23 January 2026, Friday

Related news

January 21, 2026
January 12, 2026
January 5, 2026
January 2, 2026
December 30, 2025
December 29, 2025
December 25, 2025
December 21, 2025
December 19, 2025
December 18, 2025

ധാരാവി പുനര്‍നവീകരണത്തിന്റെ പേരില്‍ അഡാനി ഭൂമി കയ്യേറുന്നു; മഹാരാഷ‍്ട്രയില്‍ എംവിഎ ആയുധമാക്കുന്നു

Janayugom Webdesk
മുംബൈ
November 10, 2024 9:16 pm

മഹാരാഷ‍്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരാവി പുനര്‍നവീകരണം വലിയ ചര്‍ച്ചയാകുന്നു. ഭൂമി കയ്യേറാനുള്ള അഡാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പദ്ധതിയെ കുറിച്ച് തങ്ങളെ വ്യക്തമായി അറിയിക്കാത്തതും സുതാര്യതയില്ലാത്തതും കാരണം ഭരണ‑പ്രതിപക്ഷ പാര്‍ട്ടികളുടെ കിംവദന്തികള്‍ക്കും ചൂഷണത്തിനും വഴിയൊരുക്കിയെന്ന് ധാരാവി നിവാസികള്‍ ആരോപിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ ആധുനിക നഗര എന്‍ക്ലേവ് ആക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2022ല്‍ അഡാനി റിയാലിറ്റി 259 ഹെക‍്ടര്‍ ധാരാവി ക്ലസ‍്റ്റര്‍ പുനര്‍വികസന പദ്ധതിയുടെ ടെണ്ടര്‍ 20,000 കോടിക്ക് കരസ്ഥമാക്കി. കഴിഞ്ഞയാഴ‍്ച അഡാനി റിയാലിറ്റി ഉദ്യോഗസ്ഥര്‍ ധാരാവിയിലെ ചില പ്രദേശങ്ങളിലെ വീടുകളിലും കടകളിലും പരിശോധനയ‍്ക്കെത്തിയിരുന്നു. സുന്ദര്‍ എന്നയാളുടെ 340 ചതുരശ്ര അടിയിലുള്ള കട അളക്കനും സംഘമെത്തി. അളവു ടേപ്പും ചെറിയ ഡയറിക്കുറിപ്പുകളും ക്യാമറകളുമായി എത്തിയ സംഘം എല്ലാം റെക്കോഡ് ചെയ്യുകയും സ്ഥലത്തിന്റെ അളവ് സ്ഥിരീകരിക്കാന്‍ സുന്ദറിനോട് ആവശ്യപ്പെടുകയും ചെയ‍്തു. താഴത്തെ നില കൂടാതെ മുകളിലേക്കും കെട്ടിടമുണ്ടെന്ന് പറഞ്ഞെങ്കിലും അത് അളക്കാന്‍ അവര്‍ തയ്യാറായില്ല. അതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. 

പ്രദേശത്തെ കടകളിലും വീടുകളിലും ഇതുപോലെ മുകളിലേക്ക് നിലകളുണ്ട്. സ്ഥലപരിമിതി മൂലമാണ് ആലുകള്‍ ഈ രീതി അവലംബിച്ചത്. എന്നാല്‍ ഇവ പുനര്‍വികസന പദ്ധതിയിലെ തര്‍ക്കവിഷയമാണ്. മിക്കവരും തങ്ങളുടെ വീടിന്റെയോ, സ്ഥലത്തിന്റെയോ ഗണ്യമായ ഭാഗം നഷ‍്ടപ്പെടുമെന്ന ഭീഷണിയിലാണ് ജീവിക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് പുനര്‍വികസനത്തിന് യോഗ്യതയുള്ളവര്‍ക്ക് 350 ചതുരശ്ര അടി സ്ഥലത്തിന് അര്‍ഹതയുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ പകുതിയിലധികം നഷ‍്ടപ്പെടുമെന്ന് പ്രദേശവാസികള്‍ കരുതുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിലും ഈ വിഷയം ചര്‍ച്ചയായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പ്രതിപക്ഷം. അദാനിക്ക് തോന്നുംപടി ഭൂമി കൈമാറാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ഭൂമി കയ്യേറ്റം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. പദ്ധതിയെയല്ല നഗരത്തില്‍ ലഭ്യമായ മിക്കവാറും എല്ലാ ഭൂമിയും അഡാനിക്ക് ഏറ്റെടുക്കാന്‍ അനുവദിക്കുന്ന സംസ്ഥാന തീരുമാനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. ഇവിടെയുള്ളവരെ എങ്ങനെ പുനരധിവസിപ്പിക്കും, എവിടേക്ക് മാറ്റിപ്പാര്‍പ്പിക്കും, അവരുടെ വീടുകളും വര്‍ക്ക്ഷാപ്പുകളും ഒന്നിച്ച് പുനരധിവസിപ്പിക്കുമോ, അതോ പ്രത്യേക പ്രദേശങ്ങളിലായിരിക്കുമോ ഒന്നിനെ കുറിച്ചും വ്യക്തയില്ല. 

തമിഴ‍്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ 1960കളുടെ അവസാനം ധാരാവിയില്‍ കുടിയേറിയിരുന്നു. സുന്ദറിന്റെ മുത്തച്ഛനും അക്കൂട്ടത്തിലൊരാളാണ്. അന്ന് പ്രദേശം ചതുപ്പ് നിലമായിരുന്നു, അച്ഛനും മുത്തച്ഛനും മറ്റും ചാക്കില്‍ മണ്ണ്നിറച്ച് ചുമന്ന് കൊണ്ടുവന്നതാണ് ഇവിടം വാസയോഗ്യമാക്കിയത്. അന്ന് ഇവിടം ചതുപ്പായിരുന്നു. എന്നാലിന്ന് ഞങ്ങളെ കയ്യേറ്റക്കാരായി മാറ്റുകയാണെന്ന് സുന്ദര്‍ പറയുന്നു. പുതിയ പദ്ധതി പ്രകാരം 2000ന് മുമ്പ് നിലനിന്നിരുന്ന കെട്ടിടങ്ങള്‍ പുനര്‍വികസനത്തില്‍ ഉള്‍പ്പെടുത്തും. 2011ലെ സെന്‍സസ് അനുസരിച്ച് ധാരാവിയില്‍ 6.5 ലക്ഷത്തിലധികം ആളുകള്‍ വസിക്കുന്നു. ഒന്നര പതിറ്റാണ്ടിനിടെ ഈ സംഖ്യ ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരും പ്രദേശവാസികളും പറയുന്നു. പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന 2000ന് ശേഷം ഇവിടേക്ക് താമസത്തിനെത്തിയവര്‍ക്കായി വാടക പദ്ധതികളും ആവിഷ‍്കരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.