22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രിയപ്പെട്ട ‘തപാൽ’, നിനക്ക് സുഖം തന്നെ എന്ന് വിശ്വസിക്കുന്നു

വൈഷ്ണവി ചന്ദ്ര
October 6, 2024 3:01 am

കാത്തിരിപ്പിന്റെ സുഖമുള്ള നൊമ്പരം ഓരോ കത്തിനും പറയാനുണ്ടാകും. അക്ഷരങ്ങൾ നിറച്ച നീല ഇൻലന്റിനായി ദിവസങ്ങൾ എണ്ണിക്കഴിഞ്ഞ പഴയ തലമുറയുടെ കഥ. കാലം മാറിയതോടെ കത്തുകളും മറവിയുടെ ആഴങ്ങളിലേക്ക് പതിച്ചു. ഒരുപക്ഷേ സാങ്കേതിക വിദ്യയുടെ വളർച്ച കവർന്നെടുത്തത് നമ്മളിൽ പലരുടെയും മധുരമുള്ള ഓർമ്മകൾ കൂടിയാണ്. ഇന്ന് പ്രിയപ്പെട്ടവരുടെ സുഖവും ദുഃഖവുമെല്ലാം ഞൊടിയിടയിൽ അറിയുന്ന നീല ടിക്കുകളിലേക്ക് ലോകം ചുരുങ്ങി. അപ്രതീക്ഷിതമായി കയ്യിൽ കിട്ടുന്ന കത്തുകൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെ മാധുര്യം നുണയാൻ കഴിയാതെ പോയവരാണ് നിർഭാഗ്യരായ ഇന്നത്തെ തലമുറ. ഇന്ന് സർക്കാരിന്റെ ചില ഔദ്യോഗിക അറിയിപ്പുകൾ നൽകാനുള്ള സംവിധാനം മാത്രമായി തപാലുകൾ മാറി. എന്നിരുന്നാലും എല്ലാം വർഷവും തപാലിനെ ഓർത്തെടുക്കാനുമുണ്ട് ഒരു ദിവസം, ഒക്ടോബർ ഒമ്പത്. ലോക തപാൽ ദിനം.

ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നിലും ഒരു കാരണമുണ്ട്.
1874 ഒക്ടോബർ ഒമ്പതിനാണ് അന്താരാഷ്ട്ര പോസ്റ്റൽ യൂണിയൻ നിലവിൽ വന്നത്. 1969 ടോക്യോയിൽ നടന്ന യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ വച്ചായിരുന്നു ഈ ദിവസം തിരഞ്ഞെടുത്തത്. ലോക തപാൽ ദിനാഘോഷത്തിന്റെ കരടുപ്രതി ആദ്യം അവതരിപ്പിച്ചതും ഈ ആശയം മുന്നോട്ടുവച്ചതും ഇന്ത്യക്കാരനായ ആനന്ദ് മോഹൻ നരൂലയാണ്. ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിച്ച് തപാൽ ദിനം ആചരിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരാഴ്ചയോളം നീണ്ട പരിപാടികളും തപാൽ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ബി സി 27ാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പോസ്റ്റൽ സേവന മാർഗം യാഥാർത്ഥ്യമായത്. റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറാണ് ഇത്തരമൊരും സംവിധാനത്തിന് തുടക്കമിട്ടത്. സൂക്ഷിക്കുകയെന്ന് അർത്ഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് പോസ്റ്റ്എന്ന വാക്ക് രൂപം കൊണ്ടത്. പാരീസിലാണ് ആദ്യത്തെ പോസ്റ്റ് ബോക്സ് നിലവിൽ വന്നത്.

ഫ്രഞ്ചുകാരനായ ഫ്രാൻഷ്വാ ഡി മെലായനാണ് തപാൽപെട്ടി രൂപകല്പന ചെയ്തത്. ആദ്യകാലത്ത് തപാൽപ്പെട്ടിയുടെ നിറം പച്ചയായിരുന്നു. പിന്നീട് ചുവപ്പുനിറത്തിലേക്ക് മാറ്റുകയായിരുന്നു. ‘ഠപ്പാൽ ‘എന്ന മറാഠി പദത്തിൽ നിന്നാണ് ‘തപാ’ എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യ ജീവിതത്തിൽ ഈ പേരിന് ഇത്രയും സ്വീധീനം ചെലുത്താൻ കഴിയുമെന്ന് ആരംഭ കാലത്ത് ആരും വിചാരിച്ചിട്ടുണ്ടാകില്ല. ഇന്നത്തെ മൊബൈൽ ഫോണുകൾക്കുള്ളതിനേക്കാൾ പ്രാധാന്യം പണ്ട് കാലത്ത് ഈ കൊച്ചു തപാൽപ്പെട്ടിക്ക് ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതന പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ തപാൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യവും ഇന്ത്യയാണ്. തപാലിന്റെ ആരംഭകാലത്ത് തിരിഞ്ഞു നോക്കുമ്പോൾ തിരുവിതാംകൂറിൽ നിലനിന്നിരുന്ന അഞ്ചൽ സമ്പ്രദായവും ചിലരുടെയെങ്കിലും മനസിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മയാണ്. ഔദ്യോഗിക പോസ്റ്റൽ ഓഫിസ് രൂപീകരിക്കുന്നതിനു മുമ്പ് തിരുവിതാംകൂർ‑കൊച്ചി നാട്ടുരാജ്യങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നത് അഞ്ചൽ സമ്പ്രദായം വഴിയാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് കോഴഞ്ചേരിയിൽ അഞ്ചൽ ഓഫിസ് സ്ഥാപിച്ചത്. ഇതു വഴി കത്തുകൾ മറ്റൊരാളിലേക്ക് എത്തിക്കുന്നവർ ‘അഞ്ചലോട്ടക്കാരന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.

കയ്യിൽ മണി കെട്ടിയ നീളൻ വടിയും തോളിൽ കത്തുകൾ നിറച്ച ഭാണ്ഡവുമായിട്ടായിരുന്നു അഞ്ചലോട്ടക്കാരന്റെ സഞ്ചാരം. വാഹനസൗകര്യം ഇല്ലാത്ത അക്കാലത്ത് കാൽനടയായി കിലോമീറ്ററുകൾ താണ്ടിയാണ് അഞ്ചലോട്ടക്കാർ കത്തുകൾ കൈമാറിയിരുന്നത്. പിന്നീട് പോസ്റ്റ് ഓഫിസിന്റെ വരവോടുകൂടി അഞ്ചൽ ഓഫിസ് അതിൽ ലയിക്കുകയായിരുന്നു. വൈകാതെ അഞ്ചലോട്ടക്കാർ പോസ്റ്റ് മാനെന്ന പദവിയിലുമെത്തി. മനുഷ്യവികാരങ്ങളെ അക്ഷരങ്ങളിൽ കോർത്തിണക്കി കത്തുകളായി നമ്മുടെ പഴയതലമുറയുടെ കൈകളിലെത്തിച്ച തപാൽ ഓഫിസുകൾ ചരിത്രത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. അഞ്ചൽ ഓഫിസ് വിസ്മൃതിയിലേക്ക് മറഞ്ഞതുപോലെ തപാൽ സംവിധാനവും അന്യം നിൽക്കലിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. നൂറ്റാണ്ടുകളുടെ പ്രയത്നംമൂലം വികസിപ്പിച്ചെടുത്ത വിപുലമായ തപാൽ ശൃംഖല സംരക്ഷിക്കുകയെന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.