13 October 2024, Sunday
KSFE Galaxy Chits Banner 2

ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ വ്യോമാക്രമണം

Janayugom Webdesk
ടെൽഅവീവ്
October 13, 2024 3:52 pm

ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ‑ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. ഇതിനിടെ ലെബനോനിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരുന്നു. തെക്കൻ ലെബനനിലെ ജനവാസ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. റാസ് അൽ-നബാ, ബുർജ് അബി ഹൈദർ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ എട്ട് നിലകളുള്ള ഒരു കെട്ടിടം തകർന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

ഏതാനും ദിവസം മുമ്പ് ലെബനന്റെ തെക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്‌നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്‌നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം. തെക്കൻ ലെബനനിലെ ജനങ്ങളോട് വീടുകളിലേക്ക് മടങ്ങി വരരുതെന്ന് ഇസ്രയേലി സൈന്യം മുന്നറിയിപ്പ് നൽകി.

ഹിസ്ബുല്ലയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഒക്ടോബർ ഒന്നുമുതൽ ഇസ്രായേൽ കരയാക്രമണവും നടത്തി വരികയാണ്. മിസൈലുകൾ, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണ ഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽഅവകാശപ്പെട്ടു.അതിർത്തിയിലേക്കെത്താൻ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചതായും ഇസ്രായേൽ സൈന്യം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.