23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

കശ്മീരില്‍ പിന്‍വാതില്‍ അധികാരത്തിന് ചട്ട ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ശ്രീനഗര്‍
October 5, 2024 11:09 pm

ജമ്മു കശ്മീരില്‍ പിന്‍വാതിലിലൂടെ നുഴഞ്ഞുകയറി അധികാരം നേടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ചട്ടഭേദഗതി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. 

യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്റ് കശ്മീര്‍ (രണ്ടാം ഭേദഗതി) ചട്ടങ്ങള്‍ 2024ലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വിപുലമായ അധികാരം നല്‍കുന്ന വിവാദ വ്യവസ്ഥ ഉള്‍പ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജൂലൈ 12ന് പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സഭയിൽ അഞ്ച് എംഎൽഎമാരുടെ മുൻതൂക്കം ബിജെപിക്ക് ലഭിക്കുന്ന തരത്തിലുള്ളതാണ് ഭേദഗതി.
നാമനിര്‍ദേശം ചെയ്യപ്പെടുന്ന എംഎൽഎമാർക്കും വോട്ടവകാശം ലഭിക്കും. ഇതോടെ സർക്കാർ രൂപീകരണത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തുല്യമായ പങ്ക് വഹിക്കാന്‍ ഇവര്‍ക്ക് സാധിക്കും. 90 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരുടെ പേരുകളും പ്രഖ്യാപിക്കും. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 95 ആയും കേവല ഭൂരിപക്ഷം 48 ആയും ഉയരും. 

2014 വരെ 87 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രണ്ട് നോമിനേറ്റഡ് വനിതാ അംഗങ്ങളും അടങ്ങുന്നതായിരുന്നു ജമ്മു കശ്മീര്‍ നിയമസഭ. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാരാണ് രണ്ട് വനിതാ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത്. ഇത്തരം അംഗങ്ങള്‍ക്ക് വോട്ടിങ് അവകാശം ഉള്‍പ്പെടെ പൂര്‍ണാധികാരങ്ങള്‍ ഉണ്ടായിരുന്നില്ല. 

പുതിയ ചട്ടപ്രകാരം കശ്മീരില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിനിധികളായി ഒരു സ്ത്രീയെയും പുരുഷനെയും നാമനിര്‍ദേശം ചെയ്യാം. പാക് അധിനിവേശ കശ്മീരിൽ നിന്ന് കുടിയേറിയ കശ്മീരി സമൂഹത്തിന്റെതായി ഒരു പ്രതിനിധിയും ഉണ്ടാകും. ഇവര്‍ക്ക് മറ്റ് എംഎല്‍എമാരെപ്പോലെ മുഴുവൻ അധികാരങ്ങളും പ്രത്യേകാവകാശങ്ങളും ഉണ്ടായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും നാമനിര്‍ദേശമെന്നും ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നു. 

കശ്മീര്‍ ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നിയമനത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്ന നിയമഭേദഗതിയും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണെന്ന് കശ്മീരി രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.