14 November 2024, Thursday
KSFE Galaxy Chits Banner 2

കപ്പടിക്കാൻ സൂപ്പർ ലീഗിൽ നാളെ സൂപ്പർ പോരാട്ടം

സുരേഷ് എടപ്പാൾ
November 9, 2024 10:29 pm

പ്രഥമ സൂപ്പർ ലീഗ് കേരളയുടെ കിരീടാവകാശി ആരാകും? കോഴിക്കോടൻ കരുത്തരൊ, അതോ കൊച്ചി കായൽ പരപ്പിന്റെ ശക്തികളൊ ? ഇന്ന് വൈകിട്ട് നടക്കുന്ന പോരാട്ടം കാൽ പന്താരാധകരെ സംബന്ധിച്ചിടത്തോളം ആവേശത്തിന്റെ പെരും പൂരം തന്നെയാകും. രണ്ടു മാസത്തിലേറെ മലയാളി ഫു­ട്ബോൾ പ്രേമികളെ ത്രില്ലടിപ്പിച്ച പോരാട്ടങ്ങൾക്കാണ് നാളെ സാമൂതിരിയുടെ മണ്ണിൽ ഫൈനൽ വിസിൽ ഉയരുക. കാലിക്കറ്റ് എഫ്‌സിയും ഫോഴ്‌സാ കൊച്ചിയും കലാശപ്പോരിൽ നേർക്കുനേർ വരുമ്പോൾ ഫലം പ്രവചനാതീതമാണ്. രണ്ടും ടീമുകളും ടൂർണമെന്റിലുടനീളം പുലർത്തിയ മികച്ച ഫോം തന്നെയാണ് കിരീട പോരാട്ടത്തെ നിർണായകമാക്കുന്നത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ലീഗിന്റെ തുടക്കം മുതൽ മികവോടെ കളിച്ചാണ് കാലിക്കറ്റ് ഫൈനലിൽ കയറിയത്. ആദ്യ മത്സരം തോറ്റ്, ഒന്ന് പതറിയ ശേഷം പിന്നീട് ഫോമിലേക്കുയർന്നാണ് കൊച്ചിക്കാർ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

ഗോൾവേട്ടക്കാർ മുഖാമുഖം

ഗോൾവേട്ടക്കാരുടെ മുഖാമുഖമാണ് ഫൈനൽ പോരാട്ടം. ലീഗിൽ ആകെ പിറന്ന 81 ഗോളുകളിൽ 20 ഉം സ്കോർ ചെയ്തത് കാലിക്കറ്റ് ആണ്. കൊച്ചിക്കാരുടെ ബൂട്ടുകൾ വലയിലെത്തിച്ചത് 12 ഗോളുകൾ. കളിക്കാരുടെ വ്യക്തിഗത ഗോളടി മികവിൽ കൊച്ചിക്കാരനാണ് മുന്നിൽ. ഏഴ് ഗോളുമായി ടോപ് സ്‌കോറർ സ്ഥാനത്ത് നിൽക്കുന്ന ഫോഴ്സാ കൊച്ചിയുടെ ബ്രസീൽ താരം ഡോറിയൽട്ടൻ ഗോമസ് എതിരാളികളുടെ പേടി സ്വപ്നമാണ്. ഗോളിക്കാരുടെ എണ്ണത്തിൽ കാലിക്കറ്റിനാണ് മേൽക്കൈ. ടീമെന്ന നിലയിൽ കാലിക്കറ്റിന്റെ ഒത്തൊരുമയുടെ അടയാളങ്ങളാണ് ഗോളടി വീരന്മാർ. ഗോളടിക്കാരുടെ ഒരു പട തന്നെ കാലിക്കറ്റിന്റെ സ്ക്വാഡിലുണ്ട്. ടോപ് സ്‌കോറർ ഗനി നിഗം (നാല് ഗോൾ), ഹെയ്ത്തിക്കാരൻ കെർവൻസ് ബെൽഫോർട്ട് (നാല് ഗോൾ), യുവതാരം മുഹമ്മദ്‌ റിയാസ് (മൂന്ന് ഗോൾ) എന്നിവരെല്ലാം കാലിക്കറ്റിന്റെ പടയാളികളാണ്.

കീപ്പർമാരും കേമന്മാർ

ഏറ്റവും കൂടുതൽ സേവ് നടത്തിയ ഗോൾ കീപ്പർമാരുടെ പട്ടികയിലും ഇരു ടീമിലെയും കളിക്കാർ ഉണ്ട്. കൊച്ചി ഗോളി ഹജ്മൽ 23 സേവുകൾ നടത്തിയപ്പോൾ കാലിക്കറ്റ് ഗോളി വിശാലിന്റെ പേരിൽ 22 സേവുകളുണ്ട്. ഗോളടിക്കുന്നതിലും തടുക്കുന്നതിലും കരുത്തറിയിച്ച രണ്ടു ടീമുകൾ മോഹക്കപ്പിനായി കോഴിക്കോടിന്റെ പച്ചപ്പരവതാനിയിൽ അങ്കം കുറിക്കുമ്പോൾ സമീപകാല കേരള ഫുട്ബോൾ കണ്ട ഏറ്റവും മികച്ച കാല്‍പന്ത് യുദ്ധത്തിനാവും ഫുട്ബോൾ പ്രേമികൾ സാക്ഷിയാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.