17 November 2024, Sunday
KSFE Galaxy Chits Banner 2

കവിതയെ യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കരുത്

വിജയ് സി എച്ച്
November 17, 2024 6:00 am

എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മ രചിച്ച ‘രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയിലൂടെ പന്ത്രണ്ടു വർഷത്തിനു ശേഷം ബിർള ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കേരളത്തിലേയ്ക്കു വീണ്ടുമെത്തി.
കെ കെ ബിർള ഫൗണ്ടേഷൻ ഡയറക്ടറും കവിയുമായ ഡോ. സുരേഷ് ഋതുപർണയുടെ സാന്നിധ്യത്തിൽ ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗജോയിൽ നിന്നു പ്രഭാവർമ്മ സരസ്വതി സമ്മാൻ ഏറ്റുവാങ്ങി. സാഹിത്യ പോഷണത്തിന്റെ ഭാഗമായി ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്ക് ഓരോ വർഷവും നൽകിവരുന്ന സരസ്വതി സമ്മാൻ രാജ്യത്തെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നാണ്.
മികച്ച ഗാനരചയിതാവിനുള്ള ദേശീയ‑സംസ്ഥാന പുരസ്കാരങ്ങൾ നേടുമ്പോൾ തന്നെയാണ് കേന്ദ്ര‑കേരള സാഹിത്യ അക്കാദമി അവാർഡുകളുമായെത്തുന്ന കാവ്യങ്ങളും പ്രഭാവർമ്മ എഴുതുന്നത്. അദ്ദേഹത്തിന്റെ പ്രഥമ ഇംഗ്ളീഷ് നോവൽ ‘After the After­math’ വായനക്കാരുടെ കൈകളിലെത്തി അധികം നാളുകൾ കഴിയും മുമ്പെ, ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളുടെ മലയാള പുസ്തകം, ‘ഷേക്സ്പിയറും വൈലോപ്പിള്ളിയും’ പ്രസിദ്ധീകരിക്കപ്പെട്ടു. 

എഴുത്തിൽ അര നൂറ്റാണ്ട് പിന്നിട്ട പ്രഭാവർമ്മ സംസാരിക്കുന്നു…

സഹജ പ്രകൃതത്തിൽ നിന്നുണ്ടായത്
*******************
കവിതാ സമാഹാരങ്ങളായ ‘സൗപർണിക’യും, ‘അർക്കപൂർണിമ’യും, ‘ചന്ദനനാഴി‘യും, കാവ്യാഖ്യായികകളായ ‘ശ്യാമമാധവ’വും, ‘കനൽച്ചിലമ്പും’, ഇപ്പോൾ സരസ്വതി സമ്മാനം നേടിയ ‘രൗദ്രസാത്വിക’വും, അതിനു ശേഷം നാനൂറിൽപരം കവിതകളുള്ള ‘പ്രഭാവർമ്മയുടെ കവിതകൾ’ എന്ന സമാഹാരവും ഇറങ്ങി. ഇവയിലൂടെ കണ്ണോടിക്കുമ്പോൾ ഞാൻ ‘ഒരു എന്നെ‘യല്ല, ‘പല എന്നെ‘യാണ് കാണുന്നത്. ആ എന്നിലൂടെയുള്ള സഞ്ചാരത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ഞാൻ എന്ന തോന്നലുമുണ്ട്. ‘I con­tain mul­ti­tudes’ എന്ന ഒരു തോന്നൽ. പ്രമേയപരമായ പൊരുത്തങ്ങളോ പൊരുത്തക്കേടുകളോ എന്റെ ഉത്കണ്ഠയല്ല. മനസു വിങ്ങിയാൽ തേങ്ങിപ്പോവില്ലേ? അത്രമേൽ സ്വാഭാവികമായാണ് ഈ കവിതകൾ ഉണ്ടായിട്ടുള്ളത്. അതിലെ പ്രമേയം സഹജ പ്രകൃതത്തിൽ നിന്നുണ്ടായവയാണ്. ഞാൻ അതിനെ യുക്തിയുടെ ഉരകല്ലിൽ ഉരച്ചുനോക്കാറില്ല. കവിതയെ അങ്ങനെ പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. ‘അറിവിൻ വെളിച്ചമേ ദൂരെപ്പോ, ദൂരെപ്പോ, നീ വെറുതേ സൗന്ദര്യത്തെ കാണുന്ന കൺ പൊട്ടിച്ചു’ എന്നല്ലേ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ! സൗന്ദര്യത്തെ കാണുന്ന കണ്ണ്, അറിവിൻ വെളിച്ചം വന്നു കുത്തിപ്പൊട്ടിച്ചാലോ? അതുകൊണ്ടാണു കവിതയിൽ യുക്തിയെ മാറ്റിനിർത്തുന്നത്. 

കവിതയെ പരിമിതപ്പെടുത്തിയിട്ടില്ല
*************************
ആദ്യമൊക്കെ രചനാപരമായ ഊന്നൽ രൂപത്തിലായിരുന്നു. പിന്നെ, അനുക്രമമായി ഭാവപരതയിലേക്കു മാറി. അതാവട്ടെ, രൂപപരതയിൽ അബോധപൂർവമായാണെങ്കിലും സഹജാവബോധത്താലെന്നോണം ശ്രദ്ധിച്ചുകൊണ്ടു തന്നെയായിരുന്നുതാനും. മനസിന്റെ പരിപാകത്തിന്റെ ഗ്രാഫ് കാലാനുസൃതമായി ഉയർന്നതായി ഞാൻ കാണുന്നുണ്ട്. ബൃഹദാഖ്യാനങ്ങളിലേക്കു കടക്കാനുള്ള ആത്മവിശ്വാസം ആർജിച്ചതായും അതു സഫലമായതായും കാണുന്നു. കവിത ബഹുസ്വരമായതായും അടക്കിപ്പിടിക്കലിന്റെ മാജിക് കൂടുതൽ വശമാക്കിയതായും തോന്നുന്നുണ്ട്. സാർവജനീനമായ ഒരു സംവേദനക്ഷമത ആർജിച്ചതായും പ്രമേയ സ്വീകരണത്തിലെ പരിമിതികളെ മറികടന്നതായും തോന്നുന്നുണ്ട്. അധികം എഴുതരുതെന്ന് ആരോ ഉള്ളിൽ ഇരുന്നു വിലക്കുന്നുണ്ട്. എന്നുവരികിലും കവിതയെ ഒന്നുകൊണ്ടും ഞാൻ ഒരു കാലത്തും പരിമിതപ്പെടുത്തിയിട്ടില്ല. പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങളെന്താവും എന്ന് ആലോചിച്ചു കവിതയെ ഒരിക്കലും ഒതുക്കിയിട്ടിട്ടുമില്ല. 

ഒഎൻവി പറഞ്ഞത്
*********************
എണ്ണിയാലൊടുങ്ങാത്തത്ര ജീവി വംശങ്ങൾ ഉണ്ടെങ്കിലും ലോകഗതിയെ മാറ്റിമറിക്കാനുള്ള ശേഷിയോടു കൂടി പിറക്കുന്ന ജീവി ഒന്നേയുള്ളു; അതു മനുഷ്യ ജീവിയാണ്. ഇതിൽ പെടുന്ന ഓരോ വ്യക്തിയിലും ജന്മനാൽ തന്നെ കവിതയുടെ കനൽക്കണം പ്രകൃതി ചേർത്തുവെച്ചിട്ടുണ്ടെന്നാണ് എന്റെ പക്ഷം. ചിലർ ഇതിനെ അതേപടി നിലനിർത്തുന്നു; അവർ സഹൃദയരാവുന്നു. ചിലർ ഈ കനൽക്കണങ്ങളെ ഊതിത്തെളിച്ചു ജ്വാലയാക്കുന്നു; അവർ കവികളാവുന്നു. ഇനിയും ചിലർ കനൽക്കണത്തെത്തന്നെ അണച്ചു കളയുന്നു; അവർ അരസികരാവുന്നു. പ്രഭാവർമ്മ ജന്മനാ കവിയാണെന്ന് ജ്ഞാനപീഠജേതാവായ ഒഎൻവി സാര്‍ ഒരിക്കൽ പറഞ്ഞത്, കവിത അത്രമേൽ സ്വാഭാവികമായിരിക്കുന്നു എനിയ്ക്ക് എന്ന അർത്ഥത്തിലാവണം; കവിയല്ലാതാവാൻ കഴിയാത്തയാളാണ് എന്ന അർത്ഥത്തിലാവണം. അത് എന്റെ മനസ് കവിതയിലൂടെ ഒഎൻവി സാർ അറിഞ്ഞതുകൊണ്ടാകണം. 

സമാന്തര ജീവിതം
****************
കവിയും, മാധ്യമ പ്രവർത്തകനും, ടെലിവിഷൻ അവതാരകനും, ചലച്ചിത്ര‑നാടക ഗാനരചയിതാവും, സർക്കാർ ഉപദേഷ്ടാവുമൊക്കെ ഒരുമിച്ചാകുന്നതിൽ അസ്വാഭാവികമായൊന്നുമില്ല. ഒന്ന് ജീവിക്കാനുള്ള വഴി; മറ്റൊന്ന് അതിജീവിക്കാനുള്ള വഴി! ലോകത്ത് ഒരു കവിയും കവിത എഴുതുക എന്നതിൽ മാത്രമായി ഒതുങ്ങുന്നില്ലല്ലൊ. ഒരു സമാന്തര ജീവിതം നിലനിർത്താൻ ഞാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതം കവി എന്ന നിലയ്ക്കുള്ളത്. സമാന്തര ജീവിതം ആ കവിയെ ഈ ശരീരത്തിൽ നിലനിർത്താനുള്ളത്. ‘കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മണ്ണിൽ’ എന്നു വൈലോപ്പിള്ളി പാടിയില്ലേ; അതുപോലെ!
കവിതയുടെ ജീവിതം സമാന്തരമായി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഈ ജീവിതത്തിൽ നിന്ന് എന്നേ പോകുമായിരുന്നു. ഭൗതിക ജീവിത സാഹചര്യങ്ങൾ പരുഷമോ കഠോരമോ ആവുന്നത് ഒരർത്ഥത്തിൽ കവിതയ്ക്കു ഗുണകരമാണ്; മറ്റൊരു അർത്ഥത്തിൽ ദോഷകരവുമാണ്. മിക്കവാറും എല്ലാ കാലവും മാധ്യമപ്രവർത്തകനായിരുന്നു ഞാൻ. ഒരു സന്ധ്യയുടെ ഭംഗി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള തിരക്കിലായിരുന്നു. അതു കവിതയെ പരിപോഷിപ്പിക്കുന്നതല്ല. 

കവിത ധ്യാനമാണ്
*******************
കവിതയ്ക്ക് ഒരു ധ്യാനം വേണം. ആ ധ്യാനം ഔദ്യോഗിക ജീവിതം എനിക്ക് അനുവദിച്ചു തന്നിട്ടുണ്ട് എന്നു പറയാനാവില്ല. ഇടശേരിയുടെ ഒരു കവിതയുണ്ട്, ‘വഴിക്കുളം.’ കുളത്തിലെ വെള്ളത്തിന്റെ ഏറ്റവും വലിയ സ്വപ്നം ധ്യാനാത്മകമായി നിന്നു സൂര്യബിംബത്തെ പ്രതിഫലിപ്പിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടതു നിശ്ചലാവസ്ഥയാണ്. ആ അവസ്ഥയുടെ അടുത്തെത്തുമ്പോൾ ഒരാൾ വന്നു കുറേ വിഴുപ്പുകൾ ജലാശയത്തിലിട്ടുലയ്ക്കും. ധ്യാനമൂകാവസ്ഥയും സൂര്യസാക്ഷാൽക്കാരവും അതോടെ അസാധ്യമാകും. ഈ പ്രക്രിയ ആവർത്തിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സൂര്യനെ പ്രതിബിംബിപ്പിക്കാൻ വഴിക്കുളത്തിലെ ജലത്തിനു കഴിയില്ല. ഈ ജലമാണ് മാധ്യമപ്രവർത്തകനായ കവിയുടെ മനസ്. എഴുതപ്പെടാതെ പോവുന്ന കവിതകളാവും എഴുതിയതിലുമേറെ. എന്റെ ഔദ്യോഗിക ജീവിതം ഒരിക്കലും സർഗാത്മകതയ്ക്ക് അനുകൂലമായിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ ഇലക്ട്രോണിക് മീഡിയത്തിലായിരുന്നു. അതാകട്ടെ, സർഗാത്മകതയുടെ ഇലക്ട്രിക് ക്രിമറ്റോറിയമാണെന്നു പറയാം. എന്നിട്ടും ഞാൻ ഇത്രയൊക്കെ ചെയ്തു. ഇലക്ട്രോണിക് മീഡിയയിലായിരിക്കെയാണ് ‘ശ്യാമമാധവം’ എഴുതിയത്. സാഹിത്യ ജീവിതത്തിലെ നേട്ടം ഔദ്യോഗിക ജീവിതത്തിൽ കോട്ടമായിട്ടുണ്ടാവും. 

ജനപ്രിയത
************
ജനപ്രിയമാധ്യമം സിനിമയാണെന്നതുകൊണ്ട് അതിലെ പാട്ടുകൾ ജനപ്രിയമാവുന്നു. ‘സ്ഥിതി’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഞാൻ രചിച്ച ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ എന്ന ഗാനം അത് കേട്ടവരെല്ലാം ഏറ്റുപാടി. ‘മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും’ എന്ന കവിത പുതിയ രൂപത്തിൽ അവതരിപ്പിച്ചതാണ് ഈ ഗാനം. ‘കോളാമ്പി‘യിലെ ‘ഓരോരോ നോവിൻ കനലിലും എരിയാനൊരേ നിലാവിൻ തളിരിതളോ…’ എന്നു തുടങ്ങുന്ന വരികൾക്ക് 2020‑ൽ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കവിത ഒരു കാലത്തും അങ്ങനെയായിരുന്നില്ല. ഒരു ചങ്ങമ്പുഴയോ മറ്റോ ഉണ്ടാവുമായിരിക്കും ഈ പൊതുസ്ഥിതിക്ക് അപവാദമായി. കടമ്മനിട്ടയുടെ ‘കുറത്തി’ ജനപ്രിയമായതിനു പിന്നിൽ അതിലെ കവിതയുടെ കരുത്തിനേക്കാൾ മേലെ നിന്ന ആലാപനത്തിന്റെ കരുത്തും, അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലവുമുണ്ടായിരുന്നു. ജനങ്ങളിലേക്കു വേണ്ടപോലെ എത്തുന്നതിൽ പരാജയപ്പെടുന്നുവെങ്കിലതു കവിതയുടെ പരാജയം തന്നെയാണ്.
സംസ്കൃതവൃത്തനിബദ്ധമായ ‘ശ്യാമമാധവം’ പോലൊരു കൃതി ഇക്കാലത്ത് നിരവധി എഡിഷൻ ഇറങ്ങുന്നു എന്നതു കവിതയുടെ സ്വീകാര്യതയെയാണു കുറിക്കുന്നത്. അത്യാധുനിക സാഹിത്യം രണ്ടാമതൊരു എഡിഷൻ അച്ചടിക്കേണ്ടിവരുന്നില്ലെന്ന് ഓർക്കുക. ഗ്രൂപ്പുകളും, ക്ലിക്കുകളും, ഉപജാപക സംഘങ്ങളുമൊന്നും കവിതയെ രക്ഷപ്പെടുത്തുകില്ല. പരസ്പര സഹായങ്ങളും സ്വയം വാഴ്ത്തലുകളും അപകീർത്തിപ്പെടുത്തലുകളും തമസ്ക്കരണങ്ങളുമൊന്നും രക്ഷിക്കില്ല. ജീവിത കാലത്തു കവിക്കു സ്വയം പെരുമ്പറയടിച്ചു നടക്കാം. മരിച്ചു കഴിഞ്ഞാലോ? ആരു പെരുമ്പറ മുഴക്കും? ജീവിച്ചിരിക്കുന്ന കവികൾ വായനക്കാരുടെ മനസിൽ മരിക്കുമ്പോഴും, മരിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞ കവികൾ വായനക്കാരുടെ മനലുകളിൽ ഉയിർത്തെഴുന്നേൽക്കുന്നു. ആരുടെയും ഒരു സഹായവുമില്ലാതെ. ജീവിതകാലത്തു ‘സെലിബ്രേറ്റഡ് പോയറ്റ്സ്’ ആയിരുന്ന പ്രസ്ഥാന നായകർ മരിച്ച് ഒരു വർഷം ആവുമ്പോൾ അനുസ്മരിക്കാൻ ഒരു ചെറു ചടങ്ങുപോലും അവശേഷിപ്പിക്കാതെ മാഞ്ഞുപോവുന്നതും നമ്മൾ കാണുന്നു. കവിതയ്ക്ക് ഒരു അളവുകോലേയുള്ളു. അതു കാലത്തിന്റേതാണ്! 

ഗാനവും കവിതയും തമ്മിൽ
**************************
കവിത ഒരു മഹാസാഗരമാണെങ്കിൽ അതിൽ ചെന്നു ചേരാൻ ഉഴറുന്ന ഒരു പുഴയാണു ഗാനം. പലപ്പോഴും ഗാനത്തിന് ഉദ്ദേശിച്ചിടത്തു ചെന്നുചേരാൻ കഴിയണമെന്നില്ല. പല അണക്കെട്ടുകൾ, പല വഴിതിരിച്ചുവിടലുകൾ ഒക്കെയുണ്ടാവും; പ്രത്യേകിച്ചും ചലച്ചിത്ര ഗാനമാണെങ്കിൽ. കവിത എഴുതുമ്പോൾ കവി സ്വതന്ത്രനാണ്. പാട്ടെഴുതുമ്പോൾ കഥാസന്ദർഭവും സംവിധായകന്റെ കാഴ്ചപ്പാടും മുമ്പേ തന്നെ നിശ്ചയിച്ച ഈണത്തിന്റെ ചട്ടക്കൂടുമൊക്കെ വലിയ പാരതന്ത്ര്യമുണ്ടാക്കും. എങ്കിലും ചില ഗാനങ്ങൾ പരിമിതികളെ കടന്ന്, കഥാസന്ദർഭങ്ങളെ കടന്ന്, സിനിമയെത്തന്നെ മറികടന്നു കാലത്തിനൊപ്പം ഒഴുകുന്നു. 

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.