വയനാട് മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് ഹൈക്കോടതിയിൽ മലക്കം മറിഞ്ഞ് കേന്ദ്ര സർക്കാർ. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചിരുന്നു . കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് കേന്ദ്രസഹമന്ത്രി മറുപടി നൽകിയത് . കത്ത് സംസ്ഥാന സർക്കാർ ഇന്നു ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേന്ദ്രത്തിന്റെ പുതിയ വിശദീകരണം.
പ്രത്യേക സാമ്പത്തിക സഹായമില്ല എന്നു തന്നെയാണ് കത്തു വായിച്ചാൽ മനസിലാകുക എന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു. പുനരധിവാസമടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ദുരന്തം ഏതു വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവർത്തിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുടെ പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.