17 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 15, 2024
October 11, 2024
October 11, 2024
October 7, 2024
October 5, 2024
October 3, 2024
October 1, 2024
October 1, 2024

മലയാളികളുടെ ‘സുന്ദരവില്ലൻ’; ജന്മ ശതാബ്‌ദി നിറവിൽ എൻ ഗോവിന്ദൻ കുട്ടി

Janayugom Webdesk
October 17, 2024 10:12 pm

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയ എൻ ഗോവിന്ദൻ കുട്ടി ജന്മ ശതാബ്‌ദി നിറവിൽ. അഭിനയ രംഗത്ത് മാത്രം ഒതുങ്ങിനിന്ന പ്രതിഭയായിരുന്നില്ല ഗോവിന്ദൻകുട്ടി. നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, നാടക നടന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1924ൽ ഫോർട്ട് കൊച്ചിയിൽ ആയിരുന്നു ജനനം. കെപിഏസിയിലൂടെ നാടകരംഗത്ത് സജീവമായ ഗോവിന്ദൻ കുട്ടിയുടെ ഒട്ടേറെ കഥാപാത്രങ്ങൾ കാണികളെ വിസ്മയിപ്പിച്ചു. ആദ്യ കാലത്ത് മലയാള സിനിമയിലെ ‘സുന്ദരൻ വില്ലൻ’ എന്ന വിളിപ്പേരും അദ്ദേഹത്തെ തേടിയെത്തി. മെരിലാൻഡിന്റെ ‘ക്രിസ്മസ് രാത്രി’യിലൂടെയായിരുന്നു അരങ്ങേറ്റം. വിവിധ കലാസമിതികളിൽ നായകനായിട്ട് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുട്ടത്തു വർക്കിയുടെ റെക്കമെന്റേഷനിൽ ‘ക്രിസ്മസ് രാത്രി’യിലേക്ക് വരുന്നത്.

അന്ന് നാടകത്തിലെ എവർഗ്രീൻ ഹീറോയായിരുന്നു ഗോവിന്ദൻ കുട്ടി. കാണാൻ സുന്ദരനായ, ആറടി ഉയരമുള്ള, വെളുത്ത നിറമുള്ള വില്ലൻ മലയാളികൾക്ക് നവ്യാനുഭവമായി. ഒരു നായകനു വേണ്ട രൂപഭംഗിയും അഭിനയമികവുമൊക്കെയുണ്ടായിരുന്നെങ്കിലും തുടക്കകാലത്തു ചെയ്ത ഒരു സുന്ദരവില്ലന്റെ വേഷമാണ് ഗോവിന്ദൻകുട്ടിക്ക് വിനയായത്. അന്നുവരെ മലയാളത്തിൽ ഇത്രയ്ക്കു ഭംഗിയുള്ള ഒരു സുന്ദരവില്ലനെ ജനം കണ്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് സത്യന്റെയും നസീറിന്റെയുമൊക്കെ സിനിമകളിലെ സ്ഥിരം വില്ലനായി അദ്ദേഹം മാറുകയായിരുന്നു. ഇതിനിടയിൽ ‘നീലാകാശം’ എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായെങ്കിലും പല കാരണങ്ങൾ കൊണ്ട് ആ ചിത്രത്തിന് വെളിച്ചം കാണാനായില്ല. ആ ചിത്രം റിലീസായിരുന്നെങ്കിൽ കുറെ ചിത്രങ്ങളിലെങ്കിലും നായകനായി അദ്ദേഹം കളം നിറഞ്ഞാടുമായിരുന്നു.

 

മലയാളത്തിെല ഒരു സുന്ദരവില്ലനായി മാറാനായിരുന്നു അദ്ദേഹത്തിന്റെ തലവിധി. മെരിലാൻഡിന്റെ ‘ക്രിസ്തുമസ് രാത്രിയിലൂടെയാണ് സിനിമയിലേക്ക് വന്നതെങ്കിലും കുഞ്ചാക്കോയുമായിട്ടായിരുന്നു ഗോവിന്ദൻകുട്ടിക്ക് കൂടുതൽ ബന്ധം. ഉദയായുടെ ഭൂരിഭാഗം വടക്കൻ പാട്ടു സിനിമകളുടെയും തിരക്കഥാകാരനും ആസ്ഥാന നടനുമായി ഗോവിന്ദന്‍കുട്ടി മാറി. ഒതേനന്റെ മകൻ, പൊന്നാപുരം കോട്ട, തച്ചോളി മകൻ ചന്തു, മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു, ആദ്യ 70 എംഎം ചിത്രമായ പടയോട്ടം, ആറ്റുമ്മണമ്മെലെ ഉണ്ണിയാർച്ച, ഗുരുവായൂർ കേശവൻ, മഹാബലി, മാമാങ്കം തുടങ്ങിയ വടക്കൻ പാട്ട് തുടങ്ങിയ പുണ്യപുരാണ ചിത്രങ്ങൾക്കൊക്കെ തിരക്കഥ ഒരുക്കിയത് ഗോവിന്ദൻകുട്ടിയാണ്. വടക്കൻപാട്ട് കഥകളുെട ‘മാസ്റ്ററാ’യിരുന്നു കക്ഷി. അസുരവിത്ത്, പുന്നപ്രവയലാർ, യക്ഷി, കാട്ടുകുരങ്ങ്, അടിമകൾ, കടൽ പാലം, കൂട്ടുകുടുംബം, വാഴ്‌വേമായം, അരനാഴിക നേരം, വിത്തുകൾ, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, ആരോമലുണ്ണി തുടങ്ങിയ മികച്ച ചിത്രങ്ങളിലെല്ലാം അഭിനയിച്ചു . അദ്ദേഹം അവസാനം അഭിനയിച്ചത് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.