ഐപിഎല്‍ മെഗാതാരലേലം കഴിഞ്ഞു. മലയാളികളില്‍ നിരവധിപേരും ഉറ്റുനോക്കിയത് രാജസ്ഥാന്‍ റോയല്‍സിലേക്കായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ക്യാപ്റ്റനായെത്തുന്ന ടീമില്‍ പുതുതായിയെത്തുന്നവരാരൊക്കെയാകും? വിദേശ താരങ്ങളില്‍ കരുത്തരായ ആരൊക്കെയെത്തും എന്നതിലായിരുന്നു ആകാംക്ഷ. എന്നാല്‍ താരലേലം കഴിഞ്ഞപ്പോള്‍ ടീം തിരഞ്ഞെടുപ്പില്‍ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. ഈ ടീമിനെ വച്ച് സഞ്ജു എങ്ങനെ കപ്പടിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ദിനം പേസര്‍ ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കിയ ടീം ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്കെയും മഹീഷ് തീക്ഷണയെയും സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ, ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ട്, ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായ യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരെ നിലനിർത്താതെ തഴഞ്ഞവരെയെല്ലാം താരലേലത്തിൽ കോടികൾ നൽകി മറ്റു ടീമുകൾ കൊത്തിക്കൊണ്ടു പോകുമ്പോൾ രാജസ്ഥാന്‍ റോയല്‍സ് നിശബ്ദരായിരുന്നു. കൂടുതല്‍ സന്തുലിതമായ, മാച്ച് വിന്നിങ് ടീമിനെ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ ലേലത്തെ അവര്‍ സമീപിച്ചത്. എന്നാല്‍ ഇതുകൊണ്ടു മാത്രം റോയല്‍സ് സൂപ്പറായെന്ന് ഉറപ്പിക്കാനാകില്ല. ചില പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍ പുതിയ സ്ക്വാഡിനുണ്ട്.
കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ റോയല്‍സ് നിരയില്‍ ജോസ് ബട്‌ലറെന്ന ഏറെ അനുഭവസമ്പത്തുള്ള ഇംഗ്ലീഷ് ബാറ്ററും അവരുടെ ക്യാപ്റ്റനുമായ താരമുണ്ടായിരുന്നു. സഞ്ജുവടക്കമുള്ളവര്‍ ഫ്ലോപ്പായ ചില മത്സരങ്ങളില്‍ ടീമിനെ രക്ഷിച്ചതും ബട്ലറാണ്. എന്നാല്‍ പുതിയ സീസണില്‍ ബട്‌ലര്‍ റോയല്‍സിന്റെ കൂടെയില്ല. പകരക്കാരനായി മറ്റൊരു മികച്ച താരത്തെ വാങ്ങാന്‍ റോയസല്‍സിനു കഴിഞ്ഞിട്ടുമില്ല. 17.35 കോടി രൂപയുമായി രണ്ടാം ദിനം ലേലത്തിെനത്തിയ രാജസ്ഥാൻ, 9 പേരേക്കൂടി സ്വന്തമാക്കി. ഇതിൽ ദക്ഷിണാഫ്രിക്കൻ താരം ക്വേന മഫാക, അഫ്ഗാൻ താരം ഫസൽഹഖ് ഫാറൂഖി എന്നിവരുമുണ്ട്. ആകെ 20 അംഗങ്ങളാണ് ടീമിലുള്ളത്. ഇതിൽ ആറു പേർ വിദേശ താരങ്ങളാണ്. ജോഫ്ര ആര്‍ച്ചര്‍ ഒഴികെ കരുത്തനായ പേസ് ബൗളറില്ല. ഫസല്‍ഹഖ് ഫാറൂഖിയാണ് മാറ്റൊരു താരം. രാജസ്ഥാന്റെ സാധ്യതാ ഇലവനിലേക്ക് വരുമ്പോള്‍ യുവതാരം യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ നിതീഷ് റാണ എത്തുമെന്ന് പ്രതീക്ഷിക്കാം. പിന്നാലെ റയാന്‍ പരാഗും, ധ്രുവ് ജൂറലും. ഷിംറോണ്‍ ഹെറ്റ്‌മെയറാകും ഫിനിഷിങ് റോളിലെത്തുക. ആര്‍ച്ചര്‍ക്കൊപ്പം തുഷാര്‍ ദേശ്‌പാണ്ഡെയോ ആകാശ് മധ്വാളോ ബൗളിങ് ഓപ്പണ്‍ ചെയ്യാനെത്തും. ടോപ്പ് ഫോര്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, നിതീഷ് റാണ ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്ന വേറെ താരങ്ങളില്ല. അറിയപ്പെടാത്ത അണ്‍ക്യാപ്ഡ് യുവതാരങ്ങളാണ് കൂടുതായും റോയല്‍സിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.