9 November 2024, Saturday
KSFE Galaxy Chits Banner 2

എതിരാളികളില്ലാതെ ജീനയുടെ റെക്കോഡ് സ്വർണം

Janayugom Webdesk
കോതമംഗലം
November 8, 2024 11:34 pm

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീന ബേസില്‍ വീണ്ടും സ്വര്‍ണമണിഞ്ഞപ്പോള്‍ ഇക്കുറിയതിന് റെക്കോഡിന്റെ തിളക്കവുമുണ്ടായിരുന്നു. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ജീന 3.43 മീറ്റര്‍ ഉയരം താണ്ടിയാണ് ഇക്കുറി പൊന്നണിഞ്ഞത്. 3.42 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്. 

അഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്ക്ക് എതിരില്ല. സാമ്പത്തിക പരാധീനതകള്‍ക്കിടയിലാണ് ജീനയുടെ വിജയമെന്നത് ഈ സുവര്‍ണനേട്ടത്തിന് തിളക്കമേറുന്നു. സ്വന്തമായി വീടില്ലാത്ത ജീനയുടെ ഏറ്റവും വലിയ സ്വപ്നം ഒരു ജോലിയാണ്. സ്കൂളധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3.50 മീറ്റര്‍ താണ്ടാനുള്ള ശ്രമത്തിനിടെ പോള്‍ വീണ് ജീനയുടെ മൂക്കിന് പരിക്കേറ്റിരുന്നു. 

പട്നയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ വെള്ളാമക്കുത്ത് പുതുപ്പാടിയിൽ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്സിങ് വിദ്യാര്‍ത്ഥിയാണ്. ഉയരപ്പോരാട്ടത്തില്‍ മാര്‍ബേസിലിലെ തന്നെ എമി ട്രീസ 2.70 മീറ്റര്‍ രണ്ടാമതായി. കോഴിക്കോട് മേപ്പയൂര്‍ ഗവ. വി എച്ച് എസ് എസിലെ എസ് ജാന്‍വി 2.30 മീറ്റര്‍ താണ്ടി വെങ്കലം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.