28 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 13, 2024
May 20, 2024
February 9, 2024
January 21, 2024
October 30, 2023
August 23, 2023
August 19, 2023
August 8, 2023
June 11, 2023

തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ചു; പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം: മുഖ്യമന്ത്രി

Janayugom Webdesk
അടിമാലി
October 28, 2024 11:35 pm

സംസ്ഥാനത്തെ വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 

2040 ഓടെ കേരളത്തെ സമ്പൂര്‍ണ പുനരുപയോഗ ഊർജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വികസനരംഗത്തെ തടസങ്ങൾ ഇല്ലാതാക്കുകയാണ് ഈ സർക്കാർ ആദ്യം ചെയ്തിട്ടുള്ളത്. ദേശീയപാതാ വികസനം പുനരാരംഭിച്ചു, ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കി, പവർ ഹൈവേ യാഥാർത്ഥ്യമാക്കി. എന്നാൽ വര്‍ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുകയും വിതരണ ശൃംഖലയെ നവീകരിക്കേണ്ടതുമുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും മതിയായ ഊർജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കേരളത്തിന് പ്രതിദിനം 4,500 മുതൽ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനൽക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളിൽ പോയി. ആഭ്യന്തര ഉല്പാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. 

വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം. തൊട്ടിയാർ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം, ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാർ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കൽ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി, പഴശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പർ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. ഊർജ ഉല്പാദന, വിതരണ, ഉപയോഗരംഗങ്ങളിൽ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ എംഎല്‍എമാരായ അഡ്വ. എ രാജ, എം എം മണി, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ജില്ലാ കളക്ടർ വി വിഘ‌്നേശ്വരി, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.