18 October 2024, Friday
KSFE Galaxy Chits Banner 2

രഞ്ജിട്രോഫി; കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

Janayugom Webdesk
October 18, 2024 8:11 pm

കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ മഴ മുക്കാല്‍ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കര്‍ണ്ണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കര്‍ണ്ണാടകം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് പോകാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം. 57 റണ്‍സോടെ രോഹന്‍ കുന്നുമ്മലും 31 റണ്‍സോടെ വത്സല്‍ ഗോവിന്ദുമാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ 23 ഓവര്‍ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. വൈകി തുടങ്ങിയ മത്സരത്തില്‍ ആക്രമണോല്‍സുക ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മല്‍ 74 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമടക്കമാണ് 57 റണ്‍സെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സല്‍ ഗോവിന്ദിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണ്ണാടയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി ഈ മത്സരത്തില്‍ കളിക്കുന്നുണ്ട്. നിതീഷ് എം.ഡി, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണ്ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.