ഫിഫ ലോകകപ്പ് യോഗ്യാതാ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. പരാഗ്വെയോട് 2–1നാണ് മെസിയുടെയും സംഘത്തിന്റെയും പരാജയം. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മൂന്നാം തോല്‍വിയാണിത്. മെസിയുള്‍പ്പെടെ ലോകകപ്പിലുണ്ടായിരുന്ന ഭൂരിപക്ഷം താരങ്ങളുമായിറങ്ങിയിട്ടും അര്‍ജന്റീനയ്ക്ക് പരാഗ്വെയോട് കീഴടങ്ങേണ്ടി വന്നു. ആദ്യ പകുതിയില്‍ 11-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പന്ത് മാര്‍ട്ടിനെസ് വലയിലാക്കുകയായിരുന്നു. വാര്‍ പരിശോധനയ്ക്കു ശേഷമാണ് ഗോള്‍ അനുവദിച്ചത്. എന്നാല്‍ 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയുടെ ബൈസിക്കിള്‍ കിക്കിലൂടെ പരാഗ്വെ സമനില പിടിച്ചു. റൈറ്റ് ബാക്ക് ഗുസ്താവോ വെലാസ്‌ക്വെസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ഡിയാഗോ ഗോമസിന്റെ പാസില്‍ നിന്ന് ഒമര്‍ അല്‍ഡെറെറ്റെ പരാഗ്വെയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറു ആണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍. മത്സരത്തില്‍ പരാഗ്വെ ഡിഫന്‍ഡര്‍മാരുടെ കടുത്ത ടാക്കിളുകളില്‍ മെസി പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനെതിരെ റഫറി കാര്‍ഡ് നല്‍കാത്തതിന് മെസി പലപ്പോഴും തര്‍ക്കിക്കുകയും ചെയ്തു. പരാജയപ്പെട്ടെങ്കിലും 11 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പാരഗ്വെ ആറാമതാണ്. ലോകകപ്പ് യോഗ്യതയില്‍ പരാഗ്വെ ആദ്യമായാണ് അർജന്റീനയെ തോല്പിക്കുന്നത്. രണ്ടു മാസത്തിനിടെ കരുത്തരായ ബ്രസീലിനെയും തോല്പിക്കാന്‍ പരാഗ്വെയ്ക്കു സാധിച്ചു.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ വെനസ്വേല സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ബ്രസീല്‍ ആദ്യം മുന്നിലെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. 43-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടെലാസ്കോ സെഗോവിയയിലൂടെ വെനസ്വേല സമനിലയില്‍ തളയ്ക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് പാഴാക്കുകയും ചെയ്തു. വിനീഷ്യസിനെ വെനസ്വേലന്‍ ഗോളി ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ വിനീഷ്യസിന്റെ കിക്ക് ഗോളി തടുത്തിട്ടു. കളിയുടെ അവസാന നിമിഷം വെനസ്വേലയുടെ അലക്സാണ്ടര്‍ ഗോൺസാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെനസ്വേല മത്സരം പൂര്‍ത്തിയാക്കിയത്. 11 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ബ്രസീൽ പട്ടികയിൽ മൂന്നാംസ്ഥാനത്ത് തുടരുന്നു. 12 പോയിന്റോടെ ഏഴാമതാണ് വെനസ്വേല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.