18 February 2026, Wednesday

Related news

February 18, 2026
February 17, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026

കേരളത്തിന്റെത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 1, 2024 10:31 pm

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായാണ് കേരളാ പൊലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ സർക്കാരിന്റെ ഭരണമെന്നും ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പൊലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ കേരളാ പൊലീസിന്റെ 68ാമത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 2024ലെ മികച്ച സേവനം നടത്തിയ 264 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വർഗീയ സംഘർഷങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളും വനിതാ – വയോജന — ശിശുസൗഹൃദമായി. സാമ്രാജ്യത്വ ഭരണകാലത്തെ മനോഘടനയിൽ നിന്നും മുക്തമായി. ഒരു ജനകീയ സേന എന്ന നിലയിലേക്കുള്ള കേരളാ പൊലീസിന്റെ പരിവർത്തനമാണ് കഴിഞ്ഞ 68 വർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രളയകാലത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ കാലത്തും സേന നടത്തിയ ഇടപെടലുകൾ പൊലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുത്തി. കുറ്റാന്വേഷണ മികവിൽ കേരളാ പൊലീസിന് പകരംവയ്ക്കാൻ രാജ്യത്ത് മറ്റൊരു സേനയില്ല. ഒരിക്കലും തെളിയില്ലെന്നു കരുതിയ നിരവധി കേസുകൾ സേന തെളിയിച്ചു. സംസ്ഥാനത്തിനകത്തു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ പോയി വരെ പ്രതികളെ പിടികൂടുന്നു. ഇതെല്ലാം കേരളാ പൊലീസിന്റെ കുറ്റാന്വേഷണ മികവ് വ്യക്തമാക്കുന്നു. കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന സേനയും കേരളാ പൊലീസാണ്. ഇന്റർനെറ്റും ഫൈബർ കണക്ടിവിറ്റിയും ഇല്ലാത്ത ഒറ്റ പൊലീസ് സ്റ്റേഷനും നിലവിൽ കേരളത്തിലില്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കാനുള്ള തനതുസാങ്കേതികവിദ്യ വരെ ഇന്ന് കേരളാ പൊലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്ത് കേരളാ പൊലീസ് ആർജിച്ച മികവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പൊലീസിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. ഈ ലക്ഷ്യത്തിലേക്ക് സർക്കാർ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് പൊലീസ് സേനയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ പത്തു ശതമാനം വനിതകൾക്ക് മാത്രമായി നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൗണ്ടിൽ നടന്ന പൊലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും മറ്റു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന, കെഎപി2 ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് പ്രമോദ് വി തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.