23 December 2024, Monday
KSFE Galaxy Chits Banner 2

സ്ഫോടകവസ്തു ചട്ടഭേദഗതി: കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കും

Janayugom Webdesk
തിരുവനന്തപുരം
October 23, 2024 11:15 pm

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ട് ചട്ട ഭേദഗതിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി കത്തയയ്ക്കാൻ മന്ത്രിസഭായോഗ തീരുമാനം. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പരിപാടികളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന് കത്തയയ്ക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായത്. 

നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതികളാണ് ഈമാസം 11ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരം വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും. വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ രാജന്‍ നേരത്തെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. ഇതിനുപുറമെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും കേന്ദ്രമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമ്മര്‍ദം ശക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ദേവസ്വങ്ങള്‍ ഇതിനോടകം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉപാധികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 

കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം അനുസരിച്ച് സ്ഫോടകവസ്തു നിയമത്തിൽ വെടിക്കെട്ടുപുരയിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ഫയർലൈൻ പാടുള്ളൂ. 2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. പുതിയ ചട്ട ഭേദഗതിയിൽ കാണികളുടെ സ്ഥാനം ഇനിമുതൽ വെടിക്കെട്ട് സ്ഥലത്തിന്റെ 300 മീറ്റർ അകലെയായിരിക്കണം. ഈ ഉത്തരവു പ്രകാരം കേരളത്തിലെ ആരാധനാലയങ്ങളിൽ ഒന്നിൽപോലും പെരുനാൾ, ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാര അനുഷ്ടാനങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് നടത്താൻ പറ്റാത്ത സ്ഥിതിയാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ അഭിമാനവും ലോക പ്രശസ്തവുമാണ് തൃശൂർ പൂരം. വെടിക്കെട്ട് പ്രധാന ആഘോഷമായ നിരവധി ആരാധനാലയങ്ങൾ കേരളത്തിലുണ്ട്. അവയെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ ഉത്തരവ്, സാമൂഹിക അവസ്ഥ മനസിലാക്കാതെ അനാവശ്യവും യുക്തിരഹിതവും ആണ് നിലവിലെ ഉത്തരവ്. അതിനാൽ, ഇതു സംബന്ധിച്ച് പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും എല്ലാ ആചാരങ്ങളോടെയും പൂരം അടക്കമുള്ള ആഘോഷങ്ങൾ നടത്താൻ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.