24 December 2024, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യ- പാക് ബന്ധം പുനഃസ്ഥാപിക്കണമെന്ന് നവാസ് ഷെരീഫ്

Janayugom Webdesk
ഇസ്ലാമാബാദ്
October 18, 2024 8:54 pm

ഇന്ത്യയും പാകിസ്ഥാനും ഭൂതകാലത്തിൽ നിന്ന് മുന്നോട്ട് പോകണമെന്ന് പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ സന്ദര്‍ശനം ഒരു തുടക്കമാണെന്നും നവാസ് പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് നവാസിന്റെ പ്രസ്താവന. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പിലും ഉൾപ്പെടെ ഇന്ത്യ‑പാക് ക്രിക്കറ്റ് ടീമുകൾ അവരവരുടെ നാട്ടില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടിയില്‍ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. ജയശങ്കര്‍ വന്നത് ശുഭസൂചനയാണ്. 75 വർഷം പരസ്പരം പോരടിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ടും അത് തുടരാന്‍ കഴിയില്ല. ബന്ധം പുനഃസ്ഥാപിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ അവ വീണ്ടും വീണ്ടും തടസപ്പെട്ടുവെന്നും നവാസ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും അയല്‍ക്കാരാണ്. നമുക്ക് നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ല, പാകിസ്ഥാനും ഇന്ത്യക്കും കഴിയില്ല. ഇരു രാജ്യങ്ങളും ക്രിയാത്മക സമീപനം സ്വീകരിച്ച് മെച്ചപ്പെട്ട ഭാവിക്കായി പ്രവർത്തിക്കണം. ഇരു പക്ഷത്തിനും ആശങ്കകളുണ്ട്. എന്നാല്‍ ഭൂതകാലത്തെ കുഴിച്ചുമൂടണം, ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇരു രാജ്യങ്ങൾക്കുമിടയിൽ ബസ്, ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരമൊരു പുരോഗതിയുണ്ടാകണമെന്ന് നവാസ് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടത്തിയ പരാമർശങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാൻ കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യവും നവാസ് ചൂണ്ടിക്കാട്ടി. പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യൻ സർക്കാർ കനത്ത തീരുവ ചുമത്തിയതിനാൽ 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്. 

ഇസ്‌ലാമാബാദിൽ നടന്ന എസ്‌സിഒ ഉച്ചകോടിയില്‍ ഇന്ത്യ‑പാക് വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ബഹുരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മാത്രമായി ജയശങ്കറിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം പരിമിതപ്പെടുത്തിയിരുന്നു. ഒമ്പത് വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലെത്തുന്നത്. തീവ്രവാദം, വിഘടനവാദം എന്നിവയെ തടയാതെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, കണക്ടിവിറ്റി, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജയശങ്കർ വിമർശനം ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.