3 December 2024, Tuesday
KSFE Galaxy Chits Banner 2

ജുഡീഷ്യറിയും അഴിമതിമുക്തമാകണം

Janayugom Webdesk
November 21, 2024 4:00 am

നമ്മുടെ സമൂഹം പരിപൂർണമായും ഒരു സിവില്‍സൊസൈറ്റി ആയിത്തീരണമെങ്കിൽ, ജുഡീഷ്യറിയും നിയമവ്യവസ്ഥയും അഴിമതി വിമുക്തമാകണം. ജനാധിപത്യ വ്യവസ്ഥയിലെ സ്വതന്ത്രമായ ഒരു സംവിധാനമാണ് ജുഡീഷ്യറി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൈക്കൂലിക്കും സ്വാധീനത്തിനും വശംവദമാകാത്ത നീതീപൂർവകമായ വ്യവസ്ഥയായിരിക്കണം ജുഡീഷ്യറി എന്നാണ് നമ്മുടെ ജനാധിപത്യ സങ്കല്പം. എന്നാൽ ഇന്ത്യയിലെ ന്യായാധിപന്മാരിൽ ഒരു ന്യൂനപക്ഷം ഇന്നും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിടിയിൽ അമർന്നിരിക്കുകയാണ്. ഇതിന് കൂച്ചുവിലങ്ങിടാതെ ഈ വ്യവസ്ഥയ്ക്ക് സുഗമമായി മുമ്പോട്ട് പോകാൻ കഴിയില്ല.

ജനാധിപത്യം സക്ഷാത്കരിക്കപ്പെടണമെങ്കിൽ, അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരെ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന നിയമങ്ങളും കോടതികളും ഇന്ത്യയിൽ സ്ഥാപിക്കപ്പെടണം. അതിന് അടിയന്തരമായും സർക്കാർ ആവശ്യമായ നിയമ നിർമ്മാണ നടപടികൾ കൈക്കൊള്ളണം. അഴിമതിക്കാരായ ന്യായാധിപരെ സംരക്ഷിക്കേണ്ട ചുമതലയും ബാധ്യതയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്കില്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ, ജുഡീഷ്യറി മാത്രം മാറാതിരിക്കേണ്ട ആവശ്യമില്ല. അത്തരമൊരു കുത്തക ജുഡീഷ്യറിക്ക് മാത്രം അനുവദിച്ചുകൊടുക്കേണ്ട ആവശ്യമില്ല. ജനാധിപത്യത്തിൽ ചോദ്യം ചെയ്യപ്പെടാത്തവരായോ വിമർശിക്കപ്പെടാത്തവരായോ ആരും തന്നെയില്ല എന്ന് മനസിലാക്കപ്പെടേണ്ടതുണ്ട്. നിഗൂഢമാക്കി വച്ചിരിക്കുന്ന എല്ലാ അധികാര ബിംബങ്ങളും സുതാര്യമാക്കേണ്ടതും തുറന്നുകാട്ടപ്പെടേണ്ടതും ജനാധിപത്യവ്യവസ്ഥയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യമാണ്. വിവരാവകാശ നിയമം പാസാക്കപ്പെടാമെങ്കിൽ, അഴിമതിക്കാരായ ന്യായാധിപരെ വിചാരണ ചെയ്യുന്ന കോടതികളും നിയമങ്ങളും എന്തുകൊണ്ട് പാസാക്കപ്പെട്ടുകൂടാ.

ജനാധിപത്യ വ്യവസ്ഥയും ജുഡീഷ്യറിയും കൂടുതൽ സുതാര്യമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനങ്ങൾ മാത്രമല്ല, ന്യായാധിപരും നിയമത്തെ ഭയപ്പെടുന്ന കാലാവസ്ഥയിലേ, ജനാധിപത്യവ്യവസ്ഥ പരിപൂർണമായും സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിലെല്ലാം, അഴിമതിക്കാരായ ജുഡീഷ്യൽ ഓഫിസര്‍മാരെ വിചാരണ ചെയ്യുന്ന നിയമങ്ങളും പ്രത്യേക കോടതികളുമുണ്ട്. നമ്മൾ മാത്രം അക്കാര്യത്തിൽ, എന്തിന് അപരിഷ്കൃതരായി തുടരണം എന്ന് ഊർ‌ജിതമായി ചിന്തിക്കാൻ സമയമായിരിക്കുന്നു. ജുഡീഷ്യറിയിലെ അഴിമതി കണ്ട് അഭിഭാഷകരും അഡ്വക്കേറ്റ് ക്ലാർക്കുമാരും കക്ഷികളും ജനങ്ങളും നിസഹായരായിപ്പോകാറുണ്ട്. ഈ അവസ്ഥയ്ക്ക് ഒരു അറുതി വരുത്തണം. അതിന് അമേരിക്കയിലെപ്പോലെ അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരെ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന നിയമങ്ങളും പ്രത്യേക കോടതികളും സ്ഥാപിക്കേണ്ടതുണ്ട്. ഈ വ്യവസ്ഥ കൂടുതൽ സുതാര്യമാക്കുന്നതിനെ ഭയപ്പെടുന്നത് അഴിമതിക്കാരായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ.

അഡ്വ. പാവുമ്പ സഹദേവൻ

തഴവ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.