24 November 2024, Sunday
KSFE Galaxy Chits Banner 2

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് ബിജെപിക്ക് കോഴ കൊടുത്തതെന്തിന്?

ഇ ജെ ബാബു 
സിപിഐ ജില്ലാ സെക്രട്ടറി, വയനാട് 
October 30, 2024 4:42 am

സോണിയാഗാന്ധിയുടെ മരുമകനും രാഹുൽഗാന്ധിയുടെ സഹോദരീഭർത്താവുമായ റോബർട്ട് വാദ്ര 2019 മുതൽ 24 വരെ ഡിഎൽഎഫിന്റെ വിവിധ കമ്പനികൾ വഴി ബിജെപിക്ക് 170 കോടി രൂപ സംഭാവന എന്ന പേരിൽ കോഴ നൽകിയ വാർത്ത കേട്ടവർ മൂക്കത്ത് വിരൽവച്ചു. എന്നാൽ സ്വർണപ്പാത്രം കൊണ്ട് മൂടിവച്ച സത്യങ്ങൾ വെളിവായപ്പോൾ സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയുടെയും നെറികെട്ട ‘അന്തർധാര’യുടെയും കഥകൾ പുറത്തുവന്നു. ഭരണവർഗപാർട്ടികൾക്ക് ചങ്ങാത്തമുതലാളിമാരിൽ നിന്ന് നാടറിയാതെ ശതകോടികൾ വാങ്ങാൻ സൗകര്യമൊരുക്കുന്നതിന് അഴിമതിയെ നിയമവിധേയമാക്കിക്കൊടുത്ത ഇലക്ടറൽ ബോണ്ട് എന്ന സംവിധാനത്തിലൂടെയാണ് ഈ ഇടപാട് നടന്നത്.  ബിജെപിയുടെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി ഫിനാൻസ് ബില്ലായി 2017ല്‍ അവതരിപ്പിച്ച സംരംഭം 2018 ജനുവരി രണ്ടിന് ഇലക്ടറൽ ബോണ്ട് സ്കീം പുറത്തിറങ്ങിയതോടെ പൂർണരൂപം കൈക്കൊണ്ടു. ഏതൊരു വ്യക്തിക്കും കമ്പനിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് നൽകാനും പാർട്ടികൾക്ക് അത് ബാങ്കിൽ നൽകി പണമാക്കാനും ദാതാക്കളുടെ വിവരം പൊതുസമൂഹത്തിൽ നിന്നും നിയമപരമായി തന്നെ മറച്ചുപിടിക്കാനും കഴിയുന്ന ഈ പദ്ധതി ജനാധിപത്യത്തെ അവഹേളിക്കുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദാക്കുന്നതുമാണെന്ന് തുടക്കം മുതലേ വിമർശനം ഉയർന്നു.
ജർമ്മനിയിൽ ജീവിക്കുന്ന ചെറുപ്പക്കാരനായ ഇന്ത്യൻ യൂട്യൂബർ ധ്രുവ് റാട്ടി ഇതിലെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നു. സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസും ഇടതുപാര്‍ട്ടികളും ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2024 ഫെബ്രുവരി 15ന് സംഭാവന നൽകിയ മുഴുവൻ ആളുകളുടെയും പേരുവിവരം തെരഞ്ഞെടുപ്പ് കമ്മിഷന് നൽകാനും, കമ്മിഷന്‍ അത് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനും ഉന്നതനീതിപീഠം ഇത്തരവിട്ടു.
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് 18,299 ബോണ്ടുകളിലായി 9,857 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്ന് പരസ്യപ്പെടുത്തപ്പെട്ടു. ഇതിൽ 5,594 കോടി ബിജെപിക്കും 1,592 കോടി തൃണമൂലിനും 1,351 കോടി കോൺഗ്രസിനുമാണ്. ഇടതുപക്ഷപാർട്ടികൾ ആരിൽ നിന്നും ബോണ്ട് സ്വീകരിക്കാതെ യശസുയർത്തി നിന്നു. ബോണ്ട് നൽകിയവരിൽ പ്രമുഖരായ ഫ്യൂച്ചർ ഗെയിമിങ്, മേഘ എന്‍ജിനീയറിങ്, വേദാന്ത ലിമിറ്റഡ് എന്നിങ്ങനെയുള്ള കമ്പനികളിലെല്ലാം ഇഡിയും ഇൻകം ടാക്സും മുമ്പ് റെയ്ഡ് നടത്തിയിരുന്നതാണ്. ബോണ്ടിലൂടെ പണം നൽകിയ മിക്ക കമ്പനികളും കേന്ദ്ര ഏജൻസികളുടെ ഭീഷണിയിൽ നിന്ന് ഒഴിവാക്കാനാണ് അപ്രകാരം ചെയ്തതെന്ന് ജനങ്ങള്‍ക്ക് മനസിലായി. ഇക്കൂട്ടത്തിലെ പ്രമുഖരാണ് ബിജെപിക്ക് 170 കോടിയുടെ സംഭാവന നൽകിയ പ്രിയങ്കയുടെ ഭർത്താവായ റോബർട്ട് വാദ്രയുടെ ഡിഎൽഎഫ് കമ്പനി. 2018ലെ ഗുരുഗ്രാം ഭൂമി കുംഭകോണ കേസിൽ 2023ല്‍ ബിജെപിയുടെ ഹരിയാന സര്‍ക്കാര്‍ റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഭർത്താവ് വാദ്രയുടെ പേരിലുള്ള കേസിന്റെ മറവില്‍ നീട്ടിവയ്ക്കപ്പെട്ട പ്രിയങ്കയുടെ പാർലമെന്ററി പ്രവേശനത്തിനാണ് വയനാട്ടിൽ അരങ്ങൊരുങ്ങുന്നത്.

ആരാണ് ഈ റോബർട്ട് വാദ്ര?

1969 ഏപ്രിൽ 18ന് രാജേന്ദ്രയുടെയും മൗറീൻ വാദ്രയുടെയും മകനായി ജനിച്ച റോബർട്ട് 1997ൽ പ്രിയങ്കയുമായുള്ള വിവാഹത്തിന് ശേഷം ഭൂമി കയ്യേറ്റം, സംശയാസ്പദമായ ബിസിനസ് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വാർത്തകളിൽ നിറഞ്ഞു. പിച്ചളപാത്രങ്ങളുടേയും കൃത്രിമ ആഭരണങ്ങളുടെയും കുടുംബബിസിനസിൽ ചേരുന്നതിനായി കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അദ്ദേഹം 1997ൽ പിച്ചള — കരകൗശല വസ്തുക്കളുടെ വാണിജ്യത്തിനായി ആർടെക്സ് ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലേക്കും പിന്നീട് കടന്നു. യുപിഎ അധികാരത്തിലിരുന്ന 2007ല്‍ സ്കൈലൈറ്റ് റിയാലിറ്റി, നോർത്ത് ഇന്ത്യ ഐടി പാർക്കുകൾ, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, റിയൽ എർത്ത് എസ്റ്റേറ്റ്സ്, എയർക്രാഫ്റ്റ് ചാർട്ടർ ഫേം ബ്ലൂ ബ്രീസ് ട്രേഡിങ് തുടങ്ങി നിരവധി സംരംഭങ്ങൾ സ്ഥാപിച്ചു. 2010 ആയപ്പോഴേക്കും, ഡിഎൽഎഫിൽ നിന്ന് 80 കോടി രൂപ വായ്പയും ബെഡാർവാൾസ് ഇൻഫ്രാസ്ട്രക്ചർ, വിആർഎസ് ഇൻഫ്രാസ്ട്രക്ചർ, നിഖിൽ ഇന്റർനാഷണൽ എന്നിവയിൽ നിന്നായി 29 ഉയർന്ന മൂല്യമുള്ള പ്രോപ്പർട്ടികളും സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ വിജയിച്ചു.
ന്യൂഡൽഹിയിലെ 114 മുറികളുള്ള ഹിൽട്ടൺ ഗാർഡൻ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള സാകേത് കോർട്ട്‌യാർഡ് ഹോസ്പിറ്റാലിറ്റിയുടെ 50 ശതമാനം ഓഹരികൾ 31.7 കോടി രൂപയ്ക്ക് വാങ്ങിയതും ഏറ്റെടുക്കലുകളിൽ ഉൾപ്പെടുന്നു. ഡിഎൽഎഫ് അരാലിയാസ് കോംപ്ലക്സിൽ 89.41 ലക്ഷം രൂപയ്ക്ക് 10,000 ചതുരശ്ര അടി പെന്റ് ഹൗസ്; ഡിഎൽഎഫ് മഗ്നോളിയയിൽ ഏഴ് അപ്പാർട്ട്മെന്റുകൾ 5.2 കോടി, ഡിഎൽഎഫ് ക്യാപിറ്റൽ ഗ്രീൻസിൽ 5.06 കോടിയുടെ അപ്പാർട്ട്മെന്റുകൾ, ഡൽഹിയിലെ അൾട്രാ-പോഷ് ഗ്രേറ്റർ കൈലാഷ്-II ഏരിയയിൽ 1.21 കോടി രൂപയ്ക്ക് ഡിഎൽഎഫിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്ലോട്ട് എന്നിവ സ്വന്തമാക്കി. ഇതിലെ വിലകളിൽ ചിലത് തികച്ചും അയഥാർത്ഥമാണ് എന്ന് ഡിഎൽഎഫിന്റെ പത്രക്കുറിപ്പ് പറഞ്ഞപ്പോൾ, വാദ്രയുടെ കമ്പനികൾ രജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച ബാലൻസ് ഷീറ്റിൽ നിക്ഷേപ നമ്പറുകളെല്ലാം പറഞ്ഞിട്ടുണ്ട്. കൂടാതെ ബിക്കാനീർ, മനേസർ, പൽവാൽ, ഹസൻപൂർ, മേവാത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വാദ്രയുടെ സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടി.

അഴിമതിക്കഥകൾ

റോബർട്ട് വാദ്രയ്ക്കും ഡിഎൽഎഫ് കമ്പനിക്കും എതിരെ 2018 സെപ്റ്റംബറിൽ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ എടുത്തതും ഡിഎൽഎഫ് കോമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഡിഎൽഎഫ് ഗാർഡൻ സിറ്റി ഇൻഡോർ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎൽഎഫ് ലക്ഷ്വറി ഹോം ലിമിറ്റഡ് എന്നിവ ചേർന്ന് 170 കോടി രൂപ സംഭാവന നൽകിയപ്പോൾ ഒഴിവാക്കിയതുമായ ഗുരുഗ്രാം ഭൂമി തട്ടിപ്പ് അതിലൊന്നു മാത്രം. 2011 ഒക്ടോബറിൽ രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി ഡിഎൽഎഫ് ലിമിറ്റഡിൽ നിന്ന് വാദ്ര 65 കോടി രൂപ പലിശരഹിത വായ്പയും ഭൂമിയിടപാടിൽ കനത്ത ലാഭവും കൈക്കലാക്കിതായി ആരോപണമുയര്‍ന്നു. ഒരു സ്വകാര്യസംരംഭകൻ എന്ന നിലയിലാണ് വാദ്രയുമായി ഇടപാട് നടത്തിയതെന്നും ന്യായമായ വ്യാപാരരീതിയിൽ നല്‍കിയ ‘ബിസിനസ് അഡ്വാൻസ്’ ആണ് വായ്പയെന്നും ഡിഎൽഎഫ് പ്രതികരിച്ചു. റോബർട്ട് വാദ്ര, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂർ ഗ്രാമത്തിൽ 2013ൽ നടന്ന 150 ഏക്കർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസുമുണ്ട്. 2008ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഭൂമി ഇടപാടിൽ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃതസമ്പാദ്യം വാദ്ര ഉണ്ടാക്കിയെന്നാണ് ആരോപണം.

റോബർട്ട് വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, ബിക്കാനീറിലെ കോളയാട്ടിൽ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായി നീക്കിവച്ച ഭൂമി കൈക്കലാക്കി അവിഹിത ലാഭമുണ്ടാക്കിയെന്നാരോപിച്ച് 2015 സെപ്റ്റംബറിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 69.55 ഹെക്ടർ ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും വ്യാജ ഇടപാടുകളിലൂടെ അലെജെനറി ഫിൻലീസിന് അമിത വിലയ്ക്ക് വിൽക്കുകയും ചെയ്തു. 2019 ഫെബ്രുവരിയിൽ, രാജസ്ഥാൻ ഹൈക്കോടതി വാദ്രയ്ക്കും അമ്മ മൗറിനും (വാദ്രയുടെ ഉടമസ്ഥതയിലുള്ള എല്ലാ കമ്പനികളുടെയും ഡയറക്ടർ) പ്രസ്തുത ഇടപാടുകളിൽ സമൻസ് അയച്ചു.

2009ൽ യുപിഎ സർക്കാരിന്റെ കാലത്തെ പെട്രോളിയം ഇടപാടിൽ വാദ്രയ്ക്കും കൂട്ടാളികൾക്കും കെെക്കൂലി ലഭിച്ചതായി ഇഡി ആരോപിച്ചിരുന്നു. ഇഡി പറയുന്നതനുസരിച്ച്, ലണ്ടൻ ആസ്ഥാനമായുള്ള 12, ബ്രയാൻസ്റ്റൺ സ്ക്വയറിൽ 1.9 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വത്ത് വാദ്ര കെെക്കൂലിയായി വാങ്ങിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. റോബർട്ടിന്റെ സഹോദരൻ റിച്ചാർഡ് ദുരൂഹസാഹചര്യത്തിൽ മരിച്ചത് ആത്മഹത്യയാണെന്നും അല്ലെന്നും പറയപ്പെടുന്നു. സഹോദരി മിഷേൽ കാറപകടത്തിൽ കൊല്ലപ്പെട്ടു. പിതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. ആ കുടുംബത്തിന്റെ സ്വത്തുക്കളുടെ ഏക അവകാശിയായി റോബർട്ട് വാദ്ര മാറി.

വയനാടിനുമേൽ മറ്റൊരു ദുരന്തം

ഉറങ്ങിക്കിടക്കുമ്പോൾ പാഞ്ഞുവന്ന ഉരുളിൽ ഉറ്റവരും ഉടയവരും ഒലിച്ചുപോയ വയനാട്ടുകാരുടെമേൽ ഒരു രാഷ്ട്രീയദുരന്തം കൂടി വന്നുപതിച്ചിരിക്കുന്നു. പാവപ്പെട്ട കർഷകരും തോട്ടംതൊഴിലാളികളും ആദിവാസികളും ജീവിത പ്രയാസങ്ങളിൽ നട്ടംതിരിയുമ്പോൾ വയനാടിനെ കാണാനോ അറിയാനോ ഒരിക്കലും കഴിയാത്ത ഒരു രാഷ്ട്രീയപ്രഭുകുടുംബം രാജവാഴ്ചക്കാലത്ത് എന്നതുപോലെ വയനാടിനെ എടുത്തിരിക്കുകയാണ്. റായ്ബറേലിയിൽ താൻ മത്സരിക്കുമെന്നും ജയിച്ചാൽ ആ മണ്ഡലം നിലനിർത്തുമെന്നും തീരുമാനിച്ചുറപ്പിച്ചതിനു ശേഷം അത് മറച്ചുവച്ച് വയനാട്ടിൽ മത്സരിച്ച് ജയിക്കുകയും സൗകര്യപ്രദമായി ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് രാഹുൽഗാന്ധി സഹോദരിക്ക് വഴിയൊരുക്കിയിരിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെയും അവസരവാദപരമായ ഒത്തുതീർപ്പിന്റെയും അവിഹിത വിജയങ്ങൾ ആഘോഷിച്ചുകൊണ്ടുള്ള പുതിയ പാർലമെന്ററി പ്രവേശനവേദിയിൽ ബലിമൃഗങ്ങളാകാനോ ഇന്നാട്ടിലെ സമ്മതിദായകരുടെ വിധി!

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.