23 November 2024, Saturday
KSFE Galaxy Chits Banner 2

ദേശത്തെ ചേർത്തുപിടിച്ച വ്യവസായി

ജയ്സണ്‍ ജോസഫ്
October 11, 2024 4:30 am

വ്യാവസായിക സങ്കല്പങ്ങളിൽ ഇന്ത്യ എന്ന ദേശത്തെ ചേർത്തുപിടിച്ച വ്യവസായി, ടാറ്റാ ഗ്രൂപ്പ് ഇമെരിറ്റസ് ചെയർമാൻ രത്തൻ നവൽ ടാറ്റ. പാഠങ്ങൾ പഠിക്കേണ്ടത് താഴെത്തട്ടിൽനിന്നാണ് എന്ന് ഓർമ്മിപ്പിക്കുന്ന ജീവിതം. 1991ലാണ് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് രത്തൻ ടാറ്റ എത്തുന്നത്. 21 വർഷം ആ സ്ഥാനത്ത് തുടർന്നു. കച്ചവടത്തിലെ മാനവികതയും സത്യസന്ധതയും അദ്ദേഹത്തിന് എന്നും പ്രധാനപ്പെട്ടതായിരുന്നു. ഒരുലക്ഷം രൂപ മാത്രം വിലവരുന്ന ടാറ്റ നാനോ കാറിനെ അത്തരം കാഴ്ചപ്പാടിൽ വിലയിരുത്താം. സാധാരണക്കാരെയും ഇടത്തരക്കാരെയും മനസിലോർത്തുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ- അതായിരുന്നു നാനോയുടെ വിശേഷണം. കുറഞ്ഞവിലയിൽ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും കൊണ്ടുവന്നു.
ടാറ്റ ഗ്രൂപ്പിനെ ആഗോള കമ്പനിയാക്കി പടുത്തുയർത്തിയതിലുള്ള പങ്ക് വളരെ വലുതായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അമ്പതിരട്ടിവരെയും വളർന്നു. ജെആർഡി ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ ചെയർമാൻ സ്ഥാനം രത്തൻ ടാറ്റയിലേക്കെത്തുമ്പോൾ പരമ്പരാഗത വ്യവസായങ്ങളായ സ്റ്റീൽ, തേയില, രാസവസ്തു തുടങ്ങിയവയിൽ നിന്ന് അധികം മാറിയിരുന്നില്ല ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ടാറ്റ ഗ്രൂപ്പിന്റെ പരിവർത്തനത്തിന്റേതു കൂടിയാണ് രത്തൻ ടാറ്റ യുഗം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 17 മടങ്ങാണ് വർധിച്ചത്. ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇന്ന് 30 ലക്ഷം കോടി രൂപയാണ്. അദ്ദേഹത്തിന്റെ കാലയളവിൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വരുമാനം 18,000 കോടിയിൽ നിന്ന് 5.5 ലക്ഷം കോടി രൂപയായി. വിപണി മൂല്യം 30,000 കോടിയിൽ നിന്ന് അഞ്ച് ലക്ഷം കോടി രൂപയുമായി.
രാജ്യാന്തര കമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തിൽ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000ത്തിൽ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബൽ ബെവ്റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെ‌യ്‌വു മോട്ടോഴ്സ്, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികൾ നിരവധിയാണ്.
90കളിൽ ടാറ്റ മോട്ടോഴ്സിന്റെ അവസ്ഥ മോശമായപ്പോൾ പാസഞ്ചർ കാർ വിഭാഗം വിൽക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടൊരു ചർച്ചയിൽ അമേരിക്കൻ കാർ നിർമ്മാതാക്കളായ ഫോർഡ് മോട്ടോഴ്സിന്റെ ചെയർമാൻ ബിൽ ഫോർഡ് രത്തൻ ടാറ്റയെ കളിയാക്കി. ഇതോടെ അദ്ദേഹം വില്പന പദ്ധതി റദ്ദാക്കി. ടാറ്റ മോട്ടോഴ്സിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വെറും ഒമ്പത് വർഷത്തിനുള്ളിൽ ഫോർഡിന്റെ രണ്ട് ജനപ്രിയ ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ ടാറ്റ വാങ്ങി. 

2023–24 സാമ്പത്തിക വർഷത്തിൽ ടാറ്റ കമ്പനികളുടെ മൊത്തം വരുമാനം 16,500 കോടി ഡോളറാണ് (ഏകദേശം 13.85 ലക്ഷം കോടി രൂപ). 26 ലിസ്റ്റഡ് കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ളത്. 2024ൽ ഇതുവരെ ടാറ്റ ഗ്രൂപ്പ് ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 16 ലിസ്റ്റഡ് കമ്പനികളുടെ ഓ­ഹരികൾ ഇരട്ടയക്ക വളർച്ച നേടി. ടാറ്റ ഗ്രൂപ്പിനുകീഴിലുള്ള ട്രെ­ന്റ് ഓഹരിയാണ് 168 ശതമാനം വളർച്ചയുമായി മുന്നിൽ. ടിആർഎഫ്, വോൾട്ടാസ്, ഓട്ടോമൊബൈ­ൽ കോർപറേഷൻ ഓഫ് ഗോവ, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിവ 50 മുതൽ 90 ശതമാനം വരെ നേട്ടവുമായി പിന്നാലെയുണ്ട്.
ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ടിസിഎസ് അടുത്തയാഴ്ച കമ്പനിയുടെ രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവിടാനിരിക്കെയാണ് രത്തൻ ടാറ്റയുടെ വേർപാട്. ടാറ്റ ഗ്രൂപ്പിൽ നിന്ന് ഏറ്റവുമവസാനം ഓഹരി വിപണിയിലേക്ക് എത്തിയത് ടാറ്റ ടെക്നോളജീസാണ്. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ ഗ്രൂപ്പിൽ നിന്നുണ്ടായ ആദ്യ പ്രാരംഭ ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ ലിസ്റ്റിങ് നേട്ടവും ഓഹരി സ്വന്തമാക്കി.
ആറ് പതിറ്റാണ്ടോളം രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അമരക്കാരനായിരുന്ന രത്തൻ ടാറ്റ, സ്വത്ത് ആർജിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി. 30 രാജ്യങ്ങളിലായി 100ലധികം കമ്പനികളുടെ നിയന്ത്രണ ചുമതല വഹിക്കുമ്പോഴും എളിമയുള്ള ബിസിനസുകാരൻ എന്ന വിശേഷണമുള്ള രത്തൻ ടാറ്റ പക്ഷെ ഒരു കോടീശ്വര പട്ടികയിലും തന്റെ പേര് ചാർത്താൻ മുന്നിട്ടിറങ്ങിയില്ല.
1991ലാണ് ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റെടുക്കുന്നത്. ടാറ്റ കമ്പനികളുടെ പ്രൊമോട്ടറും മുഖ്യ നിക്ഷേപക കമ്പനിയുമാണ് ടാറ്റ സൺസ്. ഇതിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിന്റെ കൈവശമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കല, സാ­ഹിത്യം എന്നീ രംഗങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ട്രസ്റ്റ് പിന്തുണ നൽകുന്നത്. ടാറ്റ കമ്പനികളിലൊന്നും അധികം ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്ന ശീലം ജംഷഡ്ജി ടാറ്റയുടെ കാലം മുതലേയില്ല. അത്തരത്തിലാണ് ടാറ്റയുടെ പ്രവ­ർത്തനഘടന. ടാറ്റ സൺസിൽ നിന്ന് ലഭിക്കുന്നതിന്റെ ഭൂരിഭാഗവും ടാറ്റ ട്രസ്റ്റിനായി സംഭാവന ചെയ്യണം. ബിൽഗേറ്റ്സ് ഫൗണ്ടേഷനൊക്കെ വരുന്നതിനും എത്രയോ കാലം മുമ്പേ ടാറ്റ ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പാക്കാനും മുന്നിലായിരുന്നു രത്തൻ ടാറ്റ. അമ്പതിലധികം സ്റ്റാർട്ടപ്പുകളിലാണ് അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ളത്. സാമൂഹിക നന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപങ്ങളായിരുന്നു കൂടുതലും. മുതിർന്ന പൗരന്മാർക്ക് കൂട്ടൊരുക്കുന്ന ഗുഡ് ഫെലോസ് പോലുള്ളവ ഇതിനുദാഹരണമാണ്. സ്നാപ് ഡീൽ, ല, പേടിഎം, ഫസറ്റ്ക്രെെ, ലെൻസ്കാർട്ട്, സിവാമെ, ബ്ലൂസ്റ്റോൺ, അർബൻ ലാഡർ തുടങ്ങിയ കമ്പനികളിലും നിക്ഷേപമുണ്ട്. പല സ്റ്റാർട്ടപ്പുകളുടെയും മെന്ററുമായിരുന്നു. 

രത്തൻ ടാറ്റ ജീവിതകാലം മുഴുവൻ തനിച്ചായിരുന്നു. 2022ൽ മുതിര്‍ന്ന പൗരന്മാരെ സേവിക്കാനുള്ള സ്റ്റാർട്ടപ്പായ ഗുഡ്ഫെല്ലോസിൽ നിക്ഷേപം പ്രഖ്യാപിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു ‘ഒറ്റയ്ക്ക് ജീവിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ലേ? ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ നിങ്ങൾ നിർബന്ധിതരാകുന്നതുവരെ നിങ്ങൾക്ക് അത് മനസിലാകില്ല. നിങ്ങൾ ശരിക്കും പ്രായമാകുന്നതുവരെ ആർക്കും പ്രായമാകുമെന്ന് തോന്നില്ല’.
50 വർഷത്തെ ടാറ്റ ഗ്രൂപ്പിലെ സേവനത്തിനുശേഷം 2012ൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ രത്തൻ ടാറ്റ, ചെയർമാൻ എമിരറ്റസ് എന്ന പദവിയിൽ തുടരുകയായിരുന്നു. ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി, 1937 ഡിസംബർ 28ന് ആയിരുന്നു രത്തന്റെ ജനനം. ന്യൂയോർക്കിലെ കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറൽ എന്‍ജിനീയറിങ്ങിൽ ബിരുദം നേടി. കമ്പനിയുടെ ഏറ്റവും താഴെയുള്ള മാനേജർ ഉദ്യോഗസ്ഥനായിട്ടാണ് താൻ ടാറ്റയിലെ ജീവിതം തുടങ്ങിയത് എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യസമര കാലത്ത് ദേശീയ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിച്ച ചരിത്രവുമുണ്ട് ടാറ്റ കുടുംബത്തിന്. നെഹ്രുവുമായും പട്ടേലുമായും ടാഗോറുമായുമെല്ലാം മികച്ച ബന്ധം പുലർത്തുകയും ചെയ്തിരുന്നു ടാറ്റ കുടുംബം. സർക്കാർ ഏറ്റെടുത്തതിന് ശേഷവും 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത് ജെആർഡി ടാറ്റയായിരുന്നു. എങ്കിലും നവ മുതലാളിത്തത്തിന്റെ ജീർണതകളിൽ രത്തന്‍ ടാറ്റ വീണുപോയില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ വിവാദ വ്യവസായങ്ങളിലും വഴിവിട്ട ബാന്ധവങ്ങളിലും രത്തൻ ടാറ്റയും അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യവും ഉൾപ്പെട്ടിരുന്നില്ല. അതിസമ്പന്നതയിലും അ­ത്യു­­ന്നതരുമായി ഉറ്റബന്ധം പുലർത്തിയപ്പോഴും വഴിവിട്ട നീക്കങ്ങളിലൂടെ ഒന്നും നേടാതിരിക്കുവാൻ ബദ്ധശ്രദ്ധയുണ്ടായി. അതിനുദാഹരണമാണ് പശ്ചിമ ബംഗാളിൽ ടാറ്റയുടെ നാനോ കാർ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ടുയർന്ന വിവാദം. രാഷ്ട്രീയ ഭൂമികുലുക്കങ്ങൾക്കുവരെ ഇടയാക്കിയ പ്രസ്തുത വിവാദത്തിൽ പക്ഷേ ആരും രത്തൻ ടാറ്റയെ വലിച്ചിഴച്ചില്ല. അദ്ദേഹം വിവാദത്തിൽപെടാൻ വന്നതുമില്ല. അസാധ്യമെന്ന് തോന്നിയപ്പോൾ നഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും നടത്താതെ മറ്റൊരിടം തേടിപ്പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.