ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് മത്സരിച്ച രണ്ടിടത്തും ഉജ്വല വിജയം. ബഡ്ഗാം മണ്ഡലത്തില്‍ 18,485 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിഡിപി സ്ഥാനാര്‍ഥി ആഗ സയ്യിദ് മന്‍തസീറിനെ ഒമർ തോൽപ്പിച്ചത്. 36,010 വോട്ടുകളാണ് ഒമര്‍ അബ്ദുള്ളയ്ക്ക് ലഭിച്ചത്. മന്‍തസീറിന് 17,525 വോട്ടുകളും ലഭിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ ബഡ്ഗാമില്‍ നിന്ന് മത്സരിച്ച് വിജയിച്ചത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആഗ റൂഹുള്ളയായിരുന്നു. 2787 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് റൂഹുള്ള വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ജിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ബാരാമുള്ളയില്‍ ഒമര്‍ പരാജയപ്പെട്ടിരുന്നു.
ജനങ്ങള്‍ അവരുടെ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഓഗസ്റ്റ് 5 ലെ തീരുമാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ് ജനവിധി തെളിയിക്കുന്നത്. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
അതേസമയം ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാര്‍ത്ഥിയുമായ ഇല്‍ത്തിജ മുഫ്തി പരാജയപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബാഷിര്‍ അഹമ്മദ് ഷായായിരുന്നു ഇല്‍ത്തിജയുടെ എതിരാളി. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ പരാജയം അംഗീകരിക്കുന്നതായി ഇല്‍ത്തിജ അറിയിച്ചിരുന്നു.
കുൽഗാമില്‍ സിപിഐ(എം) നേതാവ് യൂസഫ് തരിഗാമി വിജയം നേടി. ഏഴായിരത്തിലധികം വോട്ടുകൾക്കാണ് ജയം. ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ തരിഗാമി ആധിപത്യം ഉറപ്പിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയാര്‍ അഹമ്മദ് റഷി രണ്ടാം സ്ഥാനത്തും പിഡിപി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമായി. അഞ്ചാം തവണയാണ് തരിഗാമി കുൽഗാമിൽ നിന്നും വിജയിക്കുന്നത്. ഇതിനു മുമ്പ് 1996, 2002, 2008, 2014 വർഷങ്ങളിൽ തുടർച്ചയായി കുൽഗാമിലെ ജനങ്ങൾ ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.