23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

കൗണ്‍സില്‍ യോഗം അലങ്കോലമാക്കി വീണ്ടും ബിജെപി — യുഡിഎഫ് കൂട്ടുകെട്ട്

Janayugom Webdesk
തിരുവനന്തപുരം
October 19, 2024 10:28 pm

കോർപറേഷന്റെ ന​ഗരവികസന ക്ഷേമപ്രവർത്തനങ്ങളുടെ ചർച്ചകൾ അലങ്കോലപ്പെടുത്താൻ പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും കൈകോര്‍ത്തതോടെ ഇന്നലത്തെ കൗണ്‍സില്‍ യോഗവും തടസപ്പെട്ടു. മൂന്നുമാസത്തിനിടെ നടന്ന കൗൺസിൽ യോ​ഗങ്ങളിലും പ്രത്യേക കൗൺസിലുകളിലും ബിജെപി പ്രതിനിധികൾ മനഃപൂര്‍വം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പതിവ് ഇന്നലെയും ആവര്‍ത്തിക്കുകയായിരുന്നു. ബിജെപിയുടെ അക്രമരാഷ്ട്രീയ അജണ്ടയെ യുഡിഎഫ് അം​ഗങ്ങളും പിന്തുണച്ചതോടെ ഇരുകൂട്ടരും ഒന്നിച്ച് കൗൺസിൽ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതാണ് കണ്ടത്.
മേയറുടെ ഡയസിന് മുമ്പില്‍ ബാനര്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം ആർ ഗോപൻ വാർഡ് വിഭജന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയിലുള്ള വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് മേയർ വ്യക്തമാക്കി. 

ഇതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. വനിതാ അംഗങ്ങള്‍ മേയറുടെ ഡയസിന് മുമ്പിലെ സുരക്ഷാവേലിയില്‍ കയറിനിന്ന് കറുത്ത ബാനര്‍ ഉയര്‍ത്തി മേയറുടെ കാഴ്ച മറയ്ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. മേയര്‍ക്ക് സുരക്ഷാകവചം തീര്‍ത്ത് ഭരണപക്ഷ കൗണ്‍സിലര്‍മാരും എത്തിയതോടെ ഉന്തുംതള്ളും ഉണ്ടായി. യോഗം തടസപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച സ്ഥിരം സമിതി അധ്യക്ഷരായ ഷാജിത നാസറിനെയും സി എസ് സുജാദേവിയെയും എസ് എസ് ശരണ്യയെയും ബിജെപി വനിതാ അംഗങ്ങള്‍ ഉപദ്രവിച്ചു. 

ഇതിനിടെ മേയറുടെ പിറകിലെത്തി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടെ മേയര്‍ അജണ്ടകള്‍ അവതരിപ്പിക്കാൻ അതാത് സ്ഥിരം സമിതി അധ്യക്ഷന്മാരെ ക്ഷണിച്ചു. എന്നാല്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാനായില്ല. ബിജെപി ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി വി രാജേഷ് കൗണ്‍സില്‍ യോഗത്തിന് എത്താതെ ഓഫിസിലിരുന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില്‍ ആരോപിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ബിജെപിയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജുവും പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് വികസനകാര്യ, ക്ഷേമകാര്യ, ആരോഗ്യകാര്യ സ്ഥിരംസമിതികളുടെ അജണ്ടകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി കൗണ്‍സില്‍ പിരിയുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.