23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024
December 8, 2024
December 7, 2024
December 5, 2024
December 5, 2024

രാഷ്ട്രീയ ഹവാലയിൽ സമഗ്രാന്വേഷണം അനിവാര്യം

Janayugom Webdesk
November 2, 2024 5:00 am

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ വൻതോതിൽ ബിജെപി കേരളത്തിലേക്ക് ഹവാലപ്പണം ഒഴുക്കിയതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞദിവസം ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീശന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. 2021 ഏപ്രിൽ മൂന്നിന് തങ്ങൾ യാത്രചെയ്തിരുന്ന കാർ കൊള്ളയടിച്ച് അതിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവർന്നതായി കൊടകര പൊലീസിന് ലഭിച്ച പരാതിയിൽ നിന്നുമാണ് ബിജെപിയുടെ ഹവാല ഇടപാട് പുറത്താവുന്നത്. അന്വേഷണത്തിൽ കൊള്ളയടിക്കപ്പെട്ടത് യഥാർത്ഥത്തിൽ 3.5 കോടി രൂപയാണെന്നും, അത് ബിജെപിയുടെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന അനധികൃത പണമാണെന്നും വ്യക്തമായിരുന്നു. ആർഎസ്എസ് പ്രവർത്തകനും ബിസിനസുകാരനുമായ ധർമ്മരാജൻ എന്നയാൾ ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ തലേദിവസം എത്തിച്ച 6.5 കോടി രൂപയിൽ തൃശൂരിന്റെ വിഹിതം കിഴിച്ചുള്ള പണം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊള്ള നടന്നത്. ധർമ്മരാജൻ ആറ് ചാക്കുകളിലായി കൊണ്ടുവന്ന പണം ഒന്നാംനിലയിലുള്ള ബിജെപി ഓഫിസിലേക്ക് ചുമന്നെത്തിക്കുന്നതിന് സഹായിച്ചതും പിന്നീട് അതിന് കാവലിരുന്നതും താനാണെന്ന് സതീശൻ പറയുന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ജില്ലാപ്രസിഡന്റ് കെ കെ അനീഷ്‌കുമാറിന്റെയും നിർദേശമനുസരിച്ചാണ് താൻ പ്രവർത്തിച്ചിരുന്നതെന്നും അന്ന് പാർട്ടി ഓഫിസ് സെക്രട്ടറി ആയിരുന്ന സതീശൻ പറയുന്നു. പിന്നീട് ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് സതീശൻ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച കേസ് വിചാരണയ്ക്ക് വരുമ്പോൾ യഥാർത്ഥ വസ്തുത കോടതിയെ ബോധിപ്പിക്കുമെന്നും അയാൾ പറയുന്നു. സതീശന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തിയ നിഷേധങ്ങൾ യാതൊന്നും യുക്തിഭദ്രമോ ജനങ്ങളെ ബോധ്യപ്പെടുത്താൻ പര്യാപ്തമോ അല്ല. 

തൃശൂരിൽ എത്തിയതും കൊള്ളയടിക്കപ്പെട്ടതുമായ പണം തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാൻ കർണാടകത്തിൽ നിന്നും ബിജെപി കേരളത്തിലേക്ക് എത്തിച്ച 41.2 കോടി രൂപയുടെ ഭാഗമാണെന്ന് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി ഇനിയും പുറത്തുവന്നിട്ടില്ലാത്ത റിപ്പോർട്ടിൽ പറയുന്നതായി പ്രമ­ുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ അ­ന്വേഷണം, പണത്തിന്റെ ഉറവിടം, അതിന്റെ കൈമാറ്റത്തിൽ ഉൾപ്പെട്ട വ്യക്തികൾ എന്നീ വിവരങ്ങൾ പുറത്ത് കൊണ്ടുവരുമെന്നു പറയുന്ന റിപ്പോർട്ടിൽ, ഇടപാടിൽ ഉൾപ്പെട്ട നിരവധി ബിജെപി നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടത്രെ. ഈ റിപ്പോർട്ട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡ­യറക്ടറേറ്റുമായി പങ്കുവച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്താനും കള്ളക്കേസുകളിൽ കുടുക്കാനും നിതാന്തജാഗ്രത പുലർത്തുന്ന ഇഡി കേരളത്തിലെയും കർണാടകത്തിലെയും ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസിൽ യാതൊരു പ്രതികരണത്തിനും മുതിർന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയാതെ ബിജെപിയിൽ ഇത്തരം നിയമവിരുദ്ധ ഇടപാടുകൾ നടക്കുമെന്ന് വിശ്വസിക്കാനാവില്ല. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് പിൽക്കാലത്ത് വിധിച്ച തെരഞ്ഞെടുപ്പ് ബോണ്ടിന് ‘ധനബിൽ’ എന്ന പിൻവാതിലിലൂടെ നിയമസാധുതയുടെ പരിവേഷം നൽകി ഏതാണ്ട് പതിനായിരം കോടി രൂപയുടെ അഴിമതിപ്പണം ബിജെപിയുടെ മടിശീലയിൽ എത്തിച്ചവർ ജനവിധി അട്ടിമറിക്കാൻ ഏതുമാർഗവും അവലംബിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. തെരഞ്ഞെടുപ്പ് ബോണ്ടുകൾ നിയമവിധേയമായിരുന്നതിനാൽ അത് തെരഞ്ഞെടുപ്പ് അട്ടിമറി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നതായിരിക്കണം ഹവാല മാർഗം അവലംബിക്കാൻ കാരണം. ഹവാല ഇടപാടിലേക്ക് വെളിച്ചംവീശുന്ന തെളിവുകളും കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് കൈമാറിയിട്ടുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ കേരളത്തിലോ, ‌ഇന്ത്യയിൽത്തന്നെയോ അധികാരത്തിലെത്തുക ബിജെപിക്ക് അതീവ ദുഷ്കരമായിരിക്കുമെന്ന് നാളിതുവരെയുള്ള അവരുടെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ചരിത്രം സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിയാൽ ബോധ്യപ്പെടും. വിഷലിപ്തമായ തീവ്ര ഹിന്ദുത്വ ആശയങ്ങളുടെയും ഫാസിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച അർധസൈനിക ആർഎസ്എസും അനുബന്ധ സംഘടനകളും നൽകുന്ന പേശീബലത്തിന്റെയും ഹവാലപ്പണമടക്കം നിയമവിരുദ്ധമായി ആർജിച്ച പണക്കൊഴുപ്പിന്റെയും മാരക സങ്കരമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ രഹസ്യം. വിജയിച്ചില്ലെങ്കിലും 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ജനാധിപത്യവിരുദ്ധമായ അതേ മാർഗമാണ് അവർ അവലംബിച്ചത്. അതാണ് കൊടകര ഹവാല കൊള്ളയിലൂടെ പുറത്തുവന്നത്. അതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദുരീകരിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വിഷയത്തിൽ ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ എത്തിച്ച് അർഹമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും യുക്തവും സത്വരവുമായ അന്വേഷണം അനിവാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.