22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024

ചരിത്ര ബോധവും സമരാവേശവും പകര്‍ന്ന തൊഴിലാളി ക്യാമ്പ്

ആർ അനിൽകുമാർ
സെക്രട്ടറി,കെഎംസിഡബ്ല്യുഎഫ് (എഐടിയുസി)
November 20, 2024 11:11 pm

ഒട്ടേറെ അവകാശ സമര പോരാട്ടങ്ങളിലൂടെ ജനമനസിൽ ഇടം പിടിച്ച നഗര ശുചീകരണ തൊഴിലാളികളുടെ സംഘടനയാണ് 1952 ൽ രൂപീകൃതമായ കേരളാ സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി). സംഘടനയുടെ നേതൃത്വത്തിൽ നവംബർ 9, 10 തീയതികളിലായി നടന്ന വാഗമൺ ലീഡേഴ്സ് ക്യാമ്പ് ഏറെ ശ്രദ്ധേയവും പുതിയ തലമുറയ്ക്ക് അറിവ് പകർന്ന് നൽകുന്നതുമായി.

ജനാധിപത്യ ഭരണകൂടങ്ങൾ കരം ഒടുക്കുന്നവർക്ക് മാത്രം വോട്ടവകാശം നൽകിയിരുന്ന കാലത്ത് മനുഷ്യവിസർജ്യം പാട്ടകളിലാക്കി തലയിൽ ചുമന്ന് അത് വലിയ വീപ്പകളിലേക്ക് പകർന്നവരായിരുന്നു ശുചീകരണത്തൊഴിലാളികൾ. മനുഷ്യവാസം ഇല്ലാത്ത ‘തീട്ടപ്പറമ്പ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇടങ്ങളിൽ അവർ മനുഷ്യവിസർജ്യം കുഴിവെട്ടി മൂടി. ജോലി ചെയ്താൽ കൂലിവാങ്ങാൻ നഗരസഭാ അങ്കണത്തിൽ പ്രവേശിക്കാൻ അവർക്ക് അനുമതിയില്ല. പൊതുവഴിയിൽ സഞ്ചാര സ്വാതന്ത്ര്യമില്ല, പണം കൊടുത്താൽ പോലും ചായപ്പീടികയിൽ നിന്ന് ചായ വാങ്ങി കുടിക്കാനും അനുമതിയില്ല. അവരുടെതല്ലാത്ത കുറ്റം കൊണ്ട് അറപ്പോടും വെറുപ്പോടും ആട്ടിയകറ്റപ്പെട്ടവർ.

അവരെ സംഘടിപ്പിക്കുക, സംഘബോധം ഉണർത്തുക എന്ന ഏറെ ക്ലേശകരമായ ദൗത്യം ഏറ്റെടുത്ത പൂർവസൂരികളെല്ലാം തന്നെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എങ്കിലും അവർ നേതൃത്വം കൊടുത്ത് രൂപം കൊടുത്ത സംഘടന കേരളത്തിൽ അജയ്യ ശക്തിയായി വർഗ പോരാട്ടത്തിലുടെ നേടിയെടുത്ത നേട്ടങ്ങൾ എണ്ണി പറഞ്ഞും, പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സജ്ജമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതുമായിരുന്നു വാഗമണ്ണിലെ സംസ്ഥാന ലീഡേഴ്സ് ക്യാമ്പ്.

കോടമഞ്ഞിന്റെ തണുത്ത അന്തരീക്ഷത്തിൽ ക്യാമ്പിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി. ഹ്രസ്വമായ സംഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടകനായ ദേശീയ സെക്രട്ടറിക്കും മുഖ്യ പ്രാസംഗികനായ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസിനും വഴി മാറിക്കൊടുത്തു. ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുബ്രറായിഡു രാജ്യത്ത് ആകമാനം നഗര പ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ദുരിത പൂർണമായ അവസ്ഥ വരച്ചുകാട്ടി. ദേശീയ തലത്തിൽ തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടത്തിനാണ് സംഘടന ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യപ്രഭാഷണം നടത്തിയ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്ന് അഭിപ്രായപ്പെട്ടു. 1926ലെ ട്രേഡ് യൂണിയൻ നിയമത്തിലെ തൊഴിലവകാശ സംരക്ഷണം പോലും ഇല്ലാതാക്കി കരാർവൽക്കരണത്തിലൂടെ തൊഴിലവകാശങ്ങൾ കവർന്നെടുക്കാനുള്ള പരിശ്രമത്തിലാണ് കുത്തക കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി ഭരണം മുന്നോട്ടുപോകുന്നത് എന്ന് ചൂണ്ടിക്കാട്ടി.

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി രഞ്ജിത്ത് എഴുതിത്തയ്യാറാക്കിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 2005ൽ 52 നഗരസഭകളും അഞ്ച് കോർപ്പറേഷനുകളും ഉണ്ടായിരുന്ന കേരളത്തിൽ 12,000 തൊഴിലാളികൾ പണിയെടുത്തിരുന്നുവെങ്കിൽ 87 നഗരസഭകളും ആറ് കോർപ്പറേഷനുകളും ആയി വർധിച്ചപ്പോൾ തൊഴിലാളികളുടെ എണ്ണം അയ്യായിരത്തോളമായി ചുരുങ്ങി. യന്ത്രവല്‍ക്കരണത്തിന്റെ പേരുപറഞ്ഞ് തൊഴിലാളികളെ നിശബ്ദരാക്കുന്നവർ വേറെ പേരുകളിൽ സ്ഥിരത ഇല്ലാത്ത ഒരു വിഭാഗം തൊഴിലാളികളെ സൃഷ്ടിക്കുകയാണ്. വർഷങ്ങളായി ദിവസ വേതനക്കാരായി ഒരു സുരക്ഷിതത്വവും ഇല്ലാതെ തൊഴിൽ ചെയ്ത് പോരുന്ന അനേകം തൊഴിലാളികൾ വിവിധ നഗരസഭകളിലും കോർപ്പറേഷനുകളിലുമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിച്ചു.

നവംബർ 10ന് സംസ്ഥാന പ്രസിഡന്റിന്റെ ക്ലാസ് മികച്ച അനുഭവമാണ് നല്‍കിയത്. സംഘടനയുടെ സ്ഥാപക സെക്രട്ടറി വി എൽ തോമസിനെ കുറിച്ചും, പ്രസിഡന്റ് ജുബ്ബാരാമകൃഷ്ണപിള്ളയെക്കുറിച്ചും കൊച്ചിയിലെ നേതാവ് റോക്ക്സ് ഫെർണാണ്ടസിനെക്കുറിച്ചും എം എം ലോറൻസിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. തൃശൂരിലെ കെ കെ വാര്യര്‍, പി വി കൃഷ്ണൻകുട്ടി, കോഴിക്കോട്ടെ ടി കെ കരുണന്‍, എച്ച് മഞ്ജുനാഥറാവു, സ്വാമി അണ്ണൻ എന്ന് എല്ലാവരും സ്നേഹവാത്സല്യത്തോടെ വിളിച്ചുപോന്ന ആലപ്പുഴയിലെ സ്വാമി പത്മനാഭന്‍ എന്നിവരെക്കുറിച്ചും കെജിയുടെ ഓർമ്മപ്പെടുത്തലുകൾ ശ്രദ്ധേയമായി.

വാഗമൺ വഴിക്കടവിൽ എം കണ്ണദാസ് നഗറിൽ മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുബ്രറായിഡു ഉദ്ഘാടനം ചെയ്ത ക്യാമ്പ് നഗരശുചീകരണ തൊഴിലാളികൾക്ക് ആശയും ആവേശവും പകർന്നുകൊണ്ടാണ് പര്യവസാനിച്ചത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും മൂന്നാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) സ്നേഹോപഹാരങ്ങൾ നൽകി. എല്ലാവർക്കും ഒരുമിച്ച് താമസിക്കാനും ക്യാമ്പിന്റെ സായാഹ്നങ്ങൾ സന്തോഷങ്ങളും കലാപ്രകടനങ്ങൾ പങ്കുവയ്ക്കാനും പരിചയപ്പെടലുകളുടെയും സൗഹൃദ സദസുകളുടെയും വേദിയായി മാറി.

പങ്കെടുത്ത 105 പേരിൽ 12 പേരൊഴികെ എല്ലാവരും തൊഴിലാളികളായിരുന്നു എന്ന സവിശേഷതയും ക്യാമ്പിനെ വേറിട്ട് നിർത്തി. കെ സുരേഷ് (കൊച്ചി ) ക്യാമ്പ് ഡയറക്ടറും പി ടി ബിജു (കൊടുങ്ങല്ലൂർ) ക്യാമ്പ് ലീഡറുമായിരുന്നു. സംഘാടക സമിതി ചെയർമാൻ ഇ കെ മുജിബ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എം ജി ശേഖരൻ സ്വാഗതം ആശംസിച്ചു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കെ ബി ഹനീഫ, കെ എ നവാസ്, ആർ അനിൽകുമാർ, പി എസ് നായിഡു, കെ സുരേഷ്, കെ മഹേശ്വരി, പി ഇ ഇസ്മയിൽ എന്നിവർ അഭിവാദ്യം ചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്റെ അഭിവാദ്യസന്ദേശം വായിച്ചു.

മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, സംഘടന സമർപ്പിച്ചിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച അടിയന്തിരമായി ആരംഭിക്കുക, ശമ്പള പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുക, ഡിഎ കുടിശിക നൽകുക, വർഷങ്ങളായി ദിവസ വേതനത്തിൽ തൊഴിൽ ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഒഴിവുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം അംഗീകരിച്ചാണ് ക്യാമ്പ് പര്യവസാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.