26 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 9, 2024
June 8, 2024
June 5, 2023
April 29, 2023
December 13, 2022
November 7, 2022
November 4, 2022
July 22, 2022
June 11, 2022

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള മസ്റ്ററിങ് നവംബർ അഞ്ചുവരെ നീട്ടി

Janayugom Webdesk
തിരുവനന്തപുരം
October 26, 2024 10:39 pm

സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുകാര്‍ക്കുള്ള മസ്റ്ററിങ് നവംബര്‍ അഞ്ചുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഈ വിഭാഗത്തിലെ 83.67 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കി. ഇ‑കെവൈസി അപ്ഡേഷനുള്ള സമയപരിധി 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് തീയതി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. മസ്റ്ററിങ് പൂർത്തീകരിക്കുന്ന പ്രവൃത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 

മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പുരോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ മസ്റ്ററിങ് നടത്തുന്നുണ്ട്. ഇതും നവംബര്‍ അഞ്ചുവരെ തുടരും. വിവിധ കാരണങ്ങളാൽ ഇ പോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് ഐറിസ് സ്കാനർ ഉപയോഗിച്ച് പൂർത്തിയാക്കും. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാമ്പുകൾ നവംബർ അഞ്ചിനുശേഷം സംഘടിപ്പിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസില്‍ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിങ് ഐറിസ് സ്കാനർ ഉപയോഗിച്ച് പൂർത്തിയാക്കും. എന്നാൽ ഈ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് പുതിയ ആധാർ എടുക്കുന്ന പക്ഷം ഇപ്പോൾ തന്നെ റേഷൻകടകൾ വഴി മസ്റ്ററിങ് വിജയകരമായി പൂർത്തീകരിക്കാനാവും. 

വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. അർഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തിൽപ്പെട്ടവരെ മുൻഗണനാ ലിസ്റ്റിൽ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കില്ല. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻആര്‍കെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മസ്റ്ററിങ്ങിനായി ഇവർ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും മസ്റ്ററിങ് ചെയ്യുന്നതിനുള്ള അവസരം നൽകി മസ്റ്ററിങ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.