ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ കളിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ജസ്‌പ്രീത് ബുംറയാണ് ഉപനായകന്‍. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മൂന്ന് ജയം കൂടി അനിവാര്യമാണ്. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. എട്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ആരുടേയും മത്സരഫലങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫൈനലിലെത്താന്‍ സാധിക്കും.
കിവീസ് പരമ്പര കൈവിട്ടാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമായി മാറും. ഓസ്‌ട്രേലിയയെ അവരുടെ സാഹചര്യത്തില്‍ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് ഇതിന് മുമ്പ് സാധിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വലിയ മുന്നൊരുക്കത്തോടെ എത്തുന്ന ഓസീസിനെ വീഴ്ത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ വലിയ സാഹസത്തിന് നില്‍ക്കാതെ കിവീസ് പരമ്പരയിലൂടെത്തന്നെ ഫൈനല്‍ സീറ്റ് ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.ശക്തമായ താരനിരയോടെയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്.
കിവീസ് നിരയില്‍ ഇന്ത്യക്ക് വലിയ ഭീഷണിയാവുന്ന താരങ്ങളിലൊരാള്‍ ഡെവോണ്‍ കോണ്‍വേയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കോണ്‍വേ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ കോണ്‍വേ സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ലാതവും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും ശേഷിയുള്ള ബാറ്റര്‍മാരിലൊരാളാണ്. ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരനിര ന്യൂസിലാന്‍ഡിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.
യുവതാരമായ രചിന്‍ രവീന്ദ്രയുടെ പ്രകടനവും നിര്‍ണായകമാകും. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമല്ല രചിന്‍ രവീന്ദ്ര. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിന്റെ സമയത്ത് ഇന്ത്യയില്‍ കളിച്ച് മികവ് കാട്ടാന്‍ രചിന്‍ രവീന്ദ്രക്ക് സാധിച്ചിരുന്നു. ഇടം കൈയന്‍ താരമായ രചിന്‍ രവീന്ദ്ര സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്. സ്പിന്‍ ബൗളിങ്ങില്‍ അജാസ് പട്ടേലും ഇന്ത്യക്ക് വെല്ലുവിളിയായേക്കും. 2021ലെ ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ അജാസിന് സാധിച്ചിരുന്നു. ഇന്ത്യക്കെതിരെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്താന്‍ അജാസ് പട്ടേലിന് കഴിഞ്ഞിട്ടുണ്ട്.
ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ബംഗളൂരുവില്‍ നല്ല മഴയുണ്ട്. ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്ക് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ മഴ വില്ലനായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറിയേക്കും.
രോഹിത് ശര്‍മ, ജസ്‌പ്രീത് ബുംറ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ് .
ഡെവണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, മാര്‍ക് ചാപ്മാന്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കിള്‍ ബ്രേ സ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലഡല്‍, അജാസ് പട്ടേല്‍, ബെന്‍ സീര്‍സ്, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം റൂര്‍ക്ക്.
ന്യൂസിലാൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് വലിയ റെക്കോഡുകൾ. ഇന്ത്യയ്ക്കായി കൂടുതൽ വിജയങ്ങൾ നേടിയ നായകനെന്ന നിലയിൽ മുഹമ്മദ് അസ്ഹറുദ്ദീനെ രോഹിതിന് പരമ്പരയിൽ മറികടക്കാൻ കഴിയും. പക്ഷേ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിക്കണമെന്ന് മാത്രം.
ഇന്ത്യൻ ടീമിനെ 18 ടെസ്റ്റുകളിൽ നയിച്ച രോഹിത് 12ലും വിജയം നേടി. 47 മത്സരങ്ങളിൽ നിന്ന് 14 തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അസ്ഹറുദീൻ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പരമ്പര തൂത്തുവാരിയാൽ അസ്ഹറുദീനെ പിന്നിലാക്കാൻ രോഹിതിന് കഴിയും. ഇന്ത്യയ്ക്കായി കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയവരിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ രോഹിത്.
68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങൾ നേടിയ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകൻ. എന്നാൽ മറ്റൊരു റെക്കോഡിൽ കോലിയെ പിന്നിലാക്കാൻ രോഹിതിന് അവസരമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലിക്ക് 14ൽ വിജയം നേടാൻ കഴിഞ്ഞു. ന്യൂസിലാൻഡ് പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാൽ കോലിയുടെ ഈ റെക്കോഡ് രോഹിതിന് മറികടക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.