20 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024
May 22, 2024
February 18, 2024
February 7, 2024

ഇന്ത്യന്‍ മത്സ്യങ്ങള്‍ക്ക് യുഎസ് വിലക്ക്; മത്സ്യസംസ്കരണ ശാലകള്‍‍ അടച്ചുപൂട്ടലില്‍

കെ രംഗനാഥ്
തിരുവനന്തപുരം
October 20, 2024 10:33 pm

കടലാമ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയിലെ മത്സ്യങ്ങള്‍ക്ക് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ആയിരക്കണക്കിന് മത്സ്യ സംസ്കരണ തൊഴിലാളികള്‍ പട്ടിണിയിലേക്ക്.
വിലക്കിനെത്തുടര്‍ന്ന് ചെറുതും വലുതുമായ ആറായിരത്തില്‍പ്പരം മത്സ്യസംസ്കരണ ശാലകളില്‍ 4,317എണ്ണമാണ് ഇക്കഴിഞ്ഞ മാര്‍ച്ചുവരെ അടച്ചുപൂട്ടിയത്. അവശേഷിക്കുന്നവയുടെ പ്രവര്‍ത്തനം പേരിനുമാത്രം. സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോല്പന്ന കയറ്റുമതി മേഖല തകര്‍ച്ചയുടെ വക്കിലുമെത്തി. വിദേശ മാര്‍ക്കറ്റ് നഷ്ടപ്പെട്ടതോടെ സംസ്ഥാനത്തെ മത്സ്യവിപണിയില്‍ വില വല്ലാതെ താണു.
ജൂലൈ 31ന് 52ദിവസം നീണ്ടുനിന്ന ട്രോളിങ് അവസാനിച്ച് മത്സ്യബന്ധന മേഖല ഊര്‍ജസ്വലമായതിനു പിന്നാലെയാണ് കടലാമ സംരക്ഷണത്തിന്റെ മറവില്‍ ഇന്ത്യന്‍ മത്സ്യങ്ങള്‍ക്കുള്ള ഉപരോധം യുഎസ് കടുപ്പിക്കുന്നത്. ഇന്ത്യയില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളില്‍ കടലാമകള്‍ കുടുങ്ങി നശിക്കുന്നുവെന്ന വിചിത്രന്യായം പറഞ്ഞാണ് ഈ വിലക്ക്. വലയില്‍ കുടുങ്ങുന്ന കടലാമകള്‍ സുരക്ഷിതരായി കടലിലേക്ക് തിരിച്ചുപോകാന്‍ സഹായിക്കുന്ന ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ് സ്ഥാപിക്കണമെന്നാണ് യുഎസിന്റെ ശാഠ്യം. 

അമേരിക്കന്‍ വിലക്കുമൂലം സംസ്കരണശാലകളില്‍ ചെമ്മീനിന്റെ തൊലി പൊളിക്കാനും കണവ തുടങ്ങിയ മത്സ്യങ്ങള്‍ വൃത്തിയാക്കി സംസ്കരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നുവെന്നാണ് ഈ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന കടപ്പാക്കട വിജയന്‍ ജനയുഗത്തോട് പറഞ്ഞത്. ഒരു ദിവസം ഒരു സ്ത്രീ തൊഴിലാളിക്ക് 800 രൂപവരെ ലഭിക്കുമായിരുന്നത് ഇപ്പോള്‍ നൂറു രൂപപോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതിനെല്ലാം പുറമെ കടലോരത്തുനിന്നും വിവിധയിനം മത്സ്യങ്ങള്‍ വാങ്ങി വീടുകളില്‍ സംസ്കരിച്ച് സംസ്കരണ ശാലകളിലെത്തിക്കുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികള്‍ കൊല്ലം, നീണ്ടകര, ആലപ്പുഴ വളഞ്ഞ വഴി മേഖലകളിലുണ്ട്. കയറ്റുമതി വിലക്കിനെത്തുടര്‍ന്ന് സംസ്കരണശാലകള്‍ക്ക് ഇവ വാങ്ങാനാവാത്ത അവസ്ഥയുമുണ്ട്. ഇതുമൂലം സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് പരമ്പരാഗത മത്സ്യ സംസ്കരണ തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലേക്ക് എറിയപ്പെട്ടിരിക്കുകയാണ്. 

ചെമ്മീന്‍, കണവ, റിബണ്‍ഫിഷ് എന്ന ചുണ്ണാമ്പുവാള, കേരച്ചൂര, നെയ്മീന്‍ എന്നിവയാണ് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന മത്സ്യങ്ങള്‍. കയറ്റുമതി സ്തംഭിച്ചതിനാല്‍ ഇവയുടെ വില പകുതിയായി ഇടിഞ്ഞു. കയറ്റുമതിയുടെ നല്ലകാലത്ത് വിപണികളില്‍ കാണാനില്ലാതിരുന്ന ഈ മത്സ്യങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭം.
ഒരടി നീളമുള്ള കണവ ഒരു കിലോയ്ക്ക് ഇപ്പോള്‍ ചന്തകളില്‍ 340രൂപയേ വിലയുള്ളു. കയറ്റുമതിച്ചെലവും വല്ലാതെ വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പുവരെ ഒരു കണ്ടയ‌്നര്‍ സംസ്കരിച്ച മത്സ്യം കയറ്റുമതി ചെയ്യാന്‍ രണ്ടര ലക്ഷം രൂപയായിരുന്നത് ഈ പ്രതിസന്ധിക്കിടെ ഏഴര ലക്ഷം രൂപയായി വര്‍ധിച്ചതും ഇരുട്ടടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.