21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 18, 2024
November 11, 2024
November 10, 2024
November 8, 2024
November 8, 2024
November 3, 2024

അസ്ഥികൾ പൂക്കുന്ന വലിയചുടുകാട്

പുന്നപ്ര രക്തസാക്ഷികളും കമ്മ്യുണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്ന രക്തസാക്ഷി മണ്ഡപം 
Janayugom Webdesk
October 22, 2024 6:00 am

ടങ്ങാത്ത സ്വാതന്ത്ര്യദാഹവും ഒടുങ്ങാത്ത വിപ്ലവവീര്യവുമായി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി നാടിന്റെ വിമോചന പോരാട്ടത്തെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച രക്ത നക്ഷത്രങ്ങളുടെസ്‌മൃതി മണ്ഡപത്തിൽ ഇരമ്പുന്നത് വിപ്ലവതിരകൾ . അമേരിക്കന്‍ മോഡലിനെതിരെയും സ്വതന്ത്ര തിരുവിതാംകൂറിനും വേണ്ടി ജീവന്‍നല്‍കി പൊരുതിയ ധീരൻമാർ , കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഊടും പാവും നെയ്‌ത ജനനേതാക്കള്‍, ആലപ്പുഴ വലിയചുടുകാട്‌ രക്തസാക്ഷി മണ്‌ഡപത്തില്‍ അലകടല്‍ പോലെ സ്‌മരണകള്‍ ആര്‍ത്തിരമ്പുകയാണ്‌. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളും അന്തിയുറങ്ങുന്ന മണ്‌ഡപം കമ്മ്യൂണിസ്റ്റുകാരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്‌. ഇത്രയധികം രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും ഓര്‍മ്മകള്‍ പങ്കിടുന്ന മറ്റൊരു ചരിത്രസ്‌മാരകവുമില്ലെന്നത്‌ വലിയ ചുടുകാടിനെ വേറിട്ട്‌ നിര്‍ത്തുന്നു. പുന്നപ്ര‑വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലേക്ക് ഇവിടെ ഒഴുകിയെത്തുന്ന ജനസഞ്ചയം രക്തസാക്ഷികളോടും സമുന്നത നേതാക്കളോടുമുള്ള ആദരവിന്റെ സൂചകങ്ങള്‍ കൂടിയാണ്‌. കൊല്ലവര്‍ഷം 1122 തുലാം ഏഴിനാണ്‌ പുന്നപ്രയില്‍ വെടിവെയ്‌പ്‌ നടന്നത്‌. പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഐക്യകേരളമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനുമായി രാജാവിന്റെ പിറന്നാള്‍ദിനത്തില്‍ പ്രകടനം നടത്തിയതാണ്‌ നരഭോജികളായ പട്ടാളത്തെ ക്രൂരകൃത്യത്തിന്‌ പ്രേരിപ്പിച്ചത്‌. പുന്നപ്രയില്‍ വെടിയേറ്റ്‌ മരിച്ചവരെയും ഭാഗികമായി ജീവന്‍നഷ്‌ടപ്പെട്ടവരെയും വലിയചുടുകാടില്‍ എത്തിച്ചശേഷം കൂട്ടിയിട്ട്‌ കത്തിക്കുകയായിരുന്നു. സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ്‌ ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം ഇപ്പോഴും അലയടിക്കുന്നുണ്ട്‌ ഈ വിപ്ലവഭൂമിയില്‍.

ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളുടെയും സ്വത്ത്
വലിയചുടുകാട്ടില്‍ 50 സെന്റ്‌ സ്ഥലത്ത്‌ തല ഉയര്‍ത്തി നില്‍ക്കുന്ന സ്‌മാരകങ്ങള്‍ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും പേരിലുള്ള സ്വത്താണ് . ആലപ്പുഴ നഗരസഭയുടെ വസ്തുവായിരുന്നു ഇത് . കൊല്ലവർഷം 1133 തുലാം 7 ന്‌ ആര്‍ സുഗതനാണ് ശിലയിട്ടത് . 1964ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് സിപിഐയും സിപിഐഎമ്മും വെവ്വേറെ മണ്ഡപങ്ങൾ നിർമ്മിച്ചു . സോവിയറ്റ് യൂണിയനിലെ സ്മാരകത്തിന്റെ മാതൃകയിലായിരുന്നു സിപിഐ മണ്ഡപം . രണ്ട് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി . എം ടി ചന്ദ്രസേനൻ , സി കെ കേശവൻ , പി എ ജോർജ്ജ് , ബി ഭാസ്‌ക്കരൻ , എസ് കെ ദാസ് , ഇ വസുദേവൻ , എം കെ സുകുമാരൻ , ടി വി ഹരിദാസ് എന്നിവർക്കായിരിന്നു നിർമ്മാണ ചുമതല . കൊല്ലവർഷം 1148 തുലാം ആറിന്‌ ടി വി തോമസ്‌ ഈ മണ്ഡപം നാടിന്‌ സമര്‍പ്പിച്ചു. കാലപഴക്കത്താൽ സിപിഐ നിർമ്മിച്ച മണ്ഡപത്തിന്റെ പല ഭാഗങ്ങളിലും കേടുപാടുകൾ ഉണ്ടായി . ഇതിനെ തുടർന്ന് സിപിഐ ജില്ലാ കൗൺസിൽ സ്‌മാരകം പുനർനിർമിച്ചു .സോവിയറ്റ് യൂണിയനിലെ സ്മാരകത്തിന്റെ മാതൃകയിൽ മാറ്റം വരുത്താതെ ആയിരിന്നു പുനർനിർമ്മാണം . ഇരു കമ്യുണിസ്റ്റ് പാർട്ടികളുടെയും ഏകീകരണത്തെ തുടർന്ന് 1979 ൽ മുതൽ വാരാചരണവും ഒന്നിച്ചായി . വാരാചരണത്തിന്റെ ഭാഗമായി ഇരു മണ്ഡപത്തിന് മുന്നിലും ചെങ്കൊടി ഉയർത്തും .

അമരന്മാരുടെ സ്‌മരണകൾ ഇരമ്പുന്നു
പുന്നപ്ര രക്തസാക്ഷികളുടെയും സമര സേനാനികളുടെയും ജനനേതാക്കളുടെയും സ്‌മരണകൾ ഇരമ്പുന്നുണ്ട് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ . സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന പി കൃഷ്‌ണപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍, എസ്‌ കുമാരന്‍, സി കെ ചന്ദ്രപ്പന്‍ എന്നിവരും അന്തിയുറങ്ങുന്നത്‌ ഈ ചരിത്രഭൂമിയിൽ . ഇവരെ കൂടാതെ ആര്‍ സുഗതന്‍, ടി വി തോമസ്‌, പി ടി പുന്നൂസ്‌, ജോര്‍ജ്ജ്‌ ചടയംമുറി, പി കെ ചന്ദ്രാനന്ദന്‍ , കെ ആർ ഗൗരിയമ്മ , പി കെ പത്മനാഭന്‍, ടി വി രമേശ്‌ ചന്ദ്രന്‍, എം കെ സുകുമാരന്‍, സി ജി സദാശിവന്‍, എന്‍ ശ്രീധരന്‍, വി എ സൈമണ്‍ ആശാന്‍, കെ സി ജോര്‍ജ്ജ്‌, വി കെ വിശ്വനാഥന്‍, പി കെ കുഞ്ഞച്ചന്‍, കെ കെ കുഞ്ഞന്‍, സി കെ കേശവന്‍, എം ടി ചന്ദ്രസേനന്‍, എസ്‌ ദാമോദരന്‍ തുടങ്ങിയ കമ്യുണിസ്റ്റ് നേതാക്കളുടെ ഓർമ്മകളും ഈ ചരിത്ര ഭൂമിയെ സമ്പന്നമാക്കുന്നു .

പതാക ഉയർത്താൻ സമര നായകരും
പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തുന്നത് സമര നായകരും . ഇരു കമ്യുണിസ്റ്റ് പാർട്ടിയും സംയുക്തമായി വാരാചരണം സംഘടിപ്പിക്കാൻ ആരംഭിച്ചപ്പോൾ സമര സേനാനിയും സിപിഐ നേതാവും ആയിരുന്ന സി കെ കേശവൻ ആണ് ആദ്യമായി പതാക ഉയർത്തിയത്. സി കെ യുടെ നിര്യാണത്തിന് ശേഷം സമര സേനാനിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ രാഘവനെയാണ് ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തുവാൻ കമ്യുണിസ്റ്റ് പാർട്ടികൾ നിയോഗിച്ചത്. എൻ രാഘവന് ശേഷം സമരസേനാനി എൻ കെ ഗോപാലൻ ആയിരിന്നു ആലപ്പുഴ വലിയ ചുടുകാട്ടിൽ പതാക ഉയർത്തിയത്. പുന്നപ്ര വയലാർ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച എൻ കെ ഗോപാലൻ പുന്നപ്ര വെടിവയ്പ്പിൽ തലനാരിഴക്കാണ് രക്ഷപെട്ടത് . അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം സമര സേനാനിയും വിപ്ലവ ഗായികയുമായ പി കെ മേദിനിയാണ് പതാക ഉയർത്തുന്നത് .

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.