14 October 2024, Monday
KSFE Galaxy Chits Banner 2

ഭാനുമതി ആശാട്ടി ചോദിക്കും കിന്റര്‍ ഗാര്‍ട്ടനോക്കെ എന്നാ ഉണ്ടായേ…

പി ജെ ജിജിമോൻ
കട്ടപ്പന
October 12, 2024 8:33 am

പഴമയുടെ പുതുമ നിലനിർത്തി നിലത്തെഴുത്തുകളരിയും ആശാട്ടി ഭാനുമതിയും (85) ഇപ്പോഴും ഇവിടെയുണ്ട്. കട്ടപ്പന പേഴുംകവല വരിക്കപ്ലാക്കൽ പരേതനായ പരമേശ്വരൻ വൈദ്യരുടെ ഭാര്യയായ ഭാനുമതി കഴിഞ്ഞ 60 വർഷക്കാലമായി കട്ടപ്പനയിൽ നിലത്തെഴുത്തുകളരി നടത്തിവരികയാണ്. സ്വന്തമായി വീടില്ലാത്ത ഇവർ വാടക വീടുകളിലേക്കുമാറുമ്പോൾ കളരിക്കും സ്ഥാനചലനം ഉണ്ടാകും എന്നു മാത്രം. നിലവിൽ കുട്ടികളുടെ എണ്ണം കുറവാണെങ്കിലും ഇവിടേക്ക് കുട്ടികളെ അയയ്ക്കാനാണിപ്പോഴും പല മാതാപിതാക്കൾക്കും താല്പര്യം. 

നാട്ടുവൈദ്യനും നിലത്തെഴുത്താശാനുമായിരുന്ന പരമേശ്വരൻ വൈദ്യനാണ് കളരി തുടങ്ങിയത്. വിവാഹശേഷം ഭാനുമതി കളരിയുടെ ഭാഗമായി മാറി. ഭർത്താവ് മരിച്ചതോടെ കളരിയുടെ നടത്തിപ്പ് ഭാനുമതി പൂർണമായി ഏറ്റെടുക്കുകയായിരുന്നു. ആധുനിക കാലഘട്ടങ്ങളിലെ മാറ്റങ്ങൾക്കൊപ്പം കളരിയുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ടെന്ന് ആശാട്ടി പറഞ്ഞു, മുമ്പ് കുട്ടികളെ നിലത്തിരുത്തി മണ്ണിലെഴുതിച്ചിരുന്ന രീതിക്കിന്ന് മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ നിലത്തിരുത്തുന്നതിനോടും മണ്ണിലെഴുതിക്കുന്നതിനോടും പല രക്ഷിതാക്കൾക്കും യോജിപ്പില്ല. നിലവിൽ കട്ടപ്പന നഗരസഭ പരിധിയിൽ ഇടുക്കി കവലയിൽ വാടക കെട്ടിടത്തിലാണ് കളരി പ്രവർത്തിച്ചുവരുന്നത്. 

വാടക നൽകുവാനും ദൈനംദിന പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാനും ബുദ്ധിമുട്ട് നേരിട്ടതോടെ, ചെറുമകന്റെ ഭാര്യ കാർത്തിക ഇവിടെ രാവിലെയും, വൈകിട്ടും നടത്ത ട്യൂഷൻ സെന്റർ ആരംഭിച്ചു. അതിൽ നിന്നുള്ള വരുമാനത്തെ കൂടി ആശ്രയിച്ചാണ് നിലനിൽപ്. പ്രായാധിക്യത്തിൽ വലയുന്ന ആശാട്ടിക്കു സഹായിയായി മകൾ വസുമതിയും കളരിയിലുണ്ട്. തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന നിലത്തെഴുത്താശാൻ കളരി സംഘടനയിൽ ഇപ്പോഴും അംഗമാണ് ആശാട്ടി. സംസ്ഥാനസർക്കാർ മാസംതോറും നിലത്തെഴുത്താശാൻ മാർക്ക് ചെറുതെങ്കിലും നൽകിവരുന്ന തുക ചെറിയൊരാശ്വാസമാണെന്നും ആശാട്ടി പറഞ്ഞു. ഈ വിജയദശമിനാളിലും കളരിയിലേക്കെത്തുന്ന കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന ഒരുക്കത്തിലാണ് ഭാനുമതി ആശാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.