5 March 2024, Tuesday

Related news

March 3, 2024
February 8, 2024
December 18, 2023
December 11, 2023
December 10, 2023
December 9, 2023
November 5, 2023
September 21, 2023
August 24, 2023
August 22, 2023

ജനദ്രോഹ ഭരണകൂടത്തിനെതിരെ അവസാന പ്രതീക്ഷ ജുഡീഷ്യറി: ഡി രാജ

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 5, 2023 11:04 pm

ജനങ്ങളെ പരിഗണിക്കാത്ത ഭരണകൂടത്തിനെതിരെ അവസാനത്തെ പ്രതീക്ഷയാണ് ജുഡീഷ്യറിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഭരണഘടന തന്നെ വേണ്ടെന്ന് പറയുകയും ഭരണഘടന വിഭാവനം ചെയ്യുന്നവയെയെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജുഡീഷ്യറി ഉത്തരവാദിത്തം നിര്‍വഹിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ‘പൗരന്മാരുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറിയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അധികാരങ്ങള്‍ പിടിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ മറികടന്ന്, പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നതായിരുന്നു പൗരത്വ ഭേദഗതി നിയമം. അതില്‍ ജൂഡീഷ്യറി മിണ്ടിയില്ല. ബില്‍കീസ് ബാനു കേസില്‍ പ്രതികളെ സ്വതന്ത്രരാക്കിയത് ജുഡീഷ്യറിയാണ്. സ്വവര്‍ഗ വിവാഹം എന്ന വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍ പന്ത് സര്‍ക്കാരിന് കൈമാറുകയാണ് കോടതി ചെയ്തത്.
വിചാരണത്തടവുകാരായി വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. പൊലീസ് കെട്ടിപ്പൊക്കുന്ന വാദങ്ങളെ ചോദ്യം ചെയ്യാന്‍ കഴിവോ പണമോ ഇല്ലാതെ ജയിലില്‍ കഴിയുന്നു. പ്രധാനമന്ത്രിക്കും നിലവിലുള്ള ഭരണകൂടത്തിനുമെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ദുരുപയോഗിക്കുന്നു. ഇതിനെതിരെ കോടതികള്‍ മിണ്ടുന്നില്ല.

ഇലക്ടറല്‍ ബോണ്ട് വിഷയത്തിലും ഇതാണ് സ്ഥിതി. അജ്ഞാതമായി ഫണ്ട് സ്വീകരിക്കാനുള്ള സംവിധാനത്തിലൂടെ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയത് ബിജെപിയാണ്. അവരാണ് കൂടുതല്‍ ധനികരായ പാര്‍ട്ടി. ഈ വിഷയങ്ങളിലെല്ലാം ജുഡീഷ്യറി റോള്‍ ഏറ്റെടുക്കേണ്ടതായിരുന്നു. ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് എന്താണ് പ്രതീക്ഷയെന്ന് ഡി രാജ ചോദിച്ചു. ജുഡീഷ്യറിയില്‍ സാമൂഹ്യപ്രാതിനിധ്യം ഉണ്ടാകേണ്ടത് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിരമിച്ചതിന്റെ പിറ്റേന്ന് സര്‍ക്കാരിന്റെ ഭാഗമാകുന്ന ജഡ്ജിമാരുണ്ട്. അതുകൊണ്ടാണ് ജഡ്ജിമാര്‍ വിരമിച്ച ശേഷം സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കൂളിങ് പിരീഡ് വേണമെന്ന ആവശ്യം ഉയരുന്നത്. അഞ്ച് വര്‍ഷമോ അതിലധികമോ, എത്ര വേണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും ഡി രാജ പറഞ്ഞു.

ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയന്ത്രിക്കാത്തത് എന്തുകൊണ്ടെന്ന് ഡി രാജ

ഗവര്‍ണര്‍ എന്ന പദവി ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റും മുഖ്യമന്ത്രിയും ഉള്ളപ്പോള്‍ എന്തിനാണ് ഗവര്‍ണര്‍ എന്ന പദവി? രാജ്യത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്നവരെയാണ് രാഷ്ട്രപതി ഗവര്‍ണര്‍മാരായി നിയമിക്കുന്നത്. എല്ലാ അധികാരങ്ങളും ഉണ്ടെന്ന് ധരിക്കുന്നവരാണ് ചില ഗവര്‍ണര്‍മാര്‍.

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നവര്‍ ഭരണഘടനയെ ബഹുമാനിച്ച് വേണം സംസാരിക്കാന്‍. എന്നാല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രപതി അനുവാദം കൊടുക്കുന്നത് എന്തുകൊണ്ടാണെന്നും ഡി രാജ ചോദിച്ചു.

Eng­lish Summary:Judiciary last hope against anti-peo­ple rule: D Raja

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.