23 January 2026, Friday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025

ഫോണ്‍ കേടായി: ആപ്പിള്‍ ഐഫോണ്‍ കമ്പനി 1.85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുത്തരവിട്ട് ഉപഭോക്തൃ കോടതി

Janayugom Webdesk
പത്തനംതിട്ട
October 30, 2024 9:31 am

ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ആപ്പിള്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംങ് ഡയറക്ടര്‍ 1,85,000 രൂപാ പിഴ നൽകാന്‍ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. അടൂർ മണക്കാല സ്വദേശി എമ്പട്ടാഴിയിൽ വീട്ടിൽ പ്രവീൺകുറുപ്പ് നൽകിയ പരാതിയിലാണ് വിധി ഉണ്ടായത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ പ്രവീണ്‍ ജോലിയുമായി ബന്ധപ്പെട്ട് 256 ജിബി ആപ്പിള്‍ ഐഫോണ്‍ 14പ്രോ മാക്സ് റോ 1,49,900 രൂപയ്ക്ക് പാലക്കാട്ടുള്ള മൈജിയുടെ ഷോറൂമില്‍ നിന്നും വാങ്ങിയിരുന്നു.

ഒരു വർഷത്തെ വാറണ്ടിയും മറ്റു പല വാഗ്ദാനങ്ങളും കമ്പനി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയുടെ ഇൻഡ്യൻ വിങ് ആയ ആപ്പിളിന്റെ ഫോൺ വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ ഫോൺ പൂർണ്ണമായും ഉപയോഗ്യമല്ലാതായി മാറുകയാണ് ചെയ്തത്. ബാംഗ്ലൂരുളള കമ്പനിയെ ഈ വിവരം അറിയിച്ചതിന്റെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരം ബാംഗ്ലൂരുളള ആപ്പിളിന്റെ അംഗീകൃത സർവ്വീസ് സെന്ററിൽ ഫോൺ കാണിക്കുകയുണ്ടായി.

സർവ്വീസ് സെന്ററിലെ ജീവനക്കാർ ഫോൺ പരിശോധിച്ചശേഷം റിപ്പോർട്ട് നൽകിയത് ഈ ഫോൺ റിപ്പയർ ചെയ്യാൻ കഴിയാത്ത രീതിയിൽ ഉപയോഗശൂന്യമായെന്നും 82,220 രൂപാ അടക്കുകയാണെങ്കിൽ മദര്‍ബോര്‍ഡ് മാറി നൽകി ഫോൺ പ്രവർത്തന ക്ഷമമാക്കി നൽകാമെന്നുമാണ് പറഞ്ഞത്. വാറണ്ടി സമയത്ത് ഫോൺ കേടായാൽ ഫ്രീയായി നന്നാക്കി നൽകണമെന്ന നിബന്ധന പാലിക്കാതെ 82,220 രൂപ നൽകണമെന്നു പറഞ്ഞതു കൊണ്ടാണ് പ്രവീണ്‍ കമ്മീഷനെ സമീപിച്ചത്. പരാതി സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും കോടതിയിൽ ഹാജരായ ഇരുകക്ഷികളുടേയും തെളിവുകളും രേഖകളും പരിശോധിക്കുകയുണ്ടായി. രേഖകളും തെളിവുകളും പരിശോധിച്ച കമ്മീഷൻ ഹർജിക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ചയുടെ ഭാഗമായിട്ടല്ല ഫോൺ കേടായതെന്നു കണ്ടെത്തുകയാണ് ചെയ്‌തത്‌.

ഒരു വർഷത്തെ വാറണ്ടി നൽകിയ സ്ഥിതിക്ക് ഫോൺ നന്നാക്കി നൽകാൻ കമ്പനി ബാദ്ധ്യസ്ഥരാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഐഫോണിന്റെ വിലയായ 1,49,000 രൂപാ കമ്മീഷനിൽ ഹർജിഫയൽ ചെയ്ത‌ അന്നു മുതൽ 9% പലിശയുൾപ്പെടെ തിരിച്ചു നൽകാനും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും ചേർത്ത് ഒരു മാസത്തിനകം 1,85,000 രൂപ ആപ്പിൾ കമ്പനി ഹർജികക്ഷിക്കു നൽകാൻ വിധിക്കുകയാണു ചെയ്തത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.