അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ധാരണയായതിന് പിറകെ ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ തുടങ്ങി. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ നിന്ന് ടെന്റുകളും താല്‍ക്കാലിക നിര്‍മ്മാണങ്ങളും നീക്കം ചെയ്തു.
ഈമാസം 30 മുതല്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഡെപ‍്സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. അതിര്‍ത്തിമേഖലകളില്‍ നിന്നും സൈനികപിന്മാറ്റത്തിന് ധാരണയായെന്ന് കഴിഞ്ഞ തിങ്കളാഴ‍്ച കരസേന അറിയിച്ചിരുന്നു.
2020 ഏപ്രിലിന് മുമ്പ് പട്രോളിങ് നടത്തിയിരുന്ന പ്രദേശങ്ങളിലായിരിക്കും പട്രോളിങ് നടത്തുകയെന്ന് സൈനികവൃത്തങ്ങള്‍ ഇന്നലെ അറിയിച്ചു. ഇതിന് മുമ്പായി ഇരുഭാഗത്തെയും സൈനികര്‍ പരസ്പരം വിവരം കൈമാറും.
മുമ്പത്തെ പോലെ ഇന്ത്യന്‍ സൈന്യം പട്രോളിങ്ങിനിടെ കരുതിയിരുന്ന ആയുധങ്ങള്‍ കൈയ്യിലുണ്ടാകും. പിന്‍മാറ്റത്തിന്റെ ഭാഗമായി ചൈന പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചപ്പോള്‍ ഇന്ത്യ സൈനികരില്‍ കുറച്ചുപേരെ പിന്‍വലിച്ചു. നിലവിലെ കരാര്‍ ഡെപ‍്സാങ്ങിനും ഡെംചോക്കിനും വേണ്ടിമാത്രമാണ്. ഇതുപ്രകാരം ഇന്ത്യ അവസാനം പട്രോളിങ് നടത്തിയ ഡെപ‍്സാങ്ങ് മേഖലയിലെ 10, 11, 11എ, 12, 13 പോയിന്റുകള്‍ വരെ വീണ്ടും പുനരാരംഭിക്കാന്‍ കഴിയും. അതേസമയം കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര, ഹോട്ട് സ‍്പ്രിങ്സ്, പാംഗോങ് തടാകം, ഗല്‍വാന്‍ താഴ്‌വര തുടങ്ങിയ വിവാദ മേഖലകളിലൊന്നും പട്രോളിങ് ഉണ്ടാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.