തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തിയിരിക്കെ മഹാരാഷ‍്ട്രയില്‍ മഹായുതി സഖ്യം പ്രതിസന്ധിയില്‍. എഎന്‍സിപി അജിത് പവാര്‍ വിഭാഗവും ബിജെപിയും തമ്മിലുള്ള ഭിന്നതയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയായിരിക്കുന്നത്. മണിപ്പൂരില്‍ അക്രമം വ്യാപകമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി ഡല്‍ഹിയിലേക്ക് പറന്നതും മഹായുതിക്ക് ക്ഷീണമായി. യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് റാലികളില്‍ ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കുമെന്നും വിഭജിച്ചാല്‍ നശിക്കുമെന്നും ആഹ്വാനം ചെയ‍്തതിനെതിരെ മഹായുതി സഖ്യത്തിലെ അജിത് പവാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. അജിത്തിനെതിരെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രൂക്ഷപ്രതികരണം നടത്തി. നാല് പതിറ്റാണ്ടായി ഹിന്ദുവിരുദ്ധ ശക്തികള്‍ക്കൊപ്പമായിരുന്നെന്നും മതേതരവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്കിടയില്‍ മതേതരത്വം ഇല്ലെന്നും ഫഡ്നാവിസ് ആരോപിച്ചു. ഇതോടെ ഭരണമുന്നണി നേതാക്കള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
തൊഴിലില്ലായ‍്മ, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, പണപ്പെരുപ്പം, കാലാവസ്ഥ പ്രശ‍്നങ്ങള്‍, കുടിവെള്ളം, വൈദ്യുതി അടക്കമുള്ള ജനകീയപ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ മഹായുതി സര്‍ക്കാരിനായിട്ടില്ല. മാത്രമല്ല മഹാവിഘാസ് അഡാഗി സര്‍ക്കാരിനെ മറിച്ചിടാന്‍ എന്‍സിപിയെയും ശിവസേനയെയും ബിജെപി പിളര്‍ത്തിയതിനോടും ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഈ രണ്ട് പാര്‍ട്ടികളുടെയും ഔദ്യോഗിക പദവിയും ചിഹ്നവും ബിജെപി വിമതര്‍ക്ക് അനുവദിച്ചുകൊടുക്കുകയും ചെയ‍്തു. ജനം ഇതിനെല്ലാം എതിരായിരുന്നത് കൊണ്ട് ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികള്‍ക്കും വലിയ തിരിച്ചടിയുണ്ടായി. 288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
നാഗ‍്പൂര്‍ സൗത്ത് വെസ‍്റ്റ് മണ്ഡലത്തില്‍ നിന്ന് ആറാം തവണയും ജനവിധി തേടുന്ന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ‍്നാവിസിനെതിരെ മണ്ഡലത്തില്‍ ജനവികാരം ശക്തമാണ്. റോഡുകള്‍ താറുമാറായി, കുടിവെള്ള വിതരണം കാര്യക്ഷമമല്ല, പവര്‍ കട്ട്, ശുചീകരണ പ്രശ‍്നങ്ങള്‍, തെരുവ‍്നായ ശല്യം, ദേശീയ പാത 44ന് വേണ്ടി കുടിയൊഴിപ്പിച്ച 18 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയോ, നഷ‍്ടപരിഹാരം നല്‍കുകയോ ചെയ‍്തില്ല തുടങ്ങിയ നിരവധി കാര്യങ്ങളാണ് മണ്ഡലത്തിലുള്ളവര്‍ ആരോപിക്കുന്നത്. ദേശീയപാതയ‍്ക്ക് വേണ്ടി കുടിയിറക്കിയവരില്‍ ബിജെപിക്കാരുമുണ്ട്.
എംഎല്‍എയെ നേരില്‍ കാണാന്‍ പറ്റിയിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചെന്നും സുനിത കൊസാരെ എന്ന ബിജെപി പ്രവര്‍ത്തക പറയുന്നു. മഹാവികാസ് അഘാഡി (എംവിഎ) സഖ്യമാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ മുന്നേറ്റം നടത്തി. രണ്ട് സഖ്യത്തിലെയും പാര്‍ട്ടികളെല്ലാം വിമത സ്ഥാനാര്‍ത്ഥികളുടെ ശല്യം നേരിടുന്നുണ്ട്. ഇവരുടെ പത്രികകള്‍ പിന്‍വലിക്കാന്‍ ഇരുവിഭാഗവും ശ്രമിച്ചെങ്കിലും ഫലവത്തായില്ല. മറാത്താ സംവരണ നേതാവ് മനോജ് ജാരംഗെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതിലൂടെ ആര്‍ക്കായിരിക്കും ഗുണം ലഭിക്കുകയെന്നും വ്യക്തമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.