22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കോണ്‍ഗ്രസില്‍ അന്‍‘വാര്‍’; കെപിസിസി നേതൃത്വം രണ്ടുതട്ടില്‍

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
October 22, 2024 6:41 pm

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചുവടുറപ്പിക്കാനാകാതെ അങ്കലാപ്പിലായ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. പാലക്കാട് സീറ്റും കൈവിട്ടുപോകുമെന്ന ആശങ്ക ശക്തമായതോടെ, പി വി അന്‍വറെന്ന കച്ചിത്തുരുമ്പില്‍ പിടിച്ചുകയറാനുള്ള ശ്രമത്തിലായി നേതാക്കള്‍. അന്‍വറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചര്‍ച്ച നടത്തിയെങ്കിലും അംഗീകരിക്കാനാകാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ചേലക്കരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം ചര്‍ച്ച മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഇതോടെ സതീശന്‍ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നു. എന്നാല്‍, കെ സുധാകരനുള്‍പ്പെടെ നേതാക്കള്‍ അന്‍വറിനുവേണ്ടി കാത്തിരിക്കുമെന്ന സമീപനത്തിലാണ്. 

വാതിലുകള്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച തുടരുകയാണെന്ന് അന്‍വറും ഇന്ന് വ്യക്തമാക്കി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തോല്‍വി ഉറപ്പായതിനാലാണ് അന്‍വറിന്റെ പിന്നാലെ നേതാക്കള്‍ പോകുന്നതെന്ന ആശങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായി. അൻവർ അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇനി ചർച്ചയില്ല. യുഡിഎഫിനോട് വിലപേശാൻ വളർന്നിട്ടില്ലെന്നും സതീശന്‍ പ്രതികരിച്ചു. എന്നാല്‍, കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്നും കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളതെന്നുമാണ് അന്‍വറിന്റെ മറുപടി. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അൻവർ പരിഹസിച്ചു. 

അൻവറുമായി ഇനി ചർച്ചയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ അന്‍വര്‍ പരിഹാസവും വിമര്‍ശനവും തുടരുമ്പോഴും ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ഒരുവിഭാഗം അന്‍വറിനോട് മൃദുസമീപനത്തിലാണ്. അൻവറിനായി വാതിലുകൾ അടഞ്ഞിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട്. യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും ഇങ്ങനെ ആവശ്യപ്പെട്ടു. അതേസമയം, മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിനൊപ്പമാണെന്നും വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.