31 October 2024, Thursday
KSFE Galaxy Chits Banner 2

പോരാട്ടവീര്യം @ 104

കെ പി രാജേന്ദ്രൻ 
ജനറൽ സെക്രട്ടറി, എഐടിയുസി
October 31, 2024 4:30 am

1920 ഒക്ടോബർ 31ന് ജനിച്ച രാജ്യത്തെ ആദ്യ തൊഴിലാളിവർഗ പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി), ഇന്ന് അതിന്റെ 105-ാം പ്രവർത്തന വർഷത്തിലേക്ക് കടക്കുകയാണ്. രാജ്യമൊട്ടാകെയുള്ള തൊഴിലാളികളുടെ പ്രതിനിധികൾ അന്നത്തെ ബോംബെ പട്ടണത്തിൽ സമ്മേളിച്ച് എഐടിയുസിക്ക് രൂപം നൽകിയപ്പോൾ രാജ്യത്ത് നിലനിന്നിരുന്നത് വ്യാപകമായ അടിച്ചമർത്തലുകളും ചൂഷണവും, അടിമപ്പണിയും, ബാലവേലയും, കുറഞ്ഞകൂലിയും മനുഷ്യത്വരഹിതമായ വ്യവസ്ഥകളുമായിരുന്നു. ആ സാഹചര്യങ്ങൾ രാജ്യമെമ്പാടുമുള്ള തൊഴിലാളികളെ സംഘടിക്കാനും അവകാശങ്ങൾക്കായി സമരം ചെയ്യാനും പ്രേരിപ്പിച്ചു.

1886 മേയിൽ എട്ടു മണിക്കൂർ ജോലിസമയം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പണിമുടക്കും തുടർന്നുണ്ടായ ചിക്കോഗോ വെടിവയ്പും, ജാലിയൻ വാലാബാഗ് സംഭവത്തെത്തുടർന്ന് ശക്തിയാർജിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനവും, 1917ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവവുമെല്ലാം രാജ്യത്ത് തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിനും തൊഴിൽസമരങ്ങൾ വ്യാപകമാകുന്നതിനും പ്രചോദനമേകിയിരുന്നു. തൊഴിലാളി സംഘടനകൾ രൂപംകൊള്ളുകയും തൊഴിൽസമരങ്ങൾ വ്യാപകമാകുകയും അവയെ നേരിടാനുള്ള ശക്തമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ തൊഴിലാളികളുടെ ഏകീകൃത സംഘടന എന്ന ആശയം രൂപപ്പെടുന്നതും 1920 ജൂലൈ 16ന് ബോംബെയിൽ ചേർന്ന സമ്മേളനം സംഘടനാ രൂപീകരിക്കാന്‍ തീരുമാനിക്കുന്നതും. ഒക്ടോബർ 31ന് ബോംബെയിലെ എമ്പയർ തിയേറ്ററിൽ സമ്മേളിച്ച് ലാലാ ലജ്പത്റായ് പ്രസിഡന്റായി ഓള്‍ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് ജന്മം നല്‍കി.

തുടക്കം മുതൽക്കേ തൊഴിലാളികളുടെ അവകാശസംരക്ഷണ രംഗത്തും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും ദേശീയ പ്രസ്ഥാനത്തിലും അന്തർദേശീയ തലത്തിൽ തൊഴിലാളികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലുമെല്ലാം എഐടിയുസി ബദ്ധശ്രദ്ധമായിരുന്നു. സംഘടനയുടെ സ്ഥാപക നേതാക്കളിൽ പലരും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കൂടി നേതാക്കളായിരുന്നു. അവർ നൽകിയ ഊർജവും പ്രോത്സാഹനവുമാണ് തൊഴിലാളിവർഗ പ്രസ്ഥാനത്തിന് കരുത്ത് പകർന്നത്. വിപ്ലവനായകനായ ഭഗത് സിങ് നിയമസഭയിലേക്ക് ബോംബെറിഞ്ഞ് ശ്രദ്ധയാകർഷിച്ചപ്പോൾ അദ്ദേഹം ഉന്നയിക്കാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ പ്രധാനമായ ഒന്ന് തൊഴിലാളികൾക്കെതിരായ ക്രൂരമായ വ്യവസായ തർക്ക നിയമം പിൻവലിക്കണമെന്നതായിരുന്നു. 

1928ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു എഐടിയുസി പ്രസിഡന്റായിരുന്നപ്പോഴാണ് സൈമൺ കമ്മിഷനെതിരെ പ്രക്ഷോഭം നടന്നത്.
ഈ പ്രക്ഷോഭങ്ങൾക്കിടയിലാണ് ലാത്തിച്ചാര്‍ജിൽ സ്ഥാപക പ്രസിഡന്റായ ലാലാ ലജ്പത്റായിക്ക് പരിക്കേൽക്കുന്നതും അദ്ദേഹം മരണത്തിനു കീഴടങ്ങുന്നതും. നേതാജി സുഭാഷ് ചന്ദ്രബോസ് എഐടിയുസി കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. സി ആർ ദാസ്, എൻ എം ജോഷി, വി വി ഗിരി, എസ് എ ഡാങ്കെ, ഇന്ദ്രജിത് ഗുപ്ത, മണിബെൻ കാര, എ ബി ബർദൻ, കെ എൽ മഹേന്ദ്ര, ജെ ചിത്തരഞ്ജൻ, ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയ നിരവധി മഹാരഥന്‍മാരുടെ സംഭാവനകളും ഓർക്കേണ്ടതുണ്ട്.
1921ൽ ഝാരിയയിൽ നടന്ന എഐടിയുസി സമ്മേളനം സ്വരാജ് (പൂർണ സ്വാതന്ത്ര്യം) എന്ന ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പാസാക്കുന്നത് പിന്നെയും നിരവധി വർഷങ്ങൾക്കുശേഷം 1929ലാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന എണ്ണമറ്റ സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ തൊഴിലാളികൾ രക്തസാക്ഷികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 1972ൽ രാഷ്ട്രം സ്വാതന്ത്ര്യ സമര സേനാനികളെ താമ്രപത്രം നൽകി ആദരിച്ചപ്പോൾ ഏറ്റുവാങ്ങിയവരിൽ പലരും തൊഴിലാളി നേതാക്കളായിരുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ചില ഇളവുകളും സ്വയംഭരണവും എന്ന ബ്രിട്ടീഷുകാരുടെ നിർദേശം ആദ്യം നിരസിച്ചത് എഐടിയുസിയായിരുന്നു. ഈ നിർദേശം അംഗീകരിക്കരുതെന്ന് രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടതും സംഘടനയായിരുന്നു. സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സ്വയംഭരണത്തിന് ഭരണഘടനാ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വേണം എന്നായിരുന്നു എഐടിയുസി നിർദേശിച്ചത്. ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഭരണഘടനാ അസംബ്ലിയില്‍ സമർപ്പിച്ചതും ഭരണഘടന എഐടിയുസി തന്നെയാണ്. 

1929ൽ സ്ഥാപിതമായ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും 1945ൽ സ്ഥാപിതമായ ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെയും രൂപീകരണത്തിൽ എഐടിയുസി മുഖ്യപങ്ക് വഹിച്ചു. സംഘടന നടത്തിയ നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായി തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്ന നിരവധി നിയമങ്ങൾ രാജ്യത്ത് നടപ്പായി. 1923ലെ വർക്കേഴ്സ് കോമ്പൻസേഷൻ ആക്ടും, 1926ലെ ട്രേഡ് യൂണിയൻ ആക്ടും രൂപീകൃതമാകുന്നത് എഐടിയുസി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമാണ്. 

സ്വതന്ത്ര ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും തൊഴിലാളികൾ കഠിനാധ്വാനത്തിൽ സൃഷ്ടിച്ച ആസ്തികൾ സംരക്ഷിക്കുന്നതിക്കുറിച്ചുമൊക്കെയുള്ള നിർദേശങ്ങളും എഐടിയുസി സമർപ്പിച്ചിരുന്നു. ഈ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും സ്വാശ്രയ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ചവിട്ടുപടികളും രൂപം കൊള്ളുന്നത്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, മാന്യമായ വേതനത്തിനുള്ള അവകാശം, തുല്യ പരിഗണന, മാതൃസംരക്ഷണം തുടങ്ങി അധ്വാനവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിരവധി വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്താന്‍ കഴിഞ്ഞതും എഐടിയുസിയുടെ ശ്രമഫലമാണ്.
2014ൽ അധികാരത്തിലേറിയ ബിജെപി സർക്കാർ ആ സ്വാശ്രയ വികസന മാതൃകകളെ പരസ്യമായി തള്ളിക്കളയുകയും തൊഴിലാളികൾ ചോരയും നീരും നൽകി നേടിയെടുത്ത അവകാശങ്ങളെ ആക്രമിക്കുകയും ചെയ്തു. സമ്പദ് വ്യവസ്ഥയെ ആഴമുള്ള പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു. അതോടെ ദാരിദ്ര്യവും അസമത്വവും ജീവിതച്ചെലവും വർധിച്ചു. ദിവസക്കൂലിക്കാർ ആത്മഹത്യ ചെയ്തു. പെൻഷൻ ലഭിക്കാതെ വയോധികർ കഷ്ടപ്പെട്ടു. മറുവശത്താകട്ടെ കോർപറേറ്റ് നികുതികൾ കുറച്ചു, അവരുടെ വായ്പകൾ എഴുതിത്തള്ളി. കള്ളപ്പണം വെളുപ്പിക്കാനും കോർപറേറ്റുകളെ സഹായിക്കാനും നിയമങ്ങൾ ഭേദഗതി ചെയ്തു. വർഗീയ വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും മുദ്രാവാക്യമായ ‘ഹിന്ദുരാഷ്ട്ര’വാദമുയർത്തി, മതേതര പാരമ്പര്യങ്ങളെ തിരസ്കരിച്ചു. ചരിത്ര വസ്തുതകളെ തമസ്കരിച്ചു. വിദ്യാഭ്യാസ രംഗത്ത് പിന്തിരിപ്പൻ സമീപനം സ്വീകരിച്ചു. ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ചു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. വിയോജിപ്പിന്റെ സ്വരങ്ങൾ അടിച്ചമർത്തി. 

സംഘ്പരിവാര്‍ അധികാരത്തിൽ തുടർന്നാൽ ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറുമെന്ന് 10 വർഷമായി അവർ നടപ്പാക്കിയ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ നയങ്ങളും സ്വേച്ഛാധിപത്യ പ്രവണതകളും അനുഭവിച്ച ജനങ്ങൾ ആശങ്കപ്പെട്ടു. ബിജെപി സർക്കാരിനെ പരാജയപ്പെടുത്താനും ശക്തമായ ഒരു ബദൽ സർക്കാരിനെ അധികാരത്തിലേറ്റാനും അനുയോജ്യമായ സന്ദർഭമായി അവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കണ്ടു. തെരഞ്ഞെടുപ്പിൽ 64.2 കോടി വോട്ടർമാരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ചത് തിരിച്ചടിയായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച് സർക്കാർ രൂപീകരിക്കാൻ ബിജെപിക്കായില്ല. സഖ്യ കക്ഷികളുടെ സഹായം വേണ്ടിവന്നു. 

തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും ബിജെപി പാഠങ്ങൾ പഠിച്ചുവെന്ന് കരുതിയവർക്ക് തെറ്റി. മതേതര ജനാധിപത്യ ഇന്ത്യക്ക്
അനുകൂലമായി വോട്ടു ചെയ്തവരെ പാഠം പഠിപ്പിക്കാനെന്നവണ്ണം പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകങ്ങളും വർഗീയ കലാപങ്ങളും വിദ്വേഷ പ്രചരണങ്ങളും മുമ്പത്തെക്കാളും കൂടുതൽ പ്രതികാരത്തോടെ അരങ്ങേറുകയാണ്. പകപോക്കലുകളും, കെടുകാര്യസ്ഥതയും, അഴിമതിയും തുടരുകയാണ്. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളുമായി മോഡിസർക്കാർ മുന്നോട്ട് പോകുകയാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത, വിദേശ ഭരണാധികാരികളുടെ വിഭജന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച ശക്തികളുടെ പിടിയിലാണ് ഇന്ന് നമ്മുടെ രാജ്യം. തൊഴിൽ നിയമ പരിഷ്കാരങ്ങളുടെ പേരിൽ തൊഴിലവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ചോദ്യം ചെയ്യപ്പെടുന്നു. എരിതീയിൽ എണ്ണപകരുംവണ്ണം മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളുടെ യജമാനന്മാരുടെ സ്വരം ഏറ്റുപാടുന്നു. മാന്യമായ വേതനവും പെൻഷനും ലഭിക്കാനും സംഘടിക്കാനും കൂട്ടായി വിലപേശാനുമുൾപ്പെടെയുള്ള തൊഴിലവകാശങ്ങൾ സംരക്ഷിക്കാനും, മതേതര ജനാധിപത്യവും സാമൂഹിക സമത്വവും നീതിയും പുലരാനും വേണ്ടിയുള്ള പോരാട്ടങ്ങൾ നാം തുടരേണ്ടതുണ്ട്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും നിലനില്പിനായുള്ള ആ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടാണ് എഐടിയുസി അതിന്റെ 105-ാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്നത്. 

തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രക്ഷോഭ പാതയിൽ അസാധാരണമായ നേതൃപാടവം കാട്ടിയ സ. ഗുരുദാസ് ദാസ്ഗുപ്തയുടെ ഓർമ്മ ദിനം കൂടിയാണിന്ന്. മഹാനായ ആ നേതാവിന്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ”ജീവിക്കാനായി പോരാടൂ, പോരാട്ടങ്ങളിലൂടെ ജീവിക്കൂ” എന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനുള്ള കരുത്താർജിക്കുമെന്ന ശപഥത്തോടെ എഐടിയുസിയുടെ 104-ാം സ്ഥാപക ദിനം രാജ്യമെമ്പാടുമുള്ള തൊഴിലാളികൾ ഇന്ന് ആചരിക്കും. മതേതര ജനാധിപത്യം പുലരട്ടെ, നീതിയും സാമൂഹിക സമത്വവും പുലരട്ടെ, വിദ്വേഷവും ധ്രുവീകരണവും തുലയട്ടെ, എന്നീ മുദ്രാവാക്യങ്ങളോടൊപ്പം എല്ലാവർക്കും മാന്യമായ വേതനം, എല്ലാവർക്കും പെൻഷൻ, കൂട്ടായി വിലപേശാനുള്ള അവകാശം, സുരക്ഷിതമായ തൊഴിലിടങ്ങൾ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നമുക്കൊന്നായി പോരാടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.