30 October 2024, Wednesday
KSFE Galaxy Chits Banner 2

ആര്‍സിബിയെ നയിക്കാന്‍ കോലി !

Janayugom Webdesk
October 30, 2024 10:48 pm

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായി വീണ്ടും വിരാട് കോലിയെത്തിയേക്കും. വരുന്ന താരലേലത്തിനു മുന്നോടിയായ ടീമിനെ അടിമുടി അഴിച്ചുപണിതേക്കും. ഇതിനെത്തുടര്‍ന്ന് ഫാഫ് ഡുപ്ലസിയെ ടീമില്‍ നിലനിര്‍ത്താനിടയില്ല. തുടര്‍ന്നാണ് വീണ്ടും കോലി ആര്‍സിബിയുടെ ക്യാപ്റ്റനായെത്തിയേക്കാന്‍ സാധ്യതയേറുന്നത്. ഡുപ്ലസിയെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ തന്നെ വീണ്ടും നായകനാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എക്കാലവും താരനിബിഡമായ ടീമുമായിട്ടാണ് എത്താറുള്ളതെങ്കിലും, ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല. ഈ കുറവു നികത്താനുറച്ചാണ് കോലിയെ നായകസ്ഥാനത്ത് വീണ്ടും അവരോധിച്ച് ആർസിബിയുടെ പടപ്പുറപ്പാട്. മെഗാ താരലേലം ഒരു മാസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് കോലിയെ ആർസിബി നായകസ്ഥാനത്ത് തിരിച്ചെത്തിക്കുന്നത്. 2013 മുതൽ 2021 വരെ വിരാട് കോലിയായിരുന്നു ആർസിബിയുടെ നായകൻ. ഇതിൽ നാലു സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ കോലിക്കായി. 

2016ൽ കോലിക്കു കീഴിൽ ആർസിബി ഫൈനലിൽ കടന്നെങ്കിലും, കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റു. എന്നാല്‍ അപ്രതീക്ഷിതമായാണ് 2021 സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം കോലി പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ ആര്‍സിബിയ്ക്കൊപ്പമുണ്ടായിരിക്കും എന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച 2021ല്‍ കോലി പറഞ്ഞിരുന്നത്. 2008 മുതല്‍ ആര്‍സിബിക്കൊപ്പം കോലിയുണ്ട്. മൊഗാലേലത്തിന് മുന്നോടിയായി ആര്‍സിബി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടില്ല. കോലിയെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുഹമ്മദ് സിറാജ്, വില്‍ ജാക്‌സ്, രജത് പടിധാര്‍ എന്നീ താരങ്ങളുടെ പേരും നിലനിര്‍ത്തുന്നവരുടെ പട്ടികയില്‍ ഉണ്ടാവാനാണ് സാധ്യത. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനാണ് കോലി. 

2008ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ആര്‍സിബിയെ പ്രതിനിധീകരിക്കുന്ന താരം 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സ് നേടിയിട്ടുണ്ട്. ഡു പ്ലെസിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ടുതവണ പ്ലേ ഓഫിലെത്തി. ഒരുതവണ ആറാം സ്ഥാനത്തായാണ് ലീഗ് അവസാനിപ്പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയും ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്തിനേയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആര്‍സിബി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, കെ എല്‍ രാഹുലിനെ തിരിച്ചെത്തിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കഴിഞ്ഞ സീസണില്‍ നയിച്ച കെ എല്‍ രാഹുലിനെ നിലനിര്‍ത്താല്‍ താല്പര്യമില്ലെന്നാണ് സൂചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.