വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ സംസ്ഥാനസർക്കാർ സപ്ലിമെന്ററി കൺസെഷൻ കരാറിൽ ഏർപ്പെട്ടതോടെ വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തിൽ 43.80 കോടി രൂപ ലാഭിക്കാനാകും. പഴയ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു അദാനി കമ്പനിക്ക് വിജിഎഫ് വിഹിതമായി സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ, പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ 365.10 കോടി രൂപ നൽകിയാൽമതി. ഇതിൽ 189.90 കോടി രൂപ ഇപ്പോൾ നൽകിയാൽ മതി. ബാക്കി തുക നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് നൽകിയാൽ മതി.
ഭൂമി സമയബന്ധിതമായി ഏറ്റെടുക്കാനാകാത്തതിനാൽ 30 കോടി രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്നതും പുതിയ കരാറിൽ ഒഴിവാക്കി. ആർബിട്രേഷൻ നടപടി പിൻവലിച്ചതും സർക്കാരിന് ഗുണമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാപിതശേഷി വർധിപ്പിക്കൽ പൂർത്തിയാകുന്നതോടെ മൊത്തവരുമാനം 215000 കോടി രൂപയാകുമെന്ന് സാധ്യതാറിപ്പോർട്ട്. 40 വർഷംകൊണ്ട് സംസ്ഥാന സർക്കാരിന് 35000 കോടി രൂപവരെ ലഭിക്കും.
കണ്ടെയ്‌നർ വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും 48000 കോടി ലഭിക്കുമെന്നും കണക്കാക്കുന്നു. പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.കേന്ദ്രസർക്കാർ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് നൽകാനുള്ള വയബിലിറ്റി ഗ്രാന്റ് ഫണ്ടായ (വിജിഎഫ്) 817.80 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് തുറമുഖമന്ത്രി വി എൻ വാസവൻ പറഞ്ഞു.
നേരത്തെ ഈ തുക വായ്‌പയായി നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ തുക തിരിച്ചടക്കേണ്ടി വരുമ്പോൾ സംസ്ഥാനത്തിന് 12000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. കേന്ദ്രധനമന്ത്രാലയത്തിന് കീഴിലുള്ള എംപവേഡ് കമ്മിറ്റിയുടെ ശുപാർശ വിജിഎഫ് ഗ്രാന്റായി നൽകണമെന്നായിരുന്നു. ഇതാണ് പിന്നീട് ധനമന്ത്രാലയം വായ്‌പയാക്കിയത്. കേന്ദ്രത്തിന് മുഖ്യമന്ത്രി നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ തുത്തുക്കുടി തുറമുഖത്തിന് വിജിഎഫ് ഗ്രാന്റായി നൽകിയിട്ടുണ്ട്. കേരളത്തിന് അർഹതയുള്ള വിജിഎഫ് നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.