ഹൈക്കോടതിയെ വെല്ലുവിളിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സർവകലാശാല വിസിയായി കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫസർ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസാ തോമസിനെയുമാണ് നിയമിച്ചത്. രണ്ട് സർവകലാശാലയിലും വിസി ഇല്ലാതായി ഒരുമാസം തികയുന്ന ദിവസമാണ് നിയമനങ്ങൾ നടത്തിയത്.
സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ പട്ടികയിൽ നിന്നാകണമെന്ന ഹൈക്കോടതി വിധി പരിഗണിക്കാതെയാണ് പട്ടികയിൽ ഉൾപ്പെടാത്ത അധ്യാപകന്‍ ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത്. കെടിയു താൽക്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ച സ്വന്തം നടപടിയിൽ വ്യക്തത തേടി ചാൻസലർ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയെ മാനിക്കാതെയാണ് കെടിയു വിസി നിയമനത്തിലെ ഗവര്‍ണറുടെ നീക്കം.
കെടിയുവിലെ താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണമെന്നും അതാണ് സർവകലാശാല ചട്ടം പറയുന്നതെന്നും നേരത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ട്. ഹൈക്കോടതി മുൻ ഉത്തരവ് സാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ഗവർണറുടെ ആവശ്യം കോടതി നിരസിച്ചത്. സർക്കാരിന്റെയോ സർവകലാശാലയുടെയൊ താല്പര്യം നോക്കാതെ അടുത്തിടെ ആരോഗ്യ സർവകലാശാല വിസിക്ക് നിയമനം നീട്ടി നൽകിയ ഗവര്‍ണറുടെ നടപടിയും വിവാദമായിരുന്നു. സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരുമായി ഒരു വിധ കൂടിയാലോചനയും ഉണ്ടായില്ല. സാങ്കേതിക സർവകലാശാലാ നിയമപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെ മാത്രമേ വൈസ് ചാൻസലർ നിയമനത്തിൽ പരിഗണിക്കാവൂ. ഇന്നലെ ഹൈക്കോടതിയും ഈ മാനദണ്ഡം ഉയർത്തിപ്പിടിച്ചു. സർക്കാർ നിർദേശവും ഹൈക്കോടതി ഉത്തരവിന്റെ അന്തഃസത്തയും നിരാകരിച്ചു കൊണ്ടാണ് ചാൻസലർ പുതിയ നിയമനം നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കാവിവല്‍ക്കരണ അജണ്ടകൾക്ക് ബലം പകരൽ മാത്രമാണ് ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവല്ക്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണ്. ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടുമെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.