വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടൽ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. ഇരകളാക്കപ്പെട്ടവർ, സംഭവിച്ച നാശത്തിന്റെ വ്യാപ്തി എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അത് വലുതുതന്നെ. അതുകൊണ്ട് ദുരന്തം നടന്ന വേളയിലും പിന്നീട് അതിജീവനശ്രമങ്ങളിലും നാടൊന്നാകെയാണ് കൈകോർത്തത്. ആൾനാശത്തിന്റെയും വസ്തുനാശത്തിന്റെയും കണക്കുകൾ നമുക്കിന്ന് കാണാപ്പാഠം പോലെയുമാണ്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ദുരന്തത്തില്‍, കെട്ടുകാഴ്ചകൾക്കപ്പുറം സഹായിക്കുന്നതിനായി ഒന്നും ചെയ്തിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ മന്ത്രാലയ ഉന്നതതല സംഘവും ദുരിത ബാധിത മേഖലകൾ സന്ദർശിച്ച് ഫോട്ടോഷൂട്ടും പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും പ്രത്യേക ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. അതുസംബന്ധിച്ച വിവാദം കൊഴുക്കുകയാണ് ഇപ്പോൾ. വസ്തുതകൾ മറച്ചുവയ്ക്കാൻ ദുരന്തത്തിന് മീതെ നുണകളുടെ ഉരുൾപൊട്ടൽ തീർക്കുകയാണവർ. അവിടെ ഒന്നുമവശേഷിച്ചില്ലെന്ന് ചെന്ന് കണ്ടവർക്കും മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞവർക്കും ബോധ്യമുള്ളതാണ്. എന്നാൽ അത്രയും രൂക്ഷമായ ദുരന്തമായിട്ടും ഒരു നയാപൈസ പോലും അധിക ധനസഹായം നൽകാതെ കടുത്തവഞ്ചനയും അവഗണനയും കാട്ടുകയാണ് കേന്ദ്ര സർക്കാർ.
ധനസഹായം ലഭിച്ചില്ലെന്ന് മാത്രമല്ല ഒരു നാടൊഴുകിപ്പോയി എന്ന പ്രസ്താവനയെപ്പോലും അപഹസിക്കുന്ന പരാമർശം ബിജെപിയുടെ ഉന്നതരിൽ നിന്നുണ്ടായി. ഇപ്പോൾ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഗാന്ധി വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തോട് സാമ്യപ്പെടുത്താവുന്ന അഭിപ്രായ പ്രകടനമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനിൽ നിന്നുണ്ടായത്. ഒരു നാടൊഴുകിപ്പോയി എന്ന് പറയരുതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകളെ മാത്രമാണ് ബാധിച്ചതെന്നും അതിന് നാടൊഴുകിയെന്ന് പറയരുതെന്നുമായിരുന്നു പരിഹാസം. സ്വന്തം നാടിനെയും അതിന്റെ വീഴ്ചകളെയും പരിഹസിക്കുന്ന ഇത്തരം ജീവിവർഗത്തെ ലോകചരിത്രത്തിൽ കാണാനാവില്ല.
സാധാരണക്കാർക്ക് മനസിലാകാത്ത ചില സംജ്ഞകളും കണക്കുകളും നിരത്തിയാണ് ബിജെപി നേതാക്കൾ കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണന ന്യായീകരിക്കുവാൻ ശ്രമിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി (സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്-എസ്ഡിആർഎഫ്) യിൽ നിന്ന് ലഭിച്ച സഹായത്തിന്റെ കണക്കുകൾ കാണിച്ചാണ് ഉരുൾപൊട്ടൽ ദുരന്തത്തെ സഹായിച്ചു എന്ന് സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാരും സംസ്ഥാനത്തുനിന്നുള്ള ബിജെപി മന്ത്രിമാരും നേതാക്കളും കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നത്. എസ്ഡിആർഎഫിന്റെ കണക്ക് നിരത്തുന്നവർ ദേശീയ ദുരന്ത പ്രതികരണ നിധി (നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് — എൻഡിആർഎഫ്) യെ കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുന്നുവെന്നതിൽ നിന്ന് അവർ വസ്തുതകൾ അറിയാത്തവരല്ലെന്നും ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വ്യക്തമാണ്. രാജ്യത്തെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ധനസമാഹരണവും സഹായവും നിർവഹിക്കുന്ന സംവിധാനങ്ങളാണ് ഇവ രണ്ടും.
വീഴ്ചകൾ മറച്ചുവയ്ക്കാൻ എസ്ഡിആർഎഫ് വിഹിതത്തെ കൂട്ടുപിടിക്കുന്നവർ അത് കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന ധാരണ സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അവിടെയാണ് കണക്കുകൾ വസ്തുതാവിരുദ്ധമാകുന്നത്. 2005ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ദുരന്തങ്ങൾ നേരിടുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനും പുനരധിവാസവും ധനസഹായവും നൽകുന്നതിനുമുള്ള വ്യവസ്ഥാപിത സംവിധാനങ്ങൾ ഉണ്ടായത്. പ്രസ്തുത നിയമനിർമ്മാണത്തിലേക്കെത്തിയത് ഐക്യരാഷ്ട്രസഭയുൾപ്പെടെ ആഗോള സംഘടനകളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലുമായിരുന്നു.
ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുകയും പുതിയ കാലാവസ്ഥാ പ്രവണതകളും പ്രതിഭാസങ്ങളും ദൃശ്യമാകുകയും ചെയ്തത് ഭൂമിക്കും ജീവിവർഗങ്ങൾക്കും വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്തങ്ങൾ ഇല്ലാതാക്കുന്നതിനും ലഘൂകരിക്കുന്നതിനും സംഭവിച്ചുകഴിഞ്ഞ ശേഷമുള്ള നിവാരണ, പുനരധിവാസ പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അത് സർക്കാരുകൾ ചുമതലയായി ഏറ്റെടുക്കണമെന്നുമുള്ള ചിന്ത ശക്തമായത്. ഇതിന്റെ ഫലമായി ആഗോള കൂട്ടായ്മകളുടെയും ലോകരാജ്യങ്ങളുടെയും വിവിധ സമ്മേളനങ്ങളിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. ദുരന്ത നിവാരണത്തിനായുള്ള വിവിധ ഭരണനടപടികൾ ആവശ്യമാണെന്ന് വിവിധ രാജ്യങ്ങൾക്ക് തോന്നുകയും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുണ്ടാവുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ജീവ — വസ്തു നാശങ്ങളും ഇന്ത്യയിലും ആവർത്തിക്കുന്നത് ഓരോ വർഷവും വർധിച്ചുവന്നു. രാജ്യത്തിന്റെ ഒരിടത്ത് കടുത്ത ചൂട് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ മറ്റിടങ്ങളിൽ ശക്തമായ മഴയും പ്രളയവും നാശം വിതച്ചു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിങ്ങനെ പ്രതിഭാസങ്ങൾ ആവർത്തിക്കപ്പെട്ടു. വലിയ പ്രകൃതി ദുരന്തങ്ങളും ഇടയ്ക്കിടെയുണ്ടായി. 2001ൽ ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ ചില നഗരങ്ങൾ പൂർണമായും തകർന്നടിഞ്ഞു. 20,000ത്തിലധികം ജീവനുകളാണ് അവിടെ മണ്ണിനടിയിലായത്. 2002ൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ നാശമുണ്ടാക്കിയ കൊടും ചൂടനുഭവപ്പെട്ടു. 2004ലാണ് തീരപ്രദേശങ്ങളെ തുടച്ചെടുത്ത സുനാമിയുണ്ടാകുന്നത്. 14 രാജ്യങ്ങളെ ബാധിച്ച സുനാമി ഇന്ത്യയിലും നൂറുകണക്കിന് പേരുടെ ജീവഹാനിക്കും കോടിക്കണക്കിന് രൂപയുടെ നാശത്തിനും കാരണമായി. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ ദുരന്ത നിവാരണ നിയമത്തെ കുറിച്ചുള്ള ആലോചനകളുണ്ടായത്.
ഇതിനിടെ 2005ൽ മഹാരാഷ്ട്രയെയും ഗുജറാത്തിനെയും മുക്കിയ വൻ വെള്ളപ്പൊക്കവുമുണ്ടായി. ആ വർഷമാണ് രാജ്യത്തെ ദുരന്തങ്ങളും അത്യാഹിതങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് (ദുരന്ത നിവാരണ നിയമം) 2005 ലോക്‌സഭ പാസാക്കുന്നത്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.