21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 9, 2024
November 5, 2024
November 4, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 23, 2024
October 20, 2024

വഷളാകുന്ന നയതന്ത്ര ബന്ധം; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Janayugom Webdesk
ഒട്ടാവ
October 15, 2024 10:34 pm

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യ‑കാനഡ ബന്ധം വഷളാകുമ്പോള്‍ ആശങ്കയിലായി വിദ്യാര്‍ത്ഥികള്‍. കുടിയേറ്റം, വിസ, യാത്രാ സൗകര്യങ്ങള്‍, വ്യാപാരബന്ധം തുടങ്ങിയവ സംബന്ധിച്ചും പൊതുവേ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ട്. ഇവരില്‍ നല്ലൊരു പങ്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ എത്തിയവരാണ്. പുതിയ സംഭവവികാസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കാനഡ വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് വരെയുള്ള വിവരമനുസരിച്ച് 4.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവിടെയുള്ള ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ 41 ശതമാനം വരുമിത്. കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന വളരെ വലുതാണ്. അതേസമയം ട്രൂഡോ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതോടെ കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്.

2023നെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ 37 ശതമാനത്തിന്റെ കുറവുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്റ്റഡി പെര്‍മിറ്റില്‍ 86 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ 1,08,940ല്‍ നിന്ന് 14,901 ആയി കുറഞ്ഞു. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നത് മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കുന്നു. അടുത്തിടെ ട്രൂഡോ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം നാല്പതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും മടക്കിവിളിച്ചപ്പോള്‍ വീസ നടപടികള്‍ മന്ദഗതിയിലായിരുന്നു. പുതിയ സാഹചര്യത്തില്‍ വീസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമോയെന്നാണ് ആശങ്ക. ഇന്ത്യയുടെ പതിനെട്ടാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യം കാനഡയാണ്. 3306 ദശലക്ഷം ഡോളറാണ് നിക്ഷേപമായി കഴിഞ്ഞ 23 കൊല്ലത്തില്‍ കാനഡയില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ ഒമ്പതാമത്തെ വലിയ കച്ചവട പങ്കാളിയാണ് കാനഡ. അറുനൂറോളം കനേഡിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം ആയിരത്തോളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപവുമുണ്ട്. ഇന്ത്യയില്‍ നിന്ന് മരുന്നുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുണികള്‍ എന്നിവ കാനഡയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അവിടെ നിന്ന് ടിംബര്‍, പേപ്പര്‍, മൈനിങ് പ്രൊഡക്ടുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നു. നിലവിലെ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. വ്യാപാരബന്ധം വഷളാകുന്നത് കാനഡയ്ക്കും ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.