ഇരുപത്തിയെട്ട് വർഷം മാതൃകാപരമായി സേവനമനുഷ്ഠിച്ച പട്ടാളക്കാരനാണ് കഥാകാരൻ ടി കെ ഗംഗാധരൻ. തിരക്കിട്ട സൈനിക സേവനകാലത്തും സാഹിത്യാഭിരുചിയുടെ കനൽ കെടാതെ അദ്ദേഹം സൂക്ഷിച്ചു. ഒഴിവു കിട്ടുമ്പോഴൊക്കെ എഴുതി. 1991ൽ വിരമിച്ചശേഷം ജന്മനാടായ കൊടുങ്ങല്ലൂരിൽ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടുമ്പോഴും സർഗാത്മകരംഗത്ത് കർമ്മനിരതനായി. ജീവിത ഗന്ധിയായ കൃതികളിലൂടെ സ്വന്തമായ വായനാലോകം സൃഷ്ടിച്ചു. ഉത്തരേന്ത്യൻ സൈനിക ലാവണങ്ങളുടെ സംഘർഷഭരിതമായ കഥകൾ തുറന്നെഴുതുന്ന തൂലിക അപരിചിതമായ അനുഭവയാഥാർത്ഥ്യങ്ങൾ ഉയർത്തികാട്ടി.
സാധാരണജനതയുടെ അതിജീവനസമരങ്ങളുടെ ചൂടും വേവും ടി കെ ഗംഗാധരൻ സ്വാംശീകരിക്കുന്നു. രേഖാചിത്രത്തിലെന്നപോലെ വൈകാരിക മുഹൂർത്തങ്ങൾ വരച്ചു വെക്കുന്ന രചനാശൈലി വേറിട്ട സാമൂഹ്യപരിസരങ്ങളെയും മനോജീവിതത്തെയും ദൃശ്യമാക്കുന്നു. അരികുമനുഷ്യരുടെ ദുരവസ്ഥകളും ചരിത്ര വിപര്യയങ്ങളും പ്രവാസത്തിന്റെ വിഹ്വലതകളും പകർത്തുന്ന കൃതികൾ മലയാളഭാവുകത്തെ പുതുക്കുന്നതിൽ സ്വന്തമായ പങ്കുവഹിച്ചു. ടി കെ ഗംഗാധരന്‍ സംസാരിക്കുന്നു…
ജീവിതയാഥാർത്ഥ്യങ്ങളുടെ ചൂടുംചൂരും
*************************************
അനുഭവിക്കുകയും അറിയുകയും ചെയ്ത സംഭവങ്ങളും പരിചയപ്പെട്ട വ്യക്തികളും സ്ഥലങ്ങളുമാണ് കഥകളുടെ പശ്ചാത്തലം. ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഏടുകളാണതൊക്കെ. മഞ്ഞിലും മരുഭൂമിയിലും മഹാനഗരങ്ങളിലും കണ്ട ജീവിതമാണ് നോവലുകളിലും കഥകളിലും വിരചിതമായിരിക്കുന്നത്. കുട്ടിക്കാലത്തെ ദാരിദ്ര്യം, നിസഹായത, സ്നേഹത്തിനുവേണ്ടിയുള്ള ദാഹം — ഇതൊക്കെയാണ് എന്നെ എഴുത്തുകാരനാക്കിയത്. നാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ ഏഴ് ചെറുകഥാസമാഹാരങ്ങളും 21 നോവലുകളും മൂന്ന് അനുഭവക്കുറിപ്പുകളും മിതവാദി സി കൃഷ്ണന്റെ ജീവചരിത്രവും. അവയോരോന്നും ഒന്നു പോലെ മറ്റൊന്നാകാതിരിക്കാൻ ശ്രമിച്ചു.
നോവലുകളിലെ സൈനിക ജീവിതം
*********************************
ജീവിതമാണ് എഴുത്തിന്റെ ഭൂമിക. ജീവിതം പ്രതിജനഭിന്നവും അനുഭവങ്ങളുടെ കടലുമാണ്. അതിൽ നിന്ന് കോരിയെടുത്താണ് സാഹിത്യസൃഷ്ടികൾ നെയ്തെടുക്കുന്നത്. ബാല്യ കൗമാരത്തിലെ ഇല്ലായ്മകളും പട നിലങ്ങളിൽ അലയേണ്ടി വന്ന യൗവനവുമാണ് മിക്ക കൃതികളുടെയും ആധാരശില. ബാരക്ക്, ഏകാന്തതയുടെ പുരാവൃത്തം, വംശവൃക്ഷം, വിചാരണ എന്നീ നോവലുകളുടെ കഥാതന്തു സൈനിക ജീവിതമാണ്. ജാഫ്ന, കോഹിനൂർ, സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ, സത്യപ്രതിജ്ഞ, മുല്ലപ്പൂ പെയ്യുന്ന മുന്നാം ധ്രുവം, ശാന്തിദൂത്, എന്നീ കഥകളും ആ ഗണത്തിൽപ്പെടുന്നു പടനിലങ്ങളും പട്ടാള സുഹൃത്തുക്കളും കഥകളിൽ നിറഞ്ഞുനില്ക്കുന്നു. യുദ്ധം, സൈനികരുടെ മരണം സൃഷ്ടിക്കുന്ന ദുഃഖവും ദുരിതവും രചനകളിൽ നിന്ന് വായിച്ചെടുക്കാം. തീവ്രവും തീഷ്ണവുമാണ് സൈനികരുടെ അനുഭവം. ആകാശത്തും ഭൂമിയിലും കടലിലും ശത്രുവിനോട് മരണം വരെ യുദ്ധം ചെയ്ത് മാതൃഭൂമിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നാണ് റൈഫിളിന്റെ ബാരലിൽ തൊട്ടു ചെയ്യുന്ന സത്യപ്രതിജ്ഞ.
കൂട്ടം തെറ്റിയകുട്ടി
*****************
ഉറങ്ങാൻ പോലും സമയം ലഭിക്കാത്ത പട്ടാളക്യാമ്പിലിരുന്ന് വായിക്കുക, എഴുതുക എന്നത് പ്രയാസമാണ്. മൂന്നടി വീതിയും ആറടി നീളവുമുള്ള ചണക്കയറിന്റെ കട്ടിലാണ് പട്ടാളക്കാരന്റെ സാമ്രാജ്യം. കട്ടിലുകൾ തമ്മിൽ ചിലപ്പോൾ ഒരടി അകലം പോലും ഉണ്ടാവില്ല. വിയർപ്പുഗന്ധവും റമ്മിന്റെ മണവും പ്രണയ ഗാനങ്ങളുടെ പെരുമഴക്കവുമുള്ള ബാരക്കിൽ എഴുത്തുകാരൻ അപ്രസക്തനാണ്. ഒഴിവുസമയം പിഴിഞ്ഞെടുത്ത് കൊതുവലയ്ക്കുള്ളിൽ കുനിഞ്ഞിരുന്ന് നോട്ടുബുക്കിലാണ്
കൂട്ടംതെറ്റിയ കുട്ടി എഴുതിത്തീർത്തത്. പ്രസിദ്ധീകരിച്ചുവന്ന കുങ്കുമം വാരിക ബറ്റാലിയൻ കമാണ്ടറുടെ മുന്നിൽ ഉസ്താത് ഹാജരാക്കി. അറിയുന്ന ഹിന്ദിയിൽ ഞാൻ പരിഭാഷപ്പെടുത്തി വായിച്ചു കേൾപ്പിച്ചു. രാജ്യദ്രോഹപരമായി ഒന്നുമില്ലെന്നറിഞ്ഞപ്പോൾ കേണൽ ദയവ് കാണിച്ചു. രാത്രികൾ പാറാവിനുള്ളതാണ്. പട്ടാളക്കാർ ഉറങ്ങുമ്പോൾ എഴുതാമെന്നുവെച്ചാൽ ഡ്യൂട്ടി ഓഫീസർ സമ്മതിക്കില്ല. കൃത്യം പത്തുമണിക്ക് ലൈറ്റ് കെടുത്തി പട്ടാളക്കാർ കൊതുകു വലയ്ക്കുള്ളിലേയ്ക്ക് നുഴഞ്ഞുകൊളളണം. ഇല്ലെങ്കിൽ ബാരക്കിനു മുഴുവൻ ശിക്ഷ ഉറപ്പ്.
ബാരക് നോവലിന്റെ പശ്ചാത്തലം
*******************************
ഉത്തരേന്ത്യയിലെയും കേരളഗ്രാമങ്ങളിലെയും കാഴ്ചകളും അനുഭവങ്ങളും ഇഴ ചേർത്തെഴുതിയ നോവൽ. സൈനികരുടെ പച്ചയായ ജീവിതം ആലേഖനം ചെയ്ത വിശാലമായ ഇന്ത്യൻ ഭൂപടം. മരണവുമായി കൊമ്പുകോർക്കാൻ വിധിക്കപ്പെട്ട സൈനികരുടെ ജീവിതമെഴുത്തെന്ന് പ്രൊഫ. എം കെ സാനുമാഷ് നിരീക്ഷിക്കുന്നു. അങ്കണം, പ്രൊഫ. എം കൃഷ്ണൻനായർ, എസ് എൻ സമാജം എന്നീ അവാർഡുകൾ ബാരക്കിന് ലഭിച്ചു.
നഗരത്തെ യക്ഷിയോടുപമിച്ച കാമാത്തിപ്പുര
*************************************
നാട്ടിൽനിന്നും മുംബൈ നഗരത്തിലേയ്ക്കു ചേക്കേറിയ അപ്പുവിന്റെ ജീവിതവും മരണവുമാണതിന്റെ കഥാതന്തു. നഗരം വെട്ടിപ്പിടിക്കാനിറങ്ങി, നേട്ടങ്ങൾ കൊയ്തു, നഗര സുഖങ്ങളിൽ ആണ്ടുമുങ്ങി. സുഖലോലുപത അപ്പുവിനെ മാറാരോഗിയാക്കി. അന്ത്യം വേഗത്തിലായി. മഹാനഗരത്തിൽ ജീവിതം തേടിയെത്തുന്ന എത്ര പ്രവാസികളാണ് വിജയിക്കുന്നത്. ചേരികളിൽ വന്നടിയുന്ന ഒന്നും നേടാത്ത പ്രവാസിപോലും നഗരത്തെ പ്രണയിക്കുന്നു. രക്തവും വിയർപ്പും ഊറ്റിക്കുടിക്കുന്ന യക്ഷിയെ സുന്ദരിയായ ഒരു കാമുകിയെപ്പോലെ ഇഷ്ടപ്പെടുന്നു.
എഴുത്തിലെപ്രണയം
********************
പ്രണയം മുറിപ്പെടുത്തിയ ഹൃദയവുമായി പഞ്ചാബിലും കാശ്മീരിലും ഝാൻസിയിലും നാസിക്കിലുമുള്ള പട്ടാളബാരക്കുകളിൽ ജീവിച്ചതാണ് യൗവനം. കുട്ടിക്കാലം പരുക്കനായിരുന്നു. ബാരക്ക് ജീവിതം അസഹ്യമായിരുന്നു. ഒരാൾക്ക് ഒരിക്കലേ പ്രണയിക്കാൻ കഴിയൂ. നഷ്ട പ്രണയമാവുമ്പോൾ വിരസത തോന്നും. വസന്തത്തിൽ നിന്നും അന്യനാക്കപ്പെട്ടതുപോലെ വിരക്തനാവും. അതുകൊണ്ടായിരിക്കാം എന്റെ കഥകളും നോവലുകളും ചിത്രശലഭങ്ങളിൽ നിന്നും പൂക്കളിൽ നിന്നും നിലാവു പൂത്ത ആകാശങ്ങളിൽ നിന്നും അകന്നുപോയത്. സൈനികകഥകൾ പൂർണമായും വ്യർത്ഥമാവുന്ന അനുരാഗത്തിന്റെ ചിത്രം വരച്ചു കാണിക്കുന്നു. ലെനിൻ പ്രവ്ദ വായിക്കുന്നു എന്ന നോവലിലെ ലെനിനും വള്ളിയും, ബാരക്കിലെ ജയനും അമ്മുവും ഏകാന്തതയുടെ പുരാവൃത്തത്തിലെ ഗിരീശനും വിജയനും വിശുദ്ധമായ പ്രണയത്തിന്റെ മുന്തിരി വനങ്ങളിൽ മേഞ്ഞുനടന്നവരാണ്. ചിറക് ചിറകിനോട് ചേർത്തുപിടിച്ചവർ. ഗാനമാധുരിയിൽ വസന്തരാഗങ്ങൾ കൊരുത്തുവച്ചവർ.
പെണ്ണെഴുത്ത്
*************
പെണ്ണെഴുത്ത് ആണെഴുത്ത് എന്ന വേർതിരിവ് സാഹിത്യത്തിന് ആവശ്യമില്ല. അവിടെ സാഹിത്യവും അതിന്റെ രചയിതാക്കളും മാത്രം. മീരയുടെ ആരാച്ചാർ സ്ത്രീപക്ഷ നോവലായി കാണാൻ കഴിയില്ല. ഗോർക്കിയുടെ അമ്മ, ബഷീറിന്റെ ബാല്യകാലസഖി, ഒ ചന്തുമേനോന്റെ ഇന്ദുലേഖ, ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി, മാധവിക്കുട്ടിയുടെ മനോമി എന്നീ നോവലുകളെ സ്ത്രീകളുടെ ആന്തരിക വ്യക്തിത്വത്തെ പ്രകടനമാക്കുന്ന രചനകളായി മാത്രം കാണാൻ കഴിയുമോ. സാഹിത്യരചനകളെ ഓരോരോ കള്ളികളിൽ തളച്ചിട്ട് ചർച്ചയും അരുത്. രാമായണത്തിലെ സീതയുടെ ഏകാന്തദുഃഖം അടയാളപ്പെടുത്തിയ ചിന്താവിഷ്ടയായ സീത, ദുഃഖവിധവ കണ്ണകിയുടെ കഥ പറയുന്ന ചിലപ്പതികാരം എന്നീ കാവ്യങ്ങളും പെൺപക്ഷ രചനകളായല്ല കാണേണ്ടത്. ജീവിതം എങ്ങനെ എഴുതപ്പെട്ടു, എഴുതപ്പെടുന്നു എന്നതേ നാം നോക്കേണ്ടത്.
എഴുത്തുകാർ, കൃതികൾ
**********************
ചിലപ്പതികാരം എഴുതിയ ഇളംങ്കൊഅടികളോട്, മുത്തശി എഴുതിയ ചെറുകാടിനോട്, ഒരു ദേശത്തിന്റെ കഥ എഴുതിയ എസ് കെ പൊറ്റെക്കാടിനോട് ഇഷ്ടം. രണ്ടിടങ്ങഴിയും തോട്ടിയുടെ മകനും ചെമ്മീനും എഴുതിയ തകഴിയെ പ്രത്യേകം ആദരിക്കുന്നു. മതിലുകളും ന്റുപ്പാപ്പ ക്കൊരാനെണ്ടാർന്നും എഴുതിയ ബഷീറിന്റെ വിരലുകളിൽ സ്നേഹത്തോടെ ഉമ്മ വെയ്ക്കുന്നു.
എഴുത്തുകാരന്റെ രാഷ്ട്രീയം
***************************
അരാഷ്ട്രീയവാദിയാവരുത്. പക്വമായ രാഷ്ട്രീയ ദർശനം കൃതികളിൽ പ്രതിഫലിപ്പിച്ച തകഴി നിസ്വവർഗത്തിന്റെ ഹൃദയ വ്യഥകൾ കാവ്യാത്മകമായി പകർന്നുവച്ചു. മാനവികതയുടെ രാഷ്ട്രീയമാണത്. മുൽക്കരാജ് ആനന്ദിന്റെ കൂലി, ഗോർക്കിയുടെ അമ്മ, ചെറുകാടിന്റെ മുത്തശി, മാവോയിസ്റ്റായ രൂപേഷിന്റെ വസന്തത്തിന്റെ പൂമരങ്ങൾ, കാക്കനാടന്റ ഉഷ്ണമേഖല എന്നീ നോവലുകളും തോപ്പിൽ ഭാസിയുടെ നാടകങ്ങളിലും ചങ്ങമ്പുഴയുടെ വാഴക്കുലയിലും വർഗ രാഷ്ട്രീയമുണ്ട്.
ചലനാത്മക സമൂഹത്തിലെ സാഹിത്യം
*************************************
രാഷ്ട്രത്തിന്റെ ചലനശക്തിയെ പുഷ്കലമാക്കേണ്ട കടമ എഴുത്തുകാർക്കും കലാകാരൻമാർക്കു മുണ്ട്. ബ്രട്ടീഷ് അടിമത്തിന്റെ കാലത്താണ് നമ്മുടെ ഭാഷകളിൽ ഈടുറ്റ സാഹിത്യകൃതികൾ ഉണ്ടായത്. തമിഴിൽ സുബമണ്യഭാരതിയും ബംഗാളിൽ രവീന്ദ്രനാഥടാഗോറും ക്വാസിനസ്രുൾ ഇസ്ലാമും മലയാളത്തിൽ കുമാരാനാശാനും വള്ളത്തോളും ചങ്ങമ്പുഴയും അവരുടെ രചനാവസന്തം ആഘോഷിച്ചത് ഭാരതം സ്വാതന്ത്ര്യത്തിനുവേണ്ടി വിലപിക്കുന്ന കാലത്താണ്.
പുരോഗമന പരമായ പ്രതിഭാവിലാസം സാഹിത്യകൃതികൾക്ക് വേണം. മലയാളത്തിൽ മഹാകവിത്രയങ്ങളായ എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാർക്കും ഉണ്ണായി വാര്യർക്കും പുതിയ കാലത്ത് തകഴിക്കും കേശവദേവിനും ചെറുകാടിനുമൊക്കെ അതുണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ നെരൂദയും മാർക്വേസും ഒരേ സമയം സമരത്തിന്റെയും സാഹിത്യത്തിന്റെയും വക്താക്കളായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.