ്പിച്ചു. ഇതിനിടയിൽ 1972ൽ അയച്ച വെനീറ എട്ടിന്റെ ഭാഗമായി തുടർ പരീക്ഷണത്തിന് പോയ കോസ്മോസ് 482 എന്ന പേടകമാണ് ലക്ഷ്യം തെറ്റി ഇപ്പോൾ ഭൂമിയിലേക്ക് തിരിച്ച് വരുന്നതായി പറയുന്നത്. 

ബഹിരകാശ പരീക്ഷണ രംഗത്ത് വൻ കുതിപ്പ് ഇന്നും നടത്തി വരുന്ന അമേരിക്കയുടെ ബഹിരകാശാ ഏജൻസി നാസ എന്ത് കൊണ്ടോ ഒരു ശുക്ര പരിവേഷണത്തിനും മുതിർന്നില്ല. 2017ൽ ചില ശുക്ര പരീക്ഷണങ്ങൾ അവരുടെ ഡിസ്കവറി പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും നടന്നില്ല. ഇതൊരു പാഴ് ശ്രമമെന്ന് തോന്നിയത് കൊണ്ടായിരിക്കാം. ഏതായാലും ജീവന്റെ ഒരു തെളിവും കണ്ടെത്താൻ സോവിയറ്റ് പരീക്ഷണങ്ങൾക്ക് സാധിച്ചില്ല. പിന്നീട് ഇതിന് ജീവൻ വച്ചത് 2021ൽ ഹവായിലെയും ചിലിയിലെയും രണ്ട് ദൂരദർശിനികൾ ശുക്ര ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഫോസ്ഫിൻ എന്ന (phos­phine) വാതകത്തിന്റ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ്. കാരണം ഈ വാതകം ഭൂമിയിൽ ചില സൂക്ഷ്മ ജീവികൾ സൃഷ്ടിക്കുന്നതാണ്. അങ്ങനെയെങ്കിൽ ശക്രനിലും ജീവന്റെ അംശം ഉണ്ടായിരിക്കുമല്ലോ എന്നാണ് ശാസ്ത്രം ഇപ്പോൾ പറയുന്നത്. ഇതിന് മറുവാദവുമുണ്ട്. സൗരയൂഥത്തിൽ സൂര്യന്റെ അടുത്തുള്ള ഗ്രഹം ബുധനാണ്. എന്നാൽ, ബുധനേക്കാൾ ഉപരിതല ചൂട് കൂടുതലാണ് ശുക്രനിൽ. 470 ഡിഗ്രി സെൽഷ്യസ് ചൂടാണിവിടെ. ഈ കൊടും ചൂടിൽ ഒരു ജീവനും നിൽക്കില്ലെന്ന് ശാസ്ത്രജ്ഞർ വാദിക്കുന്നു. മാത്രമല്ല ഫോസ്ഫിൻ വാതകത്തിന്റ സാന്നിധ്യം ജീവന്റെ തെളിവായി കണക്കാക്കാൻ കഴിയില്ല. കാരണം ഫോസ്ഫിൻ സൂക്ഷമ ജീവികൾ പുറപ്പെടുവിക്കുന്നത് വഴി മാത്രമല്ല ഉണ്ടാകുന്നത്. ഫോസ്ഫറസ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിമായി പ്രതിപ്രവർത്തിച്ചാലും ഫോസ്ഫീൻ വാതകം ഉണ്ടാകും. 

മൂന്ന് ഹൈഡ്രജൻ ആറ്റവും ഒരു ഫോസ്ഫറസ് ആറ്റവും ചേർന്ന തന്മാത്രയാണ് ഫോസ്ഫിൻ. ഒന്നാം ലോക മഹായുദ്ധ കാലത്ത് രാസയുധമായി ഉപയോഗിക്കാൻ രാജ്യങ്ങൾ വ്യാപകമായി ഈ വാതകം നിർമ്മിക്കപ്പെട്ടിരുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചർ ആസ്ട്രോമിയിൽ വന്ന ലേഖനം, ശുക്രനിൽ ഫോസ്ഫിൻ വാതകം കണ്ടെത്തിയത് ജീവൻ സൂക്ഷ്‌മ തലത്തിലെങ്കിലും അവിടെ ഉണ്ടെന്നതിന് തെളിവായി എടുത്ത് കാട്ടിയിരുന്നു. അതാണിപ്പോൾ വലിയ ചർച്ചക്ക് ഇടം വെച്ചത്. മാത്രമല്ല നാസയിലെ ശാസ്ത്രജ്ഞർ ഇത് ഏറ്റ് പിടിക്കുകയും ചെയ്തു. ഏതായാലും ശുക്രനിൽ ജീവന്റെ അംശം ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. തുടർ പരീക്ഷണങ്ങൾ ഉണ്ടാകാതിരിക്കില്ല. ശാസ്ത്രം അതിന്റെ കുതിപ്പ് തുടരുക തന്നെ ചെയ്യും. ഈ അവസരത്തിലാണ് നമ്മുടെ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ യും ശുക്രനിലേക്ക്‌ പേടകം അയച്ച് പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.