വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചേലക്കര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പ്രചരണ പരിപാടികൾ ബഹുദൂരം മുന്നിലെത്തി. മൂന്നാംഘട്ട പര്യടനങ്ങൾക്ക് ഇന്നലെ രാവിലെ എട്ടിന് വെങ്ങാനെല്ലൂർ ചവതപ്പറമ്പിൽ നിന്നും തുടക്കമായി. വെയിൽ മൂക്കുന്നതിനുമുന്നേ ചേലക്കരക്കാർക്ക് ചൂട് പിടിച്ചുകഴിഞ്ഞിരുന്നു. കുറെ വർഷങ്ങളായി നാടിനെയും നാട്ടുകാരെയും ചേർത്തുപിടിച്ച ഇടതുമുന്നണി സർക്കാരിനെ വിജയിപ്പിക്കാൻ ജാതിമത പ്രായഭേദങ്ങളില്ലാതെ അവർ ഒന്നടങ്കം നിരത്തുകളിലേക്കിറങ്ങി. ആദ്യഘട്ട പര്യടന വേളയിൽ കടന്നുപോയ അതേ വീഥികൾ വീണ്ടും ചുവപ്പണിഞ്ഞ് സ്ഥാനാർത്ഥിക്കായി കാത്തുനിന്നു. വഴിയോരത്തെ ചില മുഖങ്ങളിൽ വിരിഞ്ഞത് നിറഞ്ഞ ചിരികളാണെങ്കിൽ മറ്റ് ചില മുഖങ്ങളിൽ കണ്ടത് അഭിമാനമായിരുന്നു. ചില മുഖങ്ങളിൽ നന്ദിയും സംതൃപ്തിയും മറ്റു ചിലതിൽ വരാനിരിക്കുന്ന നല്ല കാലത്തിന്റെ പ്രതീക്ഷകളുമാണ്. രാമൻകണ്ടത്ത്, തോന്നൂർക്കര, ചാക്കപ്പൻപടി, അന്തിമഹാകാളൻ കാവ്, പങ്ങാരപ്പിള്ളി, കളപ്പാറ, തൃക്കണായ കരിയാർക്കോട്, എളനാട് സെന്റർ എന്നീ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പര്യടനം ഉച്ചയോടെ പരുത്തിപ്രയിലെത്തിച്ചേർന്നു. ‘മക്കള് വന്നേപ്പിന്നെ പെൻഷനൊക്ക കൃത്യമായി കിട്ടുന്നുണ്ടെ‘ന്ന് പറഞ്ഞ് അമ്മമാർ വിതുമ്പി. ഒത്തിരി കഷ്ടപ്പാടായിരുന്നു മുന്നേ, ഇപ്പോ സന്തോഷാണ്, മോൻ ജയിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിയെ ചേർത്തുപിടിച്ച് നെറ്റിയിലൊരു മുത്തം നൽകിയാണ് അമ്മമാർ ആശംസകൾ നേർന്നത്. 1996 മുതൽ ഇടതുമുന്നണിയെ നെഞ്ചോട് ചേർത്തുപിടിച്ചവർക്ക് തന്റെയും പ്രസ്ഥാനത്തിന്റെയും നന്ദിയറിയിക്കുകയും വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ സഹായമഭ്യർത്ഥിക്കുകയും ചെയ്തു. ചേലക്കരക്കാർ നൽകിയ വിശ്വാസവും സ്നേഹവുമാണ് നാടിനെയും പ്രസ്ഥാനത്തെയും മുന്നോട്ട് നയിച്ചതെന്നും ഇനിയും കൂടെയുണ്ടാകണമെന്നും സ്ഥാനാർത്ഥി പറഞ്ഞു. ഉച്ചയ്ക്കുശേഷം വെന്നൂരിൽ നിന്നും ആരംഭിച്ച പര്യടനം കല്ലേപ്പാടം ചന്തപ്പുര, കാട്ടുകുളം, തിരുവില്വാമല, കലംകണ്ടത്തൂർ, മായന്നൂർ തെരുവ്, വാഴാട് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രിയോടെ ചേലക്കോട് മുത്തങ്ങാകുണ്ടിൽ സമാപിച്ചു. ‘രാധേട്ടൻ എംപിയായ സ്ഥിതിക്ക് പ്രദീപേട്ടൻ എംഎൽഎ കൂടിയായാൽ നമ്മളൊരു കലക്ക് കലക്കു’ മെന്ന പ്രതീക്ഷയിലാണ് ചേലക്കരക്കാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.