ഭാരതീയ ജനതാ പാർട്ടിക്ക് താല്പര്യമുണ്ടായാലും ഇല്ലെങ്കിലും, മഹാരാഷ്ട്രയിൽ ഇതുവരെ നടന്നതില്‍വച്ച് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ ഗൗതം അഡാനി പ്രചരണ വിഷയമായി മാറിയിരിക്കുന്നു. തെറ്റിപ്പിരിഞ്ഞ, അമ്മാവൻ ശരദ് പവാറുമായി ഒത്തുതീർപ്പിനായി വിവാദ വ്യവസായി ഇടപെട്ടുവെന്ന് ദി ന്യൂസ് മിനിറ്റിന് നൽകിയ വീഡിയോ അഭിമുഖത്തിൽ അജിത് പവാറാണ് ഉയർത്തിയത്. എന്നാൽ യഥാര്‍ത്ഥത്തില്‍ പവാറിന് പകരം ബിജെപിക്കെതിരെയാണ് അജിത് ഗോളടിച്ചത്. ഇത് അവിചാരിതമാണോ അതോ മുന്‍കൂട്ടി തയ്യാറാക്കിയതാണോ എന്ന് കാലം തെളിയിക്കണം.
“എവിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് എല്ലാവർക്കും അറിയാം… എല്ലാവരും അവിടെയുണ്ടായിരുന്നു. അമിത് ഷാ ഉണ്ടായിരുന്നു, ഗൗതം അഡാനിയും പ്രഫുൽ പട്ടേലുമുണ്ടായിരുന്നു. താനും ദേവേന്ദ്ര ഫഡ്‌നാവിസും പവാർ സാഹെബും(ശരദ് പവാർ) ഉണ്ടായിരുന്നു”വെന്നാണ് അജിത് പറഞ്ഞത്. 2019ല്‍ ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച നാടകത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അന്ന് ബിജെപിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും തമ്മിൽ നടന്ന രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായി, അഡാനിയുമുണ്ടായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ അദ്ദേഹം തിരുത്തി. “തെറ്റിദ്ധരിക്കപ്പെട്ടതാണ്”എന്ന് ഒരു ദിവസത്തിന് ശേഷം അജിത് അവകാശപ്പെട്ടെങ്കിലും വിഷയം കെട്ടടങ്ങിയില്ല.
വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ബിജെപി നിശബ്ദത പാലിക്കുകയായിരുന്നു. അവരുടെ ഈ നിലപാട്, പുറത്തുവന്നതിനെക്കാൾ കൂടുതലുണ്ട് മൂടിവയ്ക്കാന്‍ എന്ന സംശയം ഉയർത്തുന്നു. എല്ലാ പ്രധാന മേഖലകളിലും അഡാനിയുടെ കാൽപ്പാടുകൾ പതിയുന്നത് പ്രതിപക്ഷത്തെയും ആശങ്കാകുലരാക്കുന്നു. മഹായുതി സഖ്യത്തിൽ ‘ചക്രത്തിനുള്ളില്‍ ചക്രങ്ങളുണ്ടെ‘ന്ന് വ്യക്തമാണ്. അജിത് പവാർ 2019ലെ തീരുമാനത്തില്‍ സ്വയം വെള്ളപൂശാനുള്ള തിടുക്കത്തിലായിരുന്നു. അന്ന് തെരഞ്ഞെടുപ്പിന് ശേഷം, മഹാ വികാസ് അഘാഡിക്ക് മുമ്പ് സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിച്ചു. ശരദ് പവാറിന്റെ എൻസിപിക്കെതിരെ അജിത് മത്സരിച്ചെങ്കിലും വെെകാതെ തട്ടകത്തില്‍ തിരിച്ചെത്തി.
അജിത്തിന്റെ അഭിമുഖം ബിജെപിയും അഡാനിയുമായുള്ള ബന്ധത്തില്‍ കൂടുതൽ കുരുക്കുണ്ടാക്കിയിട്ടുണ്ട്. വ്യവസായ ലോകത്തിലെ ഭീമനെ ഭരണകൂടം വ്യക്തിപരമായി വഴിവിട്ട് സഹായിക്കുന്നു എന്ന ആശങ്കകൾ ആഴത്തിലാക്കുകയാണ്. ഹ്രസ്വകാലത്തേക്കു മാത്രമായിരുന്നെങ്കിലും ഫഡ്‌നാവിസ്-അജിത് പവാർ സർക്കാർ ബിജെപിയുടെയും അജിത്തിന്റെയും കഴുത്തിലെ കുരുക്കായി മാറിയിരുന്നു. സംസ്ഥാനം രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴും അധികാരദാഹമാണ് ഇരുകൂട്ടരിലും പ്രകടമായത്.
മുംബൈയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ ആധുനിക കേന്ദ്രമാക്കി മാറ്റാനുള്ള വിവാദമായ ധാരാവി പുനർവികസന പദ്ധതിയെച്ചൊല്ലി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ തുടർച്ചയായ ആക്രമണത്തിന് വിധേയനായ അജിത്തിന്റെ വെളിപ്പെടുത്തൽ അഡാനിക്കും നാണക്കേടാണ്. മഹായുതി സർക്കാരിൽ നിന്ന് പുനർവികസന കരാർ നേടിയെടുക്കുകവഴി അഡാനി, മുംബൈ നിവാസികളെ ചൂഷണം ചെയ്യാൻ പദ്ധതിയിടുന്നതായി ഉദ്ധവും ആദിത്യ താക്കറെയും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എംവിഎ അധികാരത്തിൽ വന്നാൽ കരാർ റദ്ദാക്കുമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിരുപാധിക പിന്തുണയില്‍, വ്യവസായ ഗ്രൂപ്പ് കുതിച്ചുചാട്ടം നടത്തുകയാണെന്ന ശക്തമായ വിമര്‍ശനവുമായി രാഹുൽ ഗാന്ധി ദീർഘകാലമായി അഡാനിക്കെതിരായ പ്രചരണത്തിന് നേതൃത്വം നൽകുന്നു. അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മോഡി അഡാനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് അഡാനി വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിന് ഭരണപക്ഷത്തുനിന്ന് മൗനമായിരുന്നു പ്രതികരണം.
അഡാനിക്ക് ശരദ് പവാറുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയോടൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഓപ്പറേഷനിൽ അമ്മാവൻ പങ്കാളിയായിരുന്നുവെന്ന അജിത് പവാറിന്റെ വാദം ശരദ് പവാറിന്റെ പഴയ അവകാശവാദത്തിന് പുതിയ മാനം നൽകുന്നു. മരുമകൻ അജിത്തിന് വഴിതെറ്റിയെന്നായിരുന്നു ശരദ് പവാറിന്റെ പക്ഷം. 2019ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ആദ്യ മഹാ വികാസ് അഘാഡി സർക്കാരിന്റെ ശില്പിയായതു മുതൽ ശരദ് പവാറിന്റെ ബിജെപി വിരുദ്ധത കഴിഞ്ഞ അഞ്ച് വർഷമായി കൂടുതൽ വ്യക്തമാണ്. മാറിയ സാഹചര്യത്തിൽ ശിവസേനയുമായി അധികാരം പങ്കിടാൻ കോൺഗ്രസിനെയും അദ്ദേഹം രംഗത്തിറക്കിയിട്ടുണ്ട്.
ഉദ്ധവിന്റെയും പാർട്ടിയുടെയും അവകാശവാദം, ആദ്യപകുതിയില്‍ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്ക് നൽകാൻ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചർച്ചകളിൽ അമിത് ഷാ സമ്മതിച്ചുവെന്നായിരുന്നു. തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മൂര്‍ധന്യത്തിൽ എത്തിനില്‍ക്കേ അജിത് പവാറിന്റെ വെളിപ്പെടുത്തൽ ബിജെപിയെ സഹായിക്കില്ല. കാരണം മഹാരാഷ്ട്രയിലെ ഒരു വിഭാഗത്തിന് താല്പര്യമുണ്ടാകുമെങ്കിലും സർക്കാർ രൂപീകരണത്തിൽ വ്യവസായികള്‍ പങ്കുവഹിക്കുന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തെ അത് അകറ്റാൻ സാധ്യതയുണ്ട്.
അജിത്തിന്റെ വെളിപ്പെടുത്തൽ, ബിജെപിയുടെ ഹിന്ദുത്വവാദികളെന്ന പ്രതിച്ഛായയ്ക്കും മങ്ങലുണ്ടാക്കും. ലോകത്തിലെ ഏറ്റവും വലിയത് എന്നവകാശപ്പെടുന്ന പാർട്ടി വ്യവസായികളുടെ സ്വാധീനത്തിലാണെന്ന സന്ദേശം നൽകുകയും ചെയ്യും. അജിത് പവാറുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ ബിജെപിയിലും ആർഎസ്എസിലും നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുണ്ട്. കിരിത് സോമയ്യയുള്‍പ്പെടെയുള്ള ബിജെപി നേതാക്കൾ, അഴിമതിക്കാരനായ അജിത്തിനെ പോലുള്ളവര്‍ ജയിലിൽ പോകണമെന്ന് പ്രചരണം നടത്തിയവരാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ അജിത്, അമ്മാവനെ ആക്രമിക്കുന്നതില്‍ ബുദ്ധിശൂന്യതയുമുണ്ട്. മറാത്തയിലെ ശക്തനെ ലക്ഷ്യമിട്ട് നരേന്ദ്ര മോഡിയും അമിത് ഷായും നടത്തിയ ശ്രമങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായിരുന്നു. അഡാനി ബന്ധം, ശരദ് പവാറിനെ മോശമായി ചിത്രീകരിക്കാൻ അജിത്തിനെയും ബിജെപിയെയും സഹായിക്കുമായിരിക്കും. പക്ഷേ അജിത് ഒരു ‘അപകട മേഖല’യിലാണെന്നും സ്വന്തം പ്രസക്തി നിലനിർത്താൻ കച്ചവടത്തിലെ എല്ലാ തന്ത്രങ്ങളും പയറ്റാന്‍ ശ്രമിക്കുകയുമാണെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.