14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 13, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
November 8, 2024
November 7, 2024
November 7, 2024

ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ബിജെപിയുടെ വംശീയ വിദ്വേഷം

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2024 8:17 pm

ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് വർഗീയ ചേരിതിരിവുകൾക്കായി ബിജെപിയുടെ തീവ്രശ്രമം. പ്രചരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോള്‍ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തിറങ്ങിക്കഴിഞ്ഞു. നടപടിയെടുക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി ജെ പി നഡ്ഡ, ഝാര്‍ഖണ്ഡിന്റെ പാര്‍ട്ടി ചുമതലക്കാരനായ ഹിമന്ത ബിശ്വ ശര്‍മ്മ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെല്ലാം വിവേചനത്തിനും അക്രമത്തിനും കാരണമായേക്കാവുന്ന വിവാദ പ്രസ്താവനകളുമായി കളംനിറഞ്ഞു. ഝാർഖണ്ഡിന്റെ ചരിത്രപരമായ വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും കനത്ത ഭീഷണിയായി പ്രകോപനപരമായ പ്രസ്താവനകള്‍ മാറിയിട്ടുണ്ട്.

പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന ഭീതി പടര്‍ത്തുന്നതായിരുന്നു ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അമിത് ഷായുടെ ഇന്നലത്തെ പ്രസംഗങ്ങള്‍. ഒബിസി, ദളിത്, ആദിവാസി എന്നിവർക്കുള്ള സംവരണ പരിധി കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.
ഝാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായ പിതാവിനും ആദിവാസി അമ്മയ്ക്കും ജനിക്കുന്ന കുട്ടികള്‍ക്ക് ഗോത്രവര്‍ഗ അവകാശങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ജെ പി നഡ്ഡയുടെ പ്രഖ്യാപനം. ഹേമന്ത് സൊരേന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും ഉള്ളവരെ അനധികൃതമായി കുടിയേറാന്‍ അനുവദിച്ചെന്ന് ജംഷഡ്പൂരിലെ റാലിയില്‍ ആദിത്യനാഥ് ആരോപിച്ചു. ഭൂമി ജിഹാദും ലവ് ജിഹാദും സംസ്ഥാനത്തെ ജനസംഖ്യാശാസ്ത്രം മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.

ആദിവാസി മേഖലയായ ഝാര്‍ഖണ്ഡില്‍ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റം വ്യാപകമാണെന്നും ഇത് നിലനില്പിനെ ബാധിക്കുമെന്നുള്ള ബോധപൂര്‍വമായ പ്രചരണമാണ് ബിജെപി നേതാക്കള്‍ തുടക്കംമുതല്‍ നടത്തുന്നത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കും മുഖ്യമന്ത്രി ഹേമന്ത് സൊരേനും തദ്ദേശീയ സമൂഹം നല്‍കുന്ന പിന്തുണ ദുര്‍ബലമാക്കാനാണ് ശ്രമം. സംസ്ഥാനത്തിനെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട നടപടിയെടുക്കുന്നുവെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. ഇതിലൂന്നി ജെഎംഎം-കോണ്‍ഗ്രസ് സഖ്യം ആദ്യഘട്ട പ്രചാരണത്തില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. തദ്ദേശീയ സംസ്കാരത്തിന് മുസ്ലിങ്ങള്‍ ഭീഷണിയാണെന്ന വാദം ഉയര്‍ത്തിക്കാട്ടുകയെന്ന തന്ത്രം മാത്രമേ ഇനി ബിജെപിക്ക് മുന്നിലുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അസമില്‍ കാലുറപ്പിക്കാന്‍ നടപ്പാക്കിയ കുടിയേറ്റവിരുദ്ധ വികാരം ഇത്തവണ ഝാര്‍ഖണ്ഡില്‍ തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 13 നാണ് ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട പോളിങ്.

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

വിദ്വേഷ പ്രസ്താവനകളില്‍ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും ബിജെപി എംഎൽഎ നവീൻ ജയ്‌സ്വാളിനുമെതിരെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ് (സിജെപി) തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. വർഗീയമോ മതപരമോ ആയ വിഭജനത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ബിജെപി നേതാക്കള്‍ നടത്തിയതായും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1951 ലെ ജനപ്രാതിനിധ്യ നിയമ വ്യവസ്ഥകളുടെയും ലംഘനമാണെന്നും സാമുദായിക സൗഹാര്‍ദത്തിന് അപകടകരമായ ഭീഷണിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ഒരു ധര്‍മ്മശാല അല്ലെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന. ബംഗ്ലാദേശി കുടിയേറ്റക്കാർ ഝാർഖണ്ഡിൽ കാലുറപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ പ്രാദേശിക സ്ത്രീകളെ വിവാഹം ചെയ്യുന്നതായും വിഭവങ്ങളും ജോലിയും മോഷ്ടിക്കുന്നതായും ചൗഹാന്‍ ആരോപിച്ചു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും റോഹിങ്ക്യൻ മുസ്ലിങ്ങളും ആധിപത്യം നേടുന്നതിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു നവീന്‍ ജെയ്‌സ്വാളിന്റെ പ്രസ്താവന. അതേസമയം പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.