27 December 2024, Friday
KSFE Galaxy Chits Banner 2

ഒക്ടോബർ വിപ്ലവത്തിന്റെ മഹത്വം

Janayugom Webdesk
November 3, 2024 5:00 am

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം, പരിവർത്തനം അതിന്റെ പ്രക്രിയയിലായിരുന്നു. റഷ്യയിലെ സാഹചര്യം ഒക്ടോബർ വിപ്ലവത്തിന് പാകമാകുകയായിരുന്നു. വ്ലാദിമിർ ഇലിച്ച് ലെനിന്റെ നേതൃത്വത്തിൽ ഫ്യൂഡൽ‑മുതലാളിത്ത ഭരണത്തെ തുരത്താൻ തൊഴിലാളികളും അടിച്ചമർത്തപ്പെട്ടവരും ഉയർന്നുവന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു. സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥിതിയിലെ ഏറ്റവും ദുർബലമായ കണ്ണിയിലാണ് റഷ്യയിൽ വിപ്ലവം നടന്നതെന്ന് ലെനിന്‍ പറഞ്ഞിരുന്നു. യൂറോപ്പിലെ മറ്റ് മുതലാളിത്ത രാജ്യങ്ങളോളം റഷ്യ പുരോഗമിച്ചിരുന്നില്ല. അതിനാലാണ് 1870ൽ ജോർജി പ്ലെഖനോവ് സമരത്തിനായി തൊഴിലാളിവർഗത്തെ സംഘടിപ്പിക്കാന്‍ ‘തൊഴിലാളി വിമോചന ലീഗ്’ സ്ഥാപിച്ചത്. അടിസ്ഥാനപരമായി മാർക്സിസമെന്ന ശാസ്ത്രീയ പ്രത്യയശാസ്ത്ര അടിത്തറയിലാണ് പ്ലെഖനോവ് പ്രവർത്തനം തുടങ്ങിയത്. വ്യാവസായികവൽക്കരണം അതിന്റെ മേധാസ്ഥാനം നേടിയെടുക്കാൻ തുടങ്ങിയപ്പോൾ, തൊഴിലാളിവർഗത്തിനും ഉയർച്ചയുണ്ടായി. 1898ൽ മിൻസ്കിൽ വച്ച് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (ആർഎസ്ഡിഎൽപി) രൂപീകരിക്കപ്പെട്ടു. രൂപീകരണത്തിന്റെ ശില്പി ലെനിൻ തന്നെയായിരുന്നു. ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ചും വിപ്ലവത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചർച്ചകൾ ഉയർന്നു. പാർട്ടിയിലെ അംഗങ്ങൾ അവരുടെ യൂണിറ്റുകളിലും സജീവമാകണമെന്ന് തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ലെനിൻ “എന്തുചെയ്യണം ?” എന്ന പുസ്തകമെഴുതുന്നത്. 

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ചകൾക്കെത്തിയവരിൽ നരോദ്നിക്കുകൾ, അരാജകവാദികൾ, തീവ്ര ഇടതുപക്ഷം തുടങ്ങി നിരവധി പേരുണ്ടായിരുന്നു. കർഷകരെയും കാർഷിക വ്യവസ്ഥയെയും അടിസ്ഥാനമാക്കിയുള്ള ഉട്ടോപ്യൻ സോഷ്യലിസം എന്ന അവരുടെ ആശയത്തെ അദ്ദേഹം എതിർത്തു. ശാസ്ത്രീയവും വിപ്ലവകരവുമായ ഒരു തന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. മുതലാളിത്ത ആക്രമണത്തിനെതിരെ പോരാടാനുള്ള വിപ്ലവത്തിന്റെ ശാസ്ത്രീയ തന്ത്രം അപ്പോഴേക്കും അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ലെനിന് തടവും നാടുകടത്തലും നേരിടേണ്ടി വന്നു. അത്തരം സാഹചര്യങ്ങളിൽ, തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ആർഎസ്ഡിഎൽപിയിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. 

പാർട്ടിക്കുള്ളിലെ രണ്ട് പ്രമുഖ ഗ്രൂപ്പുകളായ ബോൾഷെവിക്കുകളും (ഭൂരിപക്ഷം) മെൻഷെവിക്കുകളും (ന്യൂനപക്ഷം) നിർദേശിച്ച രണ്ട് തന്ത്രങ്ങൾ വിപ്ലവത്തിന്റെ വ്യത്യസ്ത സ്വഭാവം ചൂണ്ടിക്കാണിച്ചു. രണ്ട് ഗ്രൂപ്പുകളും പിന്നീട് രണ്ട് പാർട്ടികളായി പിളരുകയും ചെയ്തു. രണ്ട് തന്ത്രങ്ങളും വിശദീകരിച്ചുകൊണ്ടാണ് ലെനിൻ, “സോഷ്യല്‍ ഡെമോക്രസിയുടെ രണ്ടു തന്ത്രങ്ങള്‍” എഴുതിയത്. മാർക്സിസ്റ്റ് വിപ്ലവ സിദ്ധാന്തത്തിന് ഒരു പുതിയ മാനം നൽകുന്നതിനുള്ള ചുവടുവയ്പായിരുന്നു അത്. വിപ്ലവം മുതലാളിത്തത്തിന്റെ സമ്പൂർണ തകർച്ചയിലേക്കോ ഫ്യൂഡലിസത്തെയും സാറിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തെയും മറികടന്ന് ബൂർഷ്വാ ജനാധിപത്യഘട്ടത്തിലേക്കോ നീങ്ങും എന്നതായിരുന്നു ആശങ്ക. സമരത്തിന് നേതൃത്വം നൽകുന്ന തൊഴിലാളിവർഗത്തോടൊപ്പം കൈകോർക്കണമെന്ന് ചെറുകിട സംരംഭകര്‍, നാമമാത്ര കർഷകര്‍, സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ എന്നിവരോട് ലെനിൻ ആവശ്യപ്പെട്ടു. സാമ്രാജ്യത്വ വ്യവസ്ഥിതിയിലെ വിപ്ലവം ഒരു പുതിയ ഘട്ടത്തിലൂടെ നീങ്ങേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം അതിനെ ബൂർഷ്വാ-ജനാധിപത്യമെന്ന് വിളിച്ചു. മഹത്തായ ഒക്ടോബർ വിപ്ലവത്തിന് തയ്യാറെടുക്കുമ്പോൾ ലെനിൻ നൽകിയ പ്രസിദ്ധമായ സംഭാവനകളിൽ ഒന്നാണ് സാമൂഹ്യ ജനാധിപത്യത്തിന്റെ രണ്ട് ആശയങ്ങളുടെ ഐക്യം. എന്നാൽ ഇത് മെൻഷെവിക്കുകളുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കി. തൊഴിലാളിവർഗത്തിലെ വലിയൊരു വിഭാഗം ലെനിന്റെ തത്വം ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടു. സോഷ്യലിസ്റ്റ് റവല്യൂഷണറി പാർട്ടിയും മെൻഷെവിക്കുകളും പ്രതിനിധീകരിക്കുന്ന തീവ്ര ഇടതുപക്ഷവും ലെനിൻ വിട്ടുവീഴ്ച ചെയ്തു എന്ന അഭിപ്രായക്കാരായിരുന്നു. ലെനിൻ മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും പിന്തുണയ്ക്കുന്നുവെന്ന് അവർ കരുതി. എന്നാൽ തൊഴിലാളിവർഗം തന്നെ എണ്ണത്തിലും അവബോധത്തിലും വളരുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ല. ഉല്പാദനത്തിലെ സുപ്രധാന മാറ്റങ്ങൾ പ്രതിപക്ഷം പരിഗണിച്ചില്ല എന്നതും വസ്തുതയായിരുന്നു. പ്രവ്ദ, ഇസ്ക്ര, ഇസ്‌വെസ്റ്റിയ, റബോചയ മിസ്ൽ തുടങ്ങിയ പത്രങ്ങൾ ഇരുപക്ഷത്തിന്റെയും നിലപാട് വെളിച്ചത്തുകൊണ്ടുവരാൻ തുടങ്ങിയത് വിപ്ലവ പ്രക്രിയയെ സമ്പന്നമാക്കി. 1905ലെ വിപ്ലവമാണ് 1917ലെ ഒക്‌ടോബർ വിപ്ലവത്തിന് ആമുഖം കുറിച്ചത്. 1905ലെ വിപ്ലവം വിജയകരമായില്ലെങ്കിലും 1917ലെ അന്തിമ പ്രവർത്തനത്തിനായുള്ള “ഡ്രസ് റിഹേഴ്സൽ” എന്ന് അറിയപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ മാറ്റങ്ങളുണ്ടായി. കുത്തക മുതലാളിത്തവും സാമ്രാജ്യത്വവും ദൃശ്യമാകാൻ തുടങ്ങി. ലോകമെമ്പാടും ധനമൂലധനത്തിന്റെ ഭരണം നിലവില്‍ വന്നു. ഒന്നാം ലോകമഹായുദ്ധത്തിനുള്ള സന്ദർഭമൊരുങ്ങുമ്പോൾ ലോകം വിഭജനത്തെയും പുനർവിഭജനത്തെയും അഭിമുഖീകരിക്കുകയായിരുന്നു. സാർ നിക്കോളാസ് സൈന്യത്തെ യുദ്ധമുന്നണിയിൽ ചേര്‍ത്തത് റഷ്യയിൽ വിരുദ്ധാഭിപ്രായങ്ങള്‍ ശക്തമാക്കി. 13 ലക്ഷം പേർ കൊല്ലപ്പെടുകയും 42 ലക്ഷം ശത്രുസൈന്യത്താൽ പിടിക്കപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ വികലാംഗരാകുകയും ചെയ്തു. 1917മാർച്ച് എട്ടിന് സമരത്തിനിറങ്ങിയ 90,000 പേരുടെ പിന്തുണയോടെ, ആയിരക്കണക്കിനാളുകള്‍ ഭക്ഷണം ആവശ്യപ്പെട്ട് തെരുവിൽ ഒത്തുകൂടി. അന്താരാഷ്ട്ര വനിതാദിനമായതിനാൽ സ്ത്രീകളുടെ നേതൃത്വത്തിലും ‘റൊട്ടി’ ലഹള തുടങ്ങിയിരുന്നു. റഷ്യൻ വിപ്ലവം പാർട്ടി വിപ്ലവമല്ലെന്നും തൊഴിലാളിവർഗവും ബഹുജനങ്ങളും സോവിയറ്റുകളിലൂടെയാണ് വരുന്നതെന്നും, സോവിയറ്റുകളെ നയിക്കുന്നത് പാർട്ടികളാണെന്നും പരിഗണിക്കേണ്ടതുണ്ട്. ആ സമയം ലെനിൻ നാടുകടത്തപ്പെട്ടിരിക്കുകയായിരുന്നു. ഏപ്രിലിൽ മാത്രമാണ് അദ്ദേഹത്തിന് തിരികെയെത്താന്‍ കഴിഞ്ഞത്. 

ബോൾഷെവിക് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഒക്ടോബറിൽ യോഗം ചേർന്ന് സായുധ കലാപത്തിന് അനുകൂലമായ തീരുമാനമെടുത്തു. തന്ത്രപരമായ നീക്കങ്ങൾക്ക് ലെനിൻ രൂപരേഖ തയ്യാറാക്കി. അദ്ദേഹം പറഞ്ഞു, “സംഭവങ്ങള്‍ നമ്മുടെ ചുമതല വ്യക്തമാക്കുന്നു. ഏതൊരു നീട്ടിവയ്ക്കലും കുറ്റകരമായിത്തീരും.” കലാപത്തിന്റെ സ്വഭാവത്തെയും സമയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ലെനിനുണ്ടായിരുന്നു. ഒക്ടോബർ 25, (1917 നവംബർ ഏഴ്) പ്രവർത്തനം ആരംഭിക്കാനുള്ള ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. കലാപത്തിന്റെ കലയെയും ശാസ്ത്രത്തെയും കുറിച്ചുള്ള ഉജ്വല രചനകളുമായി അദ്ദേഹം രംഗത്തിറങ്ങിയ കാലമായിരുന്നു അത്. എങ്ങനെ മുന്നോട്ടുപോകണം എന്നതിന്റെ വ്യക്തമായ രൂപരേഖയും അതിനുള്ള ഉത്തരവും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കപ്പൽ ശേഖരം, ടെലിഫോൺ എക്സ്ചേഞ്ച്, ടെലിഗ്രാഫ് ഓഫിസ്, റെയിൽവേ സ്റ്റേഷനുകൾ, പാലങ്ങൾ എന്നിവിടങ്ങളില്‍ തൊഴിലാളികളെയും സൈനിക വിഭാഗങ്ങളെയും സജ്ജരാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 25ന് ലെനിൻ സ്മോൾനിയിലെത്തി, പൂർണ നിയന്ത്രണം ഏറ്റെടുത്തു. വിപ്ലവത്തിന്റെ മുഴുവൻ പ്രക്രിയയിലും നേതൃത്വം മഹാനായ തത്വചിന്തകനും ശാസ്ത്രചിന്തകനുമായ ലെനിന്റെ കൈകളിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.