എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റം ആരോപിച്ചു ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹർജിയിൽ കക്ഷിചേർന്നിരുന്നു. നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് ദിവ്യ. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ദിവ്യ കീഴടങ്ങിയത്.
എഡിഎം കെെക്കൂലി വാങ്ങിയെന്ന വാദമാണ് ദിവ്യയുടെ അഭിഭാഷകൻ ഉന്നയിച്ചത്. കെെകൂലി നൽകിയതിനാണ് പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടതിന് സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
അഞ്ചാം തീയതി പ്രശാന്തൻ സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണവായ്പയെടുത്തതും ആറാം തീയതി എഡിഎമ്മുമായി ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഫോൺ വിളിച്ചാൽ കെെക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തിൽ ചോദിച്ചു. കെെക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായി. എഡിഎമ്മും പ്രശാന്തനും ഫോണിൽ സംസാരിച്ചാൽ എങ്ങനെ കെെക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിന്റെ കുടുംബം വാദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.