15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 5, 2024
November 5, 2024
October 27, 2024
October 21, 2024
October 17, 2024
October 17, 2024
October 14, 2024
October 11, 2024

വയനാട് ദുരന്തം: കേന്ദ്രം കടുത്തവിവേചനമാണ് നടത്തുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
November 15, 2024 1:07 pm

വയനാട് ദുരന്തത്തിന്റെ ഇരകളെയും, കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നീതീകരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാക്കുന്തെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഒരോ ദിവസവും സംജാതമാകുന്നത്.

മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം .വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാന്‍ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാകുന്നു.പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമ്പോള്‍ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.

സന്ദര്‍ശനം കഴിഞ്ഞ നാളുകള്‍ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചത്.ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു.ഇന്ത്യാ മഹാരാജ്യം വിവിധ സംസ്ഥാനങ്ങളുടെ യൂണിയനാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാതല്‍.

രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മൂല്യങ്ങളിലൊന്ന് ഫെഡറലിസമാണ്. എന്നാല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുകയാണ്. രാഷ്ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളോട് യാതൊരുതരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുന്നു.ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അര്‍ഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നു. കേരളം പോലെ ഒന്നാം തലമുറ സാമൂഹ്യ വികസന ലക്ഷ്യങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകുന്ന വിധത്തില്‍ കേന്ദ്ര സഹായത്തിന്റെ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നു. ഇതെല്ലാം നമുക്ക് എതിരായി ഭവിക്കുന്നു.ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്.

രാജ്യത്തെ സമുന്നതരായ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങള്‍ അക്കമിട്ട് നിരത്തി നാം ഹര്‍ജി നല്‍കി. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് നാം നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു.

കേരളമുയര്‍ത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തി.ഈ പശ്ചാത്തലത്തില്‍ വേണം വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവല്‍ക്കരിച്ച കേന്ദ്രത്തിന്റെ നടപടികള്‍ നോക്കിക്കാണാന്‍. ഒരു നാട് ഒന്നിച്ച് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഈ പ്രതിഷേധം രാഷ്ട്രീയത്തിനും, മറ്റെല്ലാ വ്യത്യാസങ്ങള്‍ക്കുമതീതമായി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്.

Wayanad Tragedy: Min­is­ter KN Bal­agopal says that the Cen­ter is doing severe discrimination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.