ആദ്യ ഇന്നിങ്സിലെ നാണക്കേടില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയിട്ടും ഫിനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്ന് ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാന്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മൂന്നിന് 231 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാൻ ആണ് ക്രീസില്‍. 70 റണ്‍സെടുത്ത വിരാട് കോലിയുടെ വിക്കറ്റ് മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി.
ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് ലീഡില്‍ 125 റണ്‍സിന് പിന്നിലാണ് ഇന്ത്യ. ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ യശസി ജയ്‌സ്വാളും രോഹിത്തും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. 52 പന്തിൽ 35 റൺസെടുത്താണ് ജയ്‌സ്വാൾ പുറത്തായത്. രോഹിത് ശർമ്മ 52 റൺസെടുത്ത് പുറത്തായി. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്കോർ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഏകദിന ശൈലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സിന് തൂക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു. എന്നാല്‍ യശസ്വി പുറത്തായശേഷവും ആക്രമിച്ചു കളിച്ച രോഹിത് മാറ്റ് ഹെന്‍റിയെ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് ഫോറും സിക്സും പറത്തി അര്‍ധസെഞ്ചുറി തികച്ചു. 59 പന്തിലാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അടുത്ത ഓവറില്‍ രോഹിത് അജാസ് പട്ടേലിന്റെ പന്തില്‍ ബൗൾഡായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
പിന്നീടാണ് ഇന്ത്യൻ ഇന്നിങ്‌സില്‍ നിർണായക കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സർഫറാസ്- വിരാട് ജോഡി ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് 136 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. സർഫറാസ് 42 പന്തില്‍ നിന്നാണ് അർധ സെഞ്ചുറി കുറിച്ചത്. ഒടുവില്‍ 70 റണ്‍സില്‍ നില്‍ക്കേ കോലിയുടെ പോരാട്ടം അവസാനിച്ചു. 102 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അർധസെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു.
ഒന്നാം ഇന്നിങ്സിൽ മൂന്നിന് 180 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ന്യൂസിലാൻഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച രചിൻ–ടിം സൗത്തി സഖ്യമാണ് കിവീസിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന് 137 റൺസാണ് കൂട്ടിച്ചേർത്തത്. ഡാരിൽ മിച്ചൽ (49 പന്തിൽ 18), ടോം ബ്ലൻഡൽ (എട്ട് പന്തിൽ അഞ്ച്), ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെന്ററി (9 പന്തിൽ എട്ട്), ടിം സൗത്തി (73 പന്തിൽ 65), അജാസ് പട്ടേൽ (എട്ട് പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലാൻഡിന് നഷ്ടമായി. ഇതോടെ 402 റണ്‍സിന് ന്യൂസിലാന്‍ഡിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.