3 December 2024, Tuesday
KSFE Galaxy Chits Banner 2

ഇന്ന് ലോക ഹൃദയ ദിനം; കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം കൂടുന്നു

കരുതലേകാം ഓരോ തുടിപ്പിനും
ടി കെ അനിൽകുമാർ
September 29, 2024 6:00 am

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നു മരിക്കുന്ന യുവാവ്. വാഹന യാത്രക്കിടയിൽ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചത് ഹൃദയാഘാതം മൂലം. മാധ്യമങ്ങളിൽ തുടർച്ചയായി കാണുന്ന വാർത്തകൾ യുവാക്കളിൽ വർധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന നേർസാക്ഷ്യങ്ങളാണ്. മുൻപൊക്കെ അൻപത് വയസിന് മുകളിലുള്ളവരാണ് ഹൃദയാഘാതം വന്നു മരിച്ചിരുന്നതെങ്കിൽ കോവിഡിന് ശേഷം ഏത് പ്രായക്കാരും നിനച്ചിരിക്കാതെ മരണ വിളിക്ക് ഇരയാകുന്ന അവസ്ഥയാണ്. കോവിഡ് മഹാമാരിക്ക് ശേഷം ഹൃദയാഘാത മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് 25 നും 44 നും ഇടയില്‍ പ്രായമുള്ളവരിലാണെന്ന് ലോസ് ആഞ്ജലിസിലെ സെഡാര്‍സ് സിനായ് ആശുപത്രിയുടെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ലോകത്ത്‌ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. സമീപകാലത്ത് 20 വയസ് മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങളിലാണ്‌ ഹൃദ്രോഗം ഏറിവരുന്നത്. ഹൃദയാഘാതം കൂടുതലായി കാണുന്നത് പുരുഷന്മാരിലാണെങ്കിലും മരണ സാധ്യത കൂടുതലും സ്ത്രീകളിലാണെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. ‘പ്രവര്‍ത്തനത്തിനായി ഹൃദയം ഉപയോഗിക്കുക ‘എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് ചെറുപ്പത്തില്‍തന്നെ പലരെയും ഹൃദ്രോഗികളാക്കുന്നത്.

   വില്ലനായി ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്ത സമ്മർദ്ദം ഹൃദയാഘാതം വരാനുള്ള പ്രധാന കാരണമാണ്. രക്തം വഹിച്ചു കൊണ്ടു പോകുന്ന ധമനികളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന സമ്മര്‍ദം പരിധി വിട്ട് വര്‍ധിക്കുമ്പോൾ അത് രക്തക്കുഴലുകള്‍ പൊട്ടാനോ അവയിലൂടെയുള്ള രക്തയോട്ടം കുറയ്ക്കാനോ സാധ്യതയുണ്ട്. ഇത് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമൊക്കെ നയിക്കാം. പുതിയ തലമുറയുടെ ജങ്ക് ഫുഡിന്റെ ഉപയോഗവും ഹൃദയാഘാതം വർധിപ്പിക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പ്, കൃത്രിമ കൊഴുപ്പ് എന്നിവ ഹൃദയാഘാതത്തെ വിളിച്ചുവരുത്തുന്നു.

     പുകവലി ഉപേക്ഷിക്കേണ്ടത് അനിവാര്യം

ഹൃദയത്തെ സംരക്ഷിക്കാന്‍ പുകവലി ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. ചിട്ടയായ ഡയറ്റ് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും അനിവാര്യമാണ്.

രക്തയോട്ടത്തിന് ഭീക്ഷണിയായി ചീത്ത കൊളെസ്ട്രോൾ

ചീത്ത കൊളെസ്ട്രോൾ ആണ് മറ്റൊരു വില്ലൻ. എച്ച്‍ഡിഎല്‍, എല്‍ഡിഎല്‍ എന്നിങ്ങനെ കൊളസ്ട്രോള്‍ രണ്ട് തരത്തിലുണ്ട്. ഇതിലെ എല്‍ഡിഎല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ ചീത്ത കൊളസ്ട്രോള്‍ എന്ന് അറിയപ്പെടുന്നു. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടി ബ്ലോക്ക് ഉണ്ടാക്കുന്നത് രക്തയോട്ടത്തെ ബാധിക്കും. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് അവ നശിച്ച് പോകാന്‍ കാരണമാകും. അമിതവണ്ണം ഹൃദയാഘാതത്തിനുള്ള സാധ്യത പത്ത് മടങ്ങ് വര്‍ധിപ്പിക്കുന്നു. അമിതവണ്ണമുള്ളവരില്‍ പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ കൂടുതല്‍ രക്തം ആവശ്യമായി വരുന്നു. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തി ഹൃദയാഘാത സാധ്യതയേറ്റുന്നു. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിര്‍ന്നവര്‍ ഒരു ദിവസം 7–8 മണിക്കൂറും കുട്ടികള്‍ 8–9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.

   പ്രമേഹവും ഹൃദ്രോഗസാധ്യത കൂട്ടുന്നു

പ്രമേഹവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവയെ അകറ്റാനാന്‍ ഒരു പരിധി വരെ സഹായിക്കും. ഒപ്പം ഹൃദ്രോഗത്തെയും അകറ്റാന്‍ സഹായിച്ചേക്കാം. വിഷാദരോഗമുള്ളവരില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇത് രക്തധമനികളെ ചുരുക്കുകയും ഹൃദ്രോഗ സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ മാനസികാരോഗ്യത്തിന് ഇതിനാല്‍ തന്നെ നിര്‍ണായക സ്ഥാനമുണ്ട്.

     വ്യായാമം അനിവാര്യം

ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യണം. അത് നടത്തമോ ഓട്ടമോ എന്തും ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നീന്തൽ, അല്ലെങ്കിൽ സൈക്ലിംഗ് എന്നിങ്ങനെ നമ്മുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നാം പങ്കെടുക്കുമ്പോൾ, അത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. കാലക്രമേണ, ഇത് ഹൃദയപേശികൾ ശക്തി പ്രാപിക്കുകയും കുറഞ്ഞ പരിശ്രമത്തിൽ രക്തം പമ്പ് ചെയ്യുകയും ഹൃദയ സിസ്റ്റത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. ശാരീരിക പ്രവർത്തനങ്ങൾ നൈട്രിക് ഓക്സൈഡ് പുറത്തുവിടാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു, ഇത് മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ധമനികളുടെ മതിലുകളിൽ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.